ഓസ്‌കാർ, ഗ്രാമി പുരസ്‌കാര ജേതാവായ സംഗീത ഇതിഹാസം എ.ആർ. റഹ്മാൻ ഡിജിറ്റൽ വിനോദത്തിന്‍റെ പുതിയ പാതയിലേക്ക് കടക്കുന്നു. ലോകോത്തര സംഗീതത്തെ അത്യാധുനിക സാങ്കേതികവിദ്യയുമായി സമന്വയിപ്പിക്കുന്ന, AI-ശക്തിപ്പെടുത്തിയ “മെറ്റാഹ്യൂമൻ ഡിജിറ്റൽ അവതാർ ബാൻഡായ” ‘സീക്രട്ട് മൗണ്ടൻ’ റഹ്മാൻ അവതരിപ്പിച്ചു. ഇതിലെ ഗായകരും സംഗീതജ്ഞരും യഥാർത്ഥ മനുഷ്യരല്ല, പകരം ഹൈപ്പർ-റിയലിസ്റ്റിക് എ.ഐ. ഉപയോഗിച്ച് ഉണ്ടാക്കിയ ഡിജിറ്റൽ അവതാരങ്ങളാണ്. ഗൂഗിൾ ക്ലൗഡുമായി സഹകരിച്ചാണ് ഇത് നിർമ്മിക്കുന്നത്. ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ ഉൾപ്പെടെയുള്ള പ്രമുഖ ടെക് നേതാക്കളുമായി റഹ്മാൻ ഇതുസംബന്ധിച് ചർച്ചകൾ നടത്തിക്കഴിഞ്ഞു.
സാംസ്കാരിക അതിർവരമ്പുകൾ ഭേദിക്കുന്ന ഒരു ട്രാൻസ്‌മീഡിയ വിനോദാനുഭവമായാണ് ഈ ബാൻഡ് ഒരുക്കുന്നത്. വ്യത്യസ്ത ആഗോള സംസ്‌കാരങ്ങളെയും സംഗീത വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന ആറ് AIകമ്പ്യൂട്ടർ രൂപങ്ങളെ കേന്ദ്രീകരിച്ചാണ് ബാൻഡ് പ്രവർത്തിക്കുക.
AI കഥാപാത്രങ്ങൾ സംഗീതം അവതരിപ്പിക്കുക മാത്രമല്ല, തത്സമയം ആരാധകരുമായി സംവദിക്കുകയും ലോകമെമ്പാടുമുള്ള പ്രേക്ഷകരുമായി ബന്ധിപ്പിക്കുന്ന ആകർഷകമായ കഥകൾ പറയുകയും ചെയ്യും.
ഇതിനായി റഹ്മാൻ ടെക് ഭീമന്മാരുമായി കൈകോർക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങൾക്കായി ഗൂഗിൾ ക്ലൗഡിന്റെ പിന്തുണയുണ്ട്. Veo 3, Imagen തുടങ്ങിയ നൂതന AI മോഡലുകൾ ഉപയോഗിച്ചാണ് അവതാരങ്ങളുടെ ദൃശ്യരൂപവും ഉയർന്ന നിലവാരമുള്ള വീഡിയോ ഉള്ളടക്കവും നിർമ്മിക്കുന്നത്.
സാങ്കേതികവിദ്യ മനുഷ്യന്‍റെ സർഗ്ഗാത്മകതക്ക് പകരമാവില്ല, മറിച്ച് അത് ശക്തിപ്പെടുത്തുന്ന ഒരു ഉത്തേജകമായി പ്രവർത്തിക്കും എന്ന് റഹ്മാൻ അഭിപ്രായപ്പെട്ടു. ഓരോ ഡിജിറ്റൽ വ്യക്തിത്വത്തിന് പിന്നിലും മനുഷ്യരായ നിർമ്മാതാക്കളുടെയും, ഗായകരുടെയും, ഉപദേഷ്ടാക്കളുടെയും ടീം പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനുഷ്യന്റെ കലാപരമായ കഴിവും AI സാങ്കേതികവിദ്യയും ഒരുമിച്ച് നിന്ന് ലോകമെമ്പാടുമുള്ള പ്രേക്ഷകരെ പ്രചോദിപ്പിക്കുന്ന ഒരു പുതിയ വിനോദ മാതൃകയാണ് ഈ പദ്ധതിയിലൂടെ റഹ്മാൻ ലക്ഷ്യമിടുന്നത്.
