ഇന്ത്യയുടെ ഗതാഗത സാങ്കേതികവിദ്യയ്ക്ക് പുതിയ ദിശാബോധം നൽകി, രാജ്യത്തെ ആദ്യത്തെ വാണിജ്യ ഡ്രൈവർരഹിത (ഓട്ടോണമസ്) ഇലക്ട്രിക് ഓട്ടോറിക്ഷയായ ‘സ്വയം ഗതി’ പുറത്തിറങ്ങി. ഒമേഗ സെയ്ക്കി മൊബിലിറ്റി (OSM) വികസിപ്പിച്ചെടുത്ത് നാല് ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിൽ ലഭ്യമാകുന്ന ‘സ്വയം ഗതി’ എന്ന ഈ വാഹനം സാങ്കേതികവിദ്യയെ സാധാരണക്കാർക്ക് താങ്ങാനാവുന്ന തലത്തിലേക്ക് എത്തിക്കുന്നു. എഐ-എൻഹാൻസ്ഡ് ഓട്ടോണമി സ്റ്റാക്ക്, ലിഡാർ, ജിപിഎസ് തുടങ്ങിയ ലോകോത്തര സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. ഒറ്റ ചാർജിൽ 120 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ശേഷിയുള്ള ഈ ഓട്ടോറിക്ഷ, ഇന്ത്യൻ റോഡുകളുടെ പ്രത്യേക സാഹചര്യങ്ങൾക്കനുരിച്ച് രൂപകൽപ്പന ചെയ്തതാണ്.
“ഇന്ത്യൻ യുവതലമുറയ്ക്ക് എഐയുടെ സാധ്യതകൾ പ്രായോഗികമായി പഠിക്കാനും മനസ്സിലാക്കാനുമുള്ള ഏറ്റവും മികച്ച ഉദാഹരണമാണ് ‘സ്വയം ഗതി’. ഓട്ടോമേഷനും സുരക്ഷയും ഉറപ്പുവരുത്തുന്ന ഈ കണ്ടുപിടിത്തം, എയർപോർട്ടുകൾ, ടെക് പാർക്കുകൾ, ഗേറ്റഡ് കമ്മ്യൂണിറ്റികൾ തുടങ്ങിയ നിയന്ത്രിത പരിസരങ്ങളിലെ ഗതാഗതത്തിന് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരും. നമ്മുടെ രാജ്യത്തിന് ലോകോത്തര നിലവാരത്തിലുള്ള ഓട്ടോണമസ് സാങ്കേതികവിദ്യ വിജയകരമായി വികസിപ്പിക്കാൻ കഴിഞ്ഞു എന്നത് വളരെയധികം അഭിമാനകരമാണ്.
ഡ്രൈവർമാരുടെ ആവശ്യകത ഇല്ലാതാക്കുന്നതിലൂടെ ബിസിനസ്സുകൾക്ക് കാര്യമായ ലാഭവും പ്രവർത്തനങ്ങളിൽ സ്ഥിരതയും കൈവരിക്കാൻ ‘സ്വയം ഗതി’ സഹായിക്കും. ഈ പുതിയ സാങ്കേതികവിദ്യ ഇന്ത്യൻ വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങൾക്ക് ഓട്ടോണമസ് സിസ്റ്റങ്ങളെക്കുറിച്ച് പഠിക്കാനും കൂടുതൽ നവീകരിക്കാനും പുതിയ അവസരങ്ങൾ തുറന്നു കൊടുക്കുന്നു.
