മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പായ വാട്സ്ആപ്പ്, iOS ഉപയോക്താക്കൾക്കായി ഒരു പുതിയ ഫീച്ചർ ഒരുക്കുന്നു. സ്റ്റാറ്റസ് അപ്ഡേറ്റുകൾ കൂടുതൽ എളുപ്പവും വേഗത്തിലും പങ്കിടാനായി ‘ക്വിക്ക് ഷെയറിംഗ് ഓപ്ഷൻ’. നിലവിൽ ഇത് പരീക്ഷണ ഘട്ടത്തിലുള്ള ഈ ഫീച്ചർ ഉടൻ തന്നെ എല്ലാ എഡിഷനുകളിലും ലഭ്യമാകും.
ഈ ഫീച്ചർ വഴി, ഉപയോക്താക്കൾക്ക് വേറെ ഇന്റർഫേസ് ഇല്ലാതെ സ്റ്റാറ്റസ് അപ്ഡേറ്റുകൾ ഫേസ്ബുക്കിലേക്കോ ഇൻസ്റ്റാഗ്രാമിലേക്കോ നേരിട്ട് പങ്കിടാൻ കഴിയും. ഇതിലൂടെ വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നീ മെറ്റ ആപ്പുകൾ തമ്മിലുള്ള ഇന്റഗ്രേഷൻ കൂടുതൽ ശക്തമാകുമെന്നാണ് വിലയിരുത്തൽ.
റിപ്പോർട്ടുകൾ പ്രകാരം, സ്റ്റാറ്റസ് അപ്ഡേറ്റുകൾ കാണിക്കുന്ന പേജിന്റെ രൂപകൽപ്പനയും പുതുക്കപ്പെടും. ഇൻസ്റ്റാഗ്രാമിന്റെ രൂപഭാവത്തോട് കൂടുതൽ സാമ്യമുള്ളതായിരിക്കും പുതിയ ഇന്റർഫേസ് എന്നാണ് കരുതുന്നത്. സ്ക്രീന്റെ ഇടത് ചുവട്ടിൽ ‘വ്യൂ കൗണ്ട്’ കാണാനുള്ള ഓപ്ഷനും ഉണ്ടാകും.
ഫേസ്ബുക്കിലോ ഇൻസ്റ്റാഗ്രാമിലോ അല്ലെങ്കിൽ ഇരുപ്ലാറ്റ്ഫോമുകളിലോ എന്നിങ്ങനെ സ്വതന്ത്രമായി ഉപയോക്താക്കൾക്ക് അവരുടെ സ്റ്റാറ്റസ് എവിടെയൊക്കെ പങ്കിടണമെന്ന് തെരഞ്ഞെടുക്കാന് സാധിക്കും. അതായത് ഒരു പ്ലാറ്റ്ഫോമിൽ ഷെയർ ചെയ്താൽ അത് മറ്റൊന്നിൽ ഓട്ടോമാറ്റിക്കായി ഷെയർ ആകില്ല.
ഈ ഫീച്ചർ ഉപയോഗിക്കാൻ ഉപയോക്താക്കൾ അവരുടെ വാട്സ്ആപ്പ് അക്കൗണ്ട് Meta Accounts Centre-ലോട് ബന്ധിപ്പിക്കേണ്ടതുണ്ട്. ഇത് മെറ്റയുടെ എല്ലാ ആപ്പുകളുടെയും നിയന്ത്രണം ഏകോപിപ്പിക്കുന്ന കേന്ദ്ര സംവിധാനമാണ്.
പുതിയ ക്വിക്ക് ഷെയറിംഗ് ഓപ്ഷനുകൾ ഇപ്പോൾ Apple TestFlight പ്രോഗ്രാമിൽ പങ്കെടുക്കുന്ന ബീറ്റാ ടെസ്റ്റർമാർക്കാണ് ലഭ്യമായിട്ടുള്ളത്. അടുത്ത ആഴ്ചകളിൽ കൂടുതൽ ഉപയോക്താക്കൾക്കായി ഇത് പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.
