മുതിർന്ന പൗരന്മാരുടെ സംരംഭകത്വ സാധ്യതകളെ ഉണർത്തി, അവരുടെ അനുഭവവും പ്രൊഫഷണൽ കഴിവും സമൂഹത്തിന്റെ വികസനത്തിനായി ഉപയോഗപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ പുതിയ പദ്ധതി ആരംഭിച്ചു. ‘ന്യൂ ഇന്നിംഗ്‌സ്’ (New Innings)എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിനായി സർക്കാർ അഞ്ച് കോടി രൂപ അനുവദിച്ചു.
മുതിർന്നവർക്കു സാമ്പത്തിക സഹായം, സാങ്കേതിക പിന്തുണ, മാർക്കറ്റിംഗ് സൗകര്യം എന്നിവ നൽകിക്കൊണ്ട് അവരെ സ്വയം തൊഴിൽ മേഖലകളിലേക്ക് പ്രേരിപ്പിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ഔദ്യോഗിക ജീവിതത്തിൽ വർഷങ്ങളോളം സമ്പാദിച്ച അറിവും പരിചയവും പ്രയോജനപ്പെടുത്തി, സമൂഹത്തിനും യുവതലമുറയ്ക്കും പ്രചോദനമായിത്തീരാൻ മുതിർന്നവരെ പ്രാപ്തരാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ധനമന്ത്രി കെ. എൻ. ബാലഗോപാൽ 2025-26 ലെ ബജറ്റിൽ പ്രഖ്യാപിച്ച പ്രായസൗഹൃദ കേരളം സൃഷ്ടിക്കാനുള്ള രണ്ട് പ്രധാന പദ്ധതികളിൽ ഒന്നാണ് ‘ന്യൂ ഇന്നിംഗ്‌സ്’ പദ്ധതി. ‘ഹെൽത്തി ഏജിംഗ്’ (Healthy Ageing) ആയിരുന്നു മറ്റൊരു പദ്ധതി. മുതിർന്ന പൗരന്മാരുടെ ജീവിത നിലവാരം ഉയർത്താനും, അവർക്ക് സാമൂഹിക പങ്കാളിത്തവും ആത്മവിശ്വാസവും നൽകാനും ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് രണ്ടു പദ്ധതികളും.
50 വയസ്സ് കഴിഞ്ഞ പ്രൊഫഷണൽ കഴിവും സാങ്കേതിക പരിചയവുമുള്ള പൗരന്മാരെയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. ഇവരെ സംരംഭകരായും സ്റ്റാർട്ടപ്പ് മേഖലയിൽ മാർഗനിർദേശകരായും മാറ്റുന്നതാണ് മുഖ്യ ഉദ്ദേശ്യം. പദ്ധതി നടപ്പാക്കുന്നത് കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) വഴിയായിരിക്കും. ഗുണഭോക്താക്കൾക്ക് പദ്ധതിയുടെ ഭാഗമായും മാർഗനിർദേശ പരിശീലനങ്ങൾ, ഫണ്ടിംഗ് പിന്തുണ, വ്യാപാര പ്രചാരണ സഹായങ്ങൾ എന്നിവ നൽകും.

Leave a Reply