ഷാങ്ഹായ് ആസ്ഥാനമായുള്ള ഡ്രോയിഡ് അപ്പ് (DroidUp) എന്ന കമ്പനി പുറത്തിറക്കിയ മോയ (Moya) എന്ന ഹ്യൂമനോയിഡ് റോബോട്ട് ആഗോളതലത്തിൽ ശ്രദ്ധ നേടുകയാണ്. ലോകത്തിലെ ആദ്യത്തെ പൂർണ്ണമായ ബയോമിമെറ്റിക് എംബോഡീഡ് ഇന്റലിജന്റ് റോബോട്ട് എന്നാണ് കമ്പനി ഇതിനെ വിശേഷിപ്പിക്കുന്നത്. ഡിജിറ്റൽ ലോകത്തിന് പുറത്ത് ഭൗതിക സാഹചര്യങ്ങളെ മനസ്സിലാക്കി പ്രവർത്തിക്കാൻ ഇതിന് സാധിക്കും. സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് പുറത്തുവിട്ട വീഡിയോകളിൽ മോയ ചിരിക്കുകയും തലയാട്ടുകയും മനുഷ്യരെപ്പോലെ കണ്ണുകളിൽ നോക്കി സംസാരിക്കുകയും ചെയ്യുന്നത് കാണാം. മനുഷ്യരുടെ സൂക്ഷ്മമായ മുഖഭാവങ്ങൾ വരെ അനുകരിക്കാൻ കഴിവുള്ള ഈ റോബോട്ട് നിലവിലുള്ളവയിൽ വെച്ച് ഏറ്റവും മനുഷ്യസാദൃശ്യമുള്ള ഒന്നാണ്.
ഏകദേശം 1.65 മീറ്റർ ഉയരവും 32 കിലോ ഭാരവുമുള്ള മോയയ്ക്ക് മനുഷ്യന്റേതിന് സമാനമായ ശാരീരിക അളവുകളാണുള്ളത്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത 32 മുതൽ 36 ഡിഗ്രി സെൽഷ്യസ് വരെ ശരീര താപനില നിലനിർത്താൻ സാധിക്കും എന്നതാണ്. മനുഷ്യരുമായി ഇടപഴകുമ്പോൾ യന്ത്രമാണെന്ന തോന്നൽ ഒഴിവാക്കാൻ ഇത് സഹായിക്കുന്നു. കൂടാതെ 92 ശതമാനം കൃത്യതയോടെ മനുഷ്യരെപ്പോലെ നടക്കാനും ഇതിന് സാധിക്കും. മോയയുടെ അമിതമായ മനുഷ്യസാദൃശ്യം സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടാക്കുന്നത്. ചിലർ ഇതിനെ അത്ഭുതമായി കാണുമ്പോൾ മറ്റു ചിലർക്ക് ഇതിന്റെ ഭാവങ്ങൾ അല്പം അസ്വാഭാവികത തോന്നിക്കുന്നുണ്ട്.
വ്യാവസായിക ആവശ്യങ്ങൾക്കുപരിയായി ആരോഗ്യരംഗം, വിദ്യാഭ്യാസം, വാണിജ്യ മേഖലകൾ എന്നിവ ലക്ഷ്യമിട്ടാണ് മോയയെ വികസിപ്പിച്ചിരിക്കുന്നത്. മനുഷ്യരുമായി കൂടുതൽ സമയം ഇടപഴകേണ്ടി വരുന്ന സാഹചര്യങ്ങളിൽ ഈ റോബോട്ട് മികച്ച സേവനം നൽകുമെന്ന് ഡ്രോയിഡ് അപ്പ് അവകാശപ്പെടുന്നു. മോയയുടെ പുറംഭാഗം ആവശ്യാനുസരണം മാറ്റം വരുത്താൻ സാധിക്കുന്ന മോഡുലാർ ഡിസൈനാണ് ഇതിനുള്ളത്. 2026 അവസാനത്തോടെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ റോബോട്ടിന് ഏകദേശം 1.4 കോടി രൂപ ആയിരിക്കും വില. മോയയെ കുറിച്ച് നിലവിൽ പ്രാരംഭ വിവരങ്ങൾ മാത്രമാണ് കമ്പനി പുറത്തുവിട്ടിട്ടുള്ളത്.
