ഗൂഗിൾ മാപ്‌സിൽ അടിമുടി മാറ്റം

ഗൂഗിൾ മാപ്‌സ് ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ വിവരങ്ങൾ കൈമാറുന്നതിനായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അധിഷ്ഠിത മാറ്റങ്ങൾ അവതരിപ്പിക്കുന്നു. മാപ്‌സിലെ സ്ഥലങ്ങളുടെ വിവരങ്ങൾ തിരുത്താനുപയോഗിക്കുന്ന ‘സജസ്റ്റ് ആൻ എഡിറ്റ്’ (Suggest an edit) എന്ന ഫീച്ചർ പൂർണ്ണമായും ജെമിനി എഐ (Gemini AI) ചാറ്റ്‌ബോട്ട് രൂപത്തിലേക്ക് മാറാനൊരുങ്ങുകയാണ്. നിലവിൽ ഒരു സ്ഥലത്തിന്‍റെ പേരോ വിലാസമോ പ്രവൃത്തിസമയമോ മാറ്റണമെങ്കിൽ വിവിധ മെനുകളിൽ പോയി ഓപ്ഷനുകൾ തിരഞ്ഞെടുക്കേണ്ടതുണ്ട്. എന്നാൽ പുതിയ പരീക്ഷണങ്ങൾ വിജയിക്കുകയാണെങ്കിൽ, ഒരു ചാറ്റ് വിൻഡോയിൽ നേരിട്ട് ടൈപ്പ് ചെയ്തോ സംസാരിച്ചോ ഈ മാറ്റങ്ങൾ നിർദ്ദേശിക്കാൻ സാധിക്കും.


ആൻഡ്രോയിഡ് അതോറിറ്റി പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ഗൂഗിൾ മാപ്‌സിന്‍റെ ഏറ്റവും പുതിയ പതിപ്പിലാണ് (v26.05.04) ഈ മാറ്റങ്ങൾ പരീക്ഷിക്കുന്നത്. ഉപയോക്താക്കൾ നൽകുന്ന വിവരങ്ങൾ ജെമിനി എഐ തത്സമയം വിശകലനം ചെയ്യുകയും അത് ഗൂഗിളിന്‍റെ ഔദ്യോഗിക അവലോകനത്തിനായി അയക്കുകയും ചെയ്യും. ഇതിനുപുറമെ, തിരുത്തലുകൾക്കൊപ്പം ചിത്രങ്ങൾ കൂടി ഉൾപ്പെടുത്താനുള്ള സൗകര്യവും ഈ ചാറ്റ് വിൻഡോയിൽ ലഭ്യമാകും. സ്ഥലങ്ങളുടെ പേര് ഏറ്റവും മുകളിലും താഴെ നിർദ്ദേശങ്ങൾക്കുള്ള ചെറിയ ‘പിൽസ്’ (Suggestion Pills) എന്നിവയടങ്ങിയ ലളിതമായ ഇന്റർഫേസാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.

സമീപകാലത്തായി ഗൂഗിൾ മാപ്‌സിൽ ജെമിനിയുടെ സാന്നിധ്യം വർദ്ധിച്ചുവരികയാണ്. നേരത്തെ ഡ്രൈവിംഗിൽ മാത്രം ലഭ്യമായിരുന്ന വോയ്‌സ് അസിസ്റ്റന്‍റ് സേവനം ഇപ്പോൾ നടത്തത്തിനും (Walking) സൈക്ലിംഗിനും ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. ‘ആസ്ക് മാപ്‌സ്’ (Ask Maps) പോലുള്ള ഫീച്ചറുകൾ വഴി വഴിയിലെ തടസ്സങ്ങൾ അറിയിക്കാനും സമീപത്തുള്ള സ്ഥലങ്ങളെക്കുറിച്ച് ചോദിച്ചറിയാനും എളുപ്പമാണ്. നിലവിൽ പരീക്ഷണഘട്ടത്തിലുള്ള ‘സജസ്റ്റ് ആൻ എഡിറ്റ്’ ഫീച്ചർ ഔദ്യോഗികമായി പുറത്തിറങ്ങുന്നതോടെ, ഗൂഗിൾ മാപ്‌സ് വെറുമൊരു മാപ്പിംഗ് സേവനം എന്നതിലുപരി ഉപയോക്താക്കളുമായി സംവദിക്കുന്ന ഒരു പേഴ്സണൽ അസിസ്റ്റന്റായി മാറും.

About The Author