എഐ പിസി വിപണിയിലേക്ക് എൻവിഡിയയുടെ വൻ ചുവടുവെപ്പ്; RTX Spark സൂപ്പർചിപ്പ് അവതരിപ്പിച്ചു

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത വ്യക്തിഗത കമ്പ്യൂട്ടറുകളുടെ പുതിയ യുഗത്തിന് തുടക്കമിടുന്ന RTX Spark Superchip എൻവിഡിയ അവതരിപ്പിച്ചു. തായ്‌വാനിലെ തായ്‌പേയിൽ നടക്കുന്ന കമ്പ്യൂട്ടക്സ് സാങ്കേതിക പ്രദർശനത്തിന് മുന്നോടിയായി നടന്ന മുഖ്യപ്രഭാഷണത്തിലാണ് എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ് പുതിയ ചിപ്പ് പ്രഖ്യാപിച്ചത്.


കമ്പ്യൂട്ടറുകളുടെ ഈ പരിണാമം സാധാരണ മൊബൈൽ ഫോണുകൾ സ്മാർട്ട്ഫോണുകളായി മാറിയതിനു തുല്യമായ സാങ്കേതിക മുന്നേറ്റമാണെന്ന് ഹുവാങ് അഭിപ്രായപ്പെട്ടു. എഐ ഏജന്റുമാരുടെ യുഗത്തിനായി രൂപകൽപ്പന ചെയ്ത പുതിയ സൂപ്പർചിപ്പാണിത്. കമ്പ്യൂട്ടറുകളെ വെറും ഉപകരണങ്ങളിൽ നിന്ന് ഉപയോക്താക്കളുടെ ഡിജിറ്റൽ സഹപ്രവർത്തകരാക്കി മാറ്റാൻ RTX Spark സഹായിക്കുമെന്നാണ് എൻവിഡിയയുടെ അവകാശവാദം.


പുതിയ ചിപ്പ് ഉൾപ്പെടുത്തിയ വിൻഡോസ് അധിഷ്ഠിത എഐ പിസികൾ ലെനോവോ, എച്ച്പി, ഡെൽ, മൈക്രോസോഫ്റ്റ് സർഫേസ്, അസൂസ്, എംഎസ്ഐ തുടങ്ങിയ കമ്പനികൾ പുറത്തിറക്കും. ഈ വർഷാവസാനത്തോടെ വിപണിയിലെത്തുന്ന ഇവയ്ക്ക് പിന്നാലെ ഏസർ, ഗിഗാബൈറ്റ് എന്നീ കമ്പനികളുടെയും മോഡലുകൾ എത്തും.
ഗ്രാഫിക്സ് പ്രോസസിങ് യൂണിറ്റുകളുടെ (GPU) രംഗത്ത് ആധിപത്യം പുലർത്തുന്ന എൻവിഡിയയുടെ ഈ നീക്കം വ്യക്തിഗത കമ്പ്യൂട്ടർ വിപണിയിൽ കൂടുതൽ സ്വാധീനം ഉറപ്പിക്കാനുള്ള ശ്രമമായാണ് വിലയിരുത്തപ്പെടുന്നത്. ഇതോടെ ഇന്റൽ, എഎംഡി, ക്വാൽകോം തുടങ്ങിയ കമ്പനികൾക്ക് കടുത്ത മത്സരം നേരിടേണ്ടിവരുമെന്ന് വിപണി വിദഗ്ധർ അഭിപ്രായപ്പെടുന്നു.


പുതിയ പ്ലാറ്റ്ഫോമിന്റെ ഭാഗമായി മൈക്രോസോഫ്റ്റുമായി സഹകരിച്ച് എഐ ഏജന്റുകൾക്കായി സുരക്ഷിതമായ വിൻഡോസ് അന്തരീക്ഷവും എൻവിഡിയ ഒരുക്കുന്നു. ഭാവിയിൽ വീടുകളിലും ഓഫീസുകളിലും എഐ അധിഷ്ഠിത കമ്പ്യൂട്ടിങ് സാധാരണമാക്കുന്നതിനുള്ള സുപ്രധാന മുന്നേറ്റമാണിതെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല പറഞ്ഞു.


അതേസമയം, പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് അമേരിക്ക ചൈനയിലേക്കുള്ള അത്യാധുനിക എഐ ചിപ്പുകളുടെ കയറ്റുമതിയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ചൈനീസ് കമ്പനികളുടെ വിദേശ അനുബന്ധ സ്ഥാപനങ്ങളിലേക്കുപോലും ഉയർന്ന ശേഷിയുള്ള എഐ പ്രോസസറുകൾ കയറ്റുമതി ചെയ്യാൻ പ്രത്യേക ലൈസൻസ് നിർബന്ധമാക്കിയിട്ടുണ്ട്. കൃത്രിമ ബുദ്ധി വികസനത്തിനാവശ്യമായ അത്യാധുനിക സെമികണ്ടക്ടർ സാങ്കേതികവിദ്യകളിലേക്കുള്ള ചൈനയുടെ പ്രവേശനം പരിമിതപ്പെടുത്താനുള്ള അമേരിക്കയുടെ നീക്കത്തിന്റെ ഭാഗമായാണ് പുതിയ നടപടി.
എഐ ഡാറ്റാ സെന്ററുകളിലേക്കുള്ള വൻ ആവശ്യകതയുടെ പശ്ചാത്തലത്തിൽ ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നായി മാറിയ എൻവിഡിയയ്ക്ക്, RTX Spark അവതരിപ്പിച്ചത് ഉപഭോക്തൃ കമ്പ്യൂട്ടിങ് മേഖലയിലേക്കുള്ള നിർണായക പ്രവേശനമായാണ് വിലയിരുത്തപ്പെടുന്നത്.

About The Author