ഗൂഗിൾ പിക്സൽ 10a; ഫെബ്രുവരി 18-ന് പ്രീ-ഓർഡർ ആരംഭിക്കും

OLYMPUS DIGITAL CAMERA

ആഗോള ടെക് ഭീമനായ ഗൂഗിളിന്‍റെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ‘പിക്സൽ 10a’ വിപണിയിലേക്കെത്തുന്നു. ആഴ്ചകൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിൽ യൂട്യൂബിലൂടെ പുറത്തുവിട്ട ഹ്രസ്വമായ ടീസർ വീഡിയോയിലൂടെയാണ് ഗൂഗിൾ പുതിയ ഫോണിന്‍റെ ആദ്യ രൂപവും ലോഞ്ച് തീയതിയും ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 2026 ഫെബ്രുവരി 18 മുതൽ ഉപഭോക്താക്കൾക്ക് പുതിയ ഹാൻഡ്‌സെറ്റ് പ്രീ-ഓർഡർ ചെയ്യാമെന്ന് കമ്പനി അറിയിച്ചു.
മുൻഗാമിയായ പിക്സൽ 9a മാർച്ചിലായിരുന്നു അവതരിപ്പിക്കപ്പെട്ടതെങ്കിൽ, ഇത്തവണ ഒരു മാസം നേരത്തെ തന്നെ പുതിയ മോഡൽ വിപണിയിൽ എത്തുന്നതിലൂടെ വലിയൊരു വിപണി മുന്നേറ്റമാണ് ഗൂഗിൾ ലക്ഷ്യമിടുന്നത്. പിക്സൽ 9a-യോട് സമാനമായ ഡിസൈൻ ശൈലിയാണ് പുതിയ പതിപ്പിലും പിന്തുടരുന്നത്. ടീസറിൽ കാണിച്ചിരിക്കുന്ന നീല നിറത്തിലുള്ള വേരിയന്റിന് പുറമെ ഒബ്സീഡിയൻ, ലാവെൻഡർ, ഫോഗ് എന്നീ നിറങ്ങളിലും ഫോൺ ലഭ്യമായേക്കും. ഇതിൽ പുതുതായി അവതരിപ്പിച്ച ‘ബെറി’ എന്ന റെഡ് ടോൺ ഷേഡ് ഉപഭോക്താക്കൾക്കിടയിൽ കൂടുതൽ താൽപ്പര്യം ജനിപ്പിക്കുമെന്ന് കരുതുന്നു.
സവിശേഷതകളിലേക്ക് കടക്കുമ്പോൾ, ഗൂഗിളിന്‍റെ സ്വന്തം ‘ടെൻസർ G4’ ചിപ്‌സെറ്റായിരിക്കും ഫോണിന് കരുത്ത് പകരുകയെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 6.3 ഇഞ്ച് വലിപ്പമുള്ള 120Hz അമോലെഡ് ഡിസ്‌പ്ലേ, മികച്ച ബാക്കപ്പ് നൽകുന്ന 5,100mAh ബാറ്ററി, 23W ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യ എന്നിവയും ഈ സ്മാർട്ട്ഫോണിന്‍റെ പ്രധാന ആകർഷണങ്ങളായിരിക്കും. ക്യാമറ ബമ്പ് പൂർണ്ണമായും ഒഴിവാക്കിയുള്ള നിരപ്പായ ഡിസൈൻ ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായ ഉപയോഗം വാഗ്ദാനം ചെയ്യുന്നു.
വിലയുടെ കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ലഭ്യമല്ലെങ്കിലും, പിക്സൽ 9a-യുടെ ലോഞ്ച് വിലയായ 49,999 രൂപയിൽ തന്നെയാകും ഇന്ത്യയിൽ പിക്സൽ 10a-യും എത്തുകയെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്. ഗൂഗിൾ സ്റ്റോറിൽ സൈൻ അപ്പ് ചെയ്യുന്നവർക്കായി പ്രത്യേക ഓഫറുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

About The Author