ഈ ആഴ്ച ഗൂഗിൾ തങ്ങളുടെ സെർച്ച് ബാറിൽ വരുത്തിയ വൻ പരിഷ്കാരം ഇന്റർനെറ്റിന്റെ ഒരു സുവർണ്ണ കാലഘട്ടത്തിന്റെ അവസാനത്തെയാണ് അടയാളപ്പെടുത്തുന്നത്. മുമ്പ് സെർച്ച് ടൂളുകൾ ഉപയോക്താക്കൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകിയിരുന്ന, സോഷ്യൽ മീഡിയയും സ്വൈപ്പിംഗും കൗതുകമായിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ പുതിയ എ ഐ യുഗവും ടിക്ടോക് തരംഗവും ചേർന്ന് ഇന്നത്തെ ഡിജിറ്റൽ ലോകത്തെ പൂർണ്ണമായും മാറ്റിമറിച്ചിരിക്കുകയാണ്. തങ്ങളുടെ 25 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റമാണിതെന്ന് ഗൂഗിൾ തന്നെ വ്യക്തമാക്കുന്നു. പഴയ രീതിയിലുള്ള സെർച്ച് മോഡൽ ഇനി നിലനിൽക്കില്ലെന്നും എ ഐ യുഗത്തിന് അനുസരിച്ച് മാറണമെന്നും ഗൂഗിൾ തിരിച്ചറിയുന്നു.
പതിറ്റാണ്ടുകളായി ഗൂഗിളിൽ തിരയുമ്പോൾ കാണാറുള്ള പരമ്പരാഗത നീല ലിങ്കുകൾ ഇനി താഴേക്ക് തള്ളപ്പെടും. പകരം ഉപയോക്താക്കൾക്ക് മറ്റൊരു വെബ്സൈറ്റിലും പോകാതെ തന്നെ നേരിട്ട് ഉത്തരം ലഭിക്കുന്ന ‘സീറോ-ക്ലിക്ക്’ ഉത്തരങ്ങൾക്കാണ് ഇനി മുൻഗണന നൽകുന്നത്. ഗൂഗിളിൽ നിന്നുള്ള ട്രാഫിക്കിനെ ആശ്രയിച്ച് ജീവിക്കുന്ന പബ്ലിഷർമാർ, എസ് ഇ ഒ കമ്പനികൾ, അഫിലിയേറ്റ് മാർക്കറ്റർമാർ, റിവ്യൂ സൈറ്റുകൾ എന്നിവർക്ക് ഈ പുതിയ മാറ്റം വലിയ തിരിച്ചടിയാകും. ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് കുറയുന്നതോടെ വെബ്സൈറ്റുകളുടെ വിസിബിലിറ്റിക്കായി ഇവർക്ക് കഠിനമായി പോരാടേണ്ടി വരും. സാങ്കേതികവിദ്യ വളരുമ്പോഴും വൻകിട ടെക് കമ്പനികളിലുള്ള ജനങ്ങളുടെ വിശ്വാസം കഴിഞ്ഞ 15 വർഷത്തിനിടെ വൻതോതിൽ ഇടിഞ്ഞതായി സർവേകൾ വ്യക്തമാക്കുന്നു. ഗാലപ്പ് പോളിംഗ് അനുസരിച്ച് ടെക് കമ്പനികളിൽ വലിയ വിശ്വാസമുള്ള അമേരിക്കക്കാരുടെ ശതമാനം 2020-ൽ 32 ശതമാനം ആയിരുന്നത് 2025 ആയപ്പോഴേക്കും 24 ശതമാനമായി കുറഞ്ഞു.
കൂടാതെ, ടെക് കമ്പനികൾ രാജ്യത്തിന് നല്ലതാണെന്ന് കരുതുന്നവരുടെ എണ്ണം 2015-ൽ 71 ശതമാനം ആയിരുന്നത് 2019 ആയപ്പോഴേക്കും 50 ശതമാനം ആയി കുറഞ്ഞുവെന്ന് പ്യൂ പോളിംഗ് ചൂണ്ടിക്കാണിക്കുന്നു. 2010-ൽ ചെറുകിട ബിസിനസുകൾക്കൊപ്പം ജനങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥാപനങ്ങളായിരുന്നു ഇവയെന്നോർക്കണം. പ്ലാറ്റ്ഫോമുകൾ ഈ അതൃപ്തിക്കും മടുപ്പിനും മറുപടിയായി മാറ്റങ്ങൾ തേടുകയാണ്. യൂട്യൂബ്, ടിക്ടോക് എന്നിവയുടെ ജനപ്രീതി കാരണം ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, എക്സ് തുടങ്ങിയവ ഇപ്പോൾ ഉപയോക്താക്കൾ ഫോളോ ചെയ്യുന്ന അക്കൗണ്ടുകളിലെ വിവരങ്ങൾക്ക് പകരം, അവർക്ക് ഇഷ്ടപ്പെടാൻ സാധ്യതയുള്ള കാര്യങ്ങളാണ് കൂടുതൽ കാണിക്കുന്നത്.
ഡേറ്റിംഗ് ആപ്പുകളിലെ സ്വൈപ്പിംഗ് രീതികളോട് പുതിയ തലമുറയ്ക്ക് മടുപ്പ് തോന്നിത്തുടങ്ങിയിട്ടുണ്ട്. ബംബിൾ ആപ്പിന്റെ സി ഇ ഒ വിറ്റ്നി വുൾഫ് ഹെർഡ് വ്യക്തമാക്കിയത്, തങ്ങളുടെ ആപ്പിൽ നിന്ന് സ്വൈപ്പ് രീതി മാറ്റാൻ കമ്പനി പദ്ധതിയിടുന്നു എന്നാണ്. ആദ്യകാല ഇന്റർനെറ്റ് സാമ്രാജ്യം കെട്ടിപ്പടുത്ത കമ്പനികൾ തന്നെയാണ് എ ഐ യുഗത്തിൽ തങ്ങൾ തകർക്കപ്പെടാതിരിക്കാൻ സ്വന്തം ഉൽപ്പന്നങ്ങളെ മാറ്റിമറിക്കുന്നത്. ഗൂഗിളും മെറ്റയും തങ്ങളുടെ പ്രധാന ഉൽപ്പന്നങ്ങളിലേക്ക് എ ഐ ചേർത്തുകൊണ്ടിരിക്കുകയാണ്. എന്നാൽ നൂറുണക്കിന് ബില്യൺ ഡോളർ വരുമാനം തരുന്ന ഈ ഉൽപ്പന്നങ്ങൾ മാറ്റിയെഴുതുമ്പോൾ, അടുത്ത ബിസിനസ്സ് മോഡൽ എന്തായിരിക്കുമെന്ന് ഈ കമ്പനികൾക്ക് പോലും ഇപ്പോഴും കൃത്യമായ നിശ്ചയമില്ല.
