ആഗോള നിർമ്മിത ബുദ്ധി മത്സരത്തിൽ വൻ കുതിച്ചുചാട്ടത്തിന് ഒരുങ്ങുന്നു ചൈന. സ്മാർട്ട്ഫോൺ ഉപയോഗത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന ലോകത്തിലെ ആദ്യത്തെ പൂർണ്ണ ഏജൻ്റിക് AI സ്മാർട്ട്‌ഫോൺ പ്രോട്ടോടൈപ്പ് അവതരിപ്പിച്ചിരിക്കുകയാണ് ചൈന. പ്രമുഖ ചൈനീസ് ടെലികോം കമ്പനിയായ ഇസഡ്.ടി.ഇ (ZTE)യും. പ്രശസ്തമായ ടിക് ടോക്കിന്‍റെ മാതൃകമ്പനിയായ ബൈറ്റ്ഡാൻസുമായി (ByteDance) സഹകരിച്ചാണ് ഈ പുതിയ നീക്കം.
സാധാരണ വോയിസ് അസിസ്റ്റന്‍റുകളിൽ നിന്ന് വ്യത്യസ്തമായി, ഒരു മനുഷ്യൻ ഫോൺ ഉപയോഗിക്കുന്നത് പോലെ തന്നെ ആപ്പുകൾ തുറക്കാനും, സ്ക്രോൾ ചെയ്യാനും, ടൈപ്പ് ചെയ്യാനും ഇതിലെ എഐ ഏജന്‍റിന് സാധിക്കും എന്നതാണ് ഇതിന്‍റെ പ്രത്യേകത.
ഷെൻഷെൻ ആസ്ഥാനമായുള്ള സംരംഭകൻ ടെയ്‌ലർ ഓഗൻ ആണ് എക്‌സിലൂടെ ‘നൂബിയ M153’ (Nubia M153) എന്ന ഈ പ്രോട്ടോടൈപ്പ് ലോകത്തിന് പരിചയപ്പെടുത്തിയത്.
ഏജന്‍റിക് എഐ ഫോണുകളിൽ, ആപ്പിന്‍റെയോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്‍റെയോ ഉള്ളിൽ മാത്രം ഒതുങ്ങി നിൽക്കാതെ, ഒരു ‘ഏജന്‍റ്’ ഫോണിന്‍റെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കും.
ഒരു മനുഷ്യൻ എങ്ങനെയാണോ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നത്, അതേപടി സ്‌ക്രീനിലെ യൂസർ ഇന്‍റര്‍ഫേസ് (GUI) പൂർണ്ണമായി മനസ്സിലാക്കാനും, ടാപ്പ് ചെയ്യാനും, ടൈപ്പ് ചെയ്യാനും, സ്ക്രോൾ ചെയ്യാനും തുടങ്ങി മറ്റ് ഏത് ജോലിയും തനിയെ ചെയ്യാൻ ഈ ഏജന്‍റിന് സാധിക്കും. ഏത് ആപ്പ് തുറക്കണമെന്നോ, ഒരു ജോലി എങ്ങനെ പൂർത്തിയാക്കണമെന്നോ ഉപയോക്താവിന് അറിയേണ്ട ആവശ്യമില്ല. ഒരു നിർദ്ദേശം നൽകുക, ബാക്കിയെല്ലാം എഐ ഏജന്‍റ് പൂർത്തിയാക്കും.
ഉദാഹരണത്തിന്, ഒരു ഹോട്ടലിന്‍റെ ചിത്രം എടുത്തിട്ട് റൂം ബുക്ക് ചെയ്യാൻ പറഞ്ഞാൽ മതി, എഐ തന്നെ ബുക്കിംഗ് ആപ്പുകൾ പരിശോധിച്ച്, ആവശ്യമായ തീയതികളും, അവിടുത്തെ നിബന്ധനകളും മനസ്സിലാക്കി, റൂം ബുക്ക് ചെയ്യും.
ഇതൊരു പ്രോട്ടോടൈപ്പ് മാത്രമാണെങ്കിലും, ആപ്പിൾ, സാംസങ് തുടങ്ങിയ ആഗോള ഭീമന്മാരെ അപേക്ഷിച്ച് ചൈനീസ് കമ്പനികൾ മൊബൈൽ എഐ രംഗത്ത് എത്രത്തോളം മുന്നോട്ട് പോയിരിക്കുന്നു എന്ന് ഇത് വ്യക്തമാക്കുന്നു. ആപ്പുകളെക്കുറിച്ചോ ഫോൺ ഉപയോഗത്തെക്കുറിച്ചോ ഉള്ള അറിവ് ഇനി ആവശ്യമില്ല, ലളിതമായ നിർദ്ദേശങ്ങളിൽ എല്ലാം പൂർത്തിയാവുന്ന ഒരു ഭാവിയാണ് ഏജന്‍റിക് എഐ ഫോണുകൾ നമുക്കായി തുറന്നു തരുന്നത്.
