ഗൂഗിളിന്‍റെ ‘പ്രോജക്റ്റ് ജീനി’; ഇനി ആർക്കും സ്വന്തം ഗെയിം ലോകം സൃഷ്ടിക്കാം!

സാങ്കേതിക ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ട് ഗൂഗിൾ തങ്ങളുടെ പുതിയ വെബ് ആപ്പായ ‘പ്രോജക്റ്റ് ജീനി’ (Project Genie) അവതരിപ്പിച്ചു. കേവലം വാക്കുകളിലൂടെയോ ചിത്രങ്ങളിലൂടെയോ ഉപയോക്താക്കൾക്ക് സ്വന്തമായി ഒരു വെർച്വൽ ലോകം നിർമ്മിക്കാനും അതിലൂടെ സഞ്ചരിക്കാനും സാധിക്കുന്ന വിപ്ലവകരമായ സാങ്കേതികവിദ്യയാണിത്. ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ തന്നെ ഈ സേവനം പരിചയപ്പെടുത്തിക്കൊണ്ട് രംഗത്തെത്തി. ഭാവനയിലുള്ള എന്തിനെയും ഒരു ഡിജിറ്റൽ ലോകമായി മാറ്റാൻ കഴിയുന്ന ഈ സംവിധാനം ‘അവിശ്വസനീയമാണ്’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.


ഗൂഗിൾ ഡീപ് മൈൻഡിന്‍റെ ‘ജീനി 3’ മോഡലും ‘നാനോ ബനാന പ്രോ’ എന്ന ഇമേജ് ജനറേഷൻ സാങ്കേതികവിദ്യയും ചേർന്നാണ് ഈ മാജിക് സാധ്യമാക്കുന്നത്. ഒരു ചെറിയ ഡ്രോയിംഗോ കളിപ്പാട്ടത്തിന്‍റെ ചിത്രം നൽകിയാൽ പോലും അതിനെ ആസ്പദമാക്കി ഒരു സമ്പൂർണ്ണ പരിസ്ഥിതി തത്സമയം സൃഷ്ടിക്കാൻ ഇതിന് കഴിയും. ഉപയോക്താവ് നീങ്ങുന്നതിനനുസരിച്ച് എഐ ഓരോ നിമിഷവും ദൃശ്യങ്ങൾ നിർമ്മിച്ചുകൊണ്ടിരിക്കും എന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത.
നിലവിൽ അമേരിക്കയിലെ ‘എഐ അൾട്രാ’ വരിക്കാർക്ക് മാത്രമാണ് ഈ സംവിധാനം ലഭ്യമായി തുടങ്ങിയിരിക്കുന്നത്. ഒരു സെഷനിൽ 60 സെക്കൻഡ് മാത്രമേ ഈ ലോകത്തിലൂടെ സഞ്ചരിക്കാൻ സാധിക്കൂ എങ്കിലും, ഗെയിമിംഗ് ലോകത്തും റോബോട്ടിക്സ് മേഖലയിലും വലിയ മാറ്റങ്ങൾക്ക് ഇത് തുടക്കമിടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കിയ ഈ ആപ്പ്, ഭാവിയിൽ ഡിജിറ്റൽ സർഗ്ഗാത്മകതയുടെ പുതിയ മുഖമായി മാറുമെന്ന കാര്യത്തിൽ തർക്കമില്ല.

About The Author