ഇന്ത്യൻ ടെക് ലോകത്ത് മറ്റൊരു സ്വദേശി ആപ്പ് തരംഗം സൃഷ്ടിച്ച് രംഗത്തെത്തിയിരിക്കുകയാണ് മാപ്പിൾസ് (Mappls). ഇന്ത്യയിലെ പ്രമുഖ ജിയോസ്‌പേഷ്യൽ ടെക്നോളജി കമ്പനിയായ മാപ് മൈ ഇന്ത്യ (MapmyIndia) വികസിപ്പിച്ചെടുത്ത ഈ ആപ്പ്, ലോകപ്രശസ്തമായ ഗൂഗിള്‍ മാപ്പിന് ശക്തമായ ഒരു ഇന്ത്യൻ പര്യായം ആയി ശ്രദ്ധ നേടിയിരിക്കുന്നു.
രാജ്യത്തിന്‍റെ റോഡ് നെറ്റ്‌വർക്കിന്‍റെയും ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും സമഗ്രമായ മാപ്പിംഗ് പൂർത്തിയാക്കിയതായി കമ്പനി അറിയിച്ചു.
1995 മുതൽ ഇന്ത്യയെ മാപ്പ് ചെയ്യുന്ന മാപ് മൈ ഇന്ത്യ, ഇപ്പോൾ രാജ്യത്തിന്‍റെ 99.9% റോഡ് നെറ്റ്‌വർക്ക്, ഏകദേശം 66 ലക്ഷം കിലോമീറ്റർ ദൂരമുള്ള റോഡുകൾ, 7,900 നഗരങ്ങൾ 6.37 ലക്ഷം ഗ്രാമങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി ഡിജിറ്റൽ മാപ്പുകൾ ഒരുക്കിയിട്ടുണ്ട്.
മാപ്പിൾസിന്‍റെ വരവോടെ ഗൂഗിൾ മാപ്പിന് കടുത്ത മത്സരം നേരിടേണ്ടി വരുമെന്നാണ് ടെക് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ആപ്പ് നിലവിൽ ബംഗളൂരുവിലാണ് ഔദ്യോഗികമായി അവതരിപ്പിച്ചത്. മാപ്പിൾസിന്‍റെ പ്രധാന ആകർഷണം ട്രാഫിക് സിഗ്നലുകളുടെ ലൈവ് കൗണ്ട്ഡൗൺ, ത്രീഡി ദൃശ്യവൽക്കരണം, ജംഗ്ഷനുകൾ, ഫ്ലൈഓവറുകൾ, അണ്ടർപാസുകൾ, ഓവർപാസുകൾ എന്നിവയുടെ കൃത്യമായ മാപ്പിംഗ് എന്നിവയാണ്. ഇതിലൂടെ യാത്ര കൂടുതൽ കൃത്യവും എളുപ്പവുമാക്കുന്നു.
കൂടാതെ, ഇന്ത്യൻ റെയിൽവേയുമായി ചേർന്ന് റെയിൽവേ സ്റ്റേഷനുകളിൽ നാവിഗേഷൻ എളുപ്പമാക്കുന്നതിനായി ധാരണാപത്രം ആസൂത്രണം ചെയ്തിട്ടുണ്ടെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. “ഉപയോഗിച്ച് നോക്കേണ്ട ആപ്പാണ് മാപ്പിൾസ്” എന്ന കുറിപ്പോടെയാണ് അദ്ദേഹം ഈ ആപ്പിനെക്കുറിച്ചുള്ള വീഡിയോ തന്‍റെ X അക്കൗണ്ടിൽ പങ്കുവെച്ചത്.
മാപ്പിൾസ് ആപ്പ് Google Play Store-ലും Apple App Store-ലും സൗജന്യമായി ലഭ്യമാണ്. പുറത്തിറങ്ങിയതുമുതൽ ഉപയോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
മാപ്പിൾസിന്‍റെ പ്രത്യേകതകൾ
ഇന്ത്യൻ റോഡിന്‍റെ ഘടനയും ഗതാഗത രീതിയും മുൻനിർത്തി രൂപകൽപ്പന ചെയ്തതുകൊണ്ടുതന്നെ ഗ്ലോബൽ മാപ്പിംഗ് സേവനങ്ങൾ പലപ്പോഴും വിട്ടുപോകുന്ന ഹൈപ്പർലോകൽ ഡാറ്റ (പ്രാദേശിക വിവരങ്ങൾ) ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആപ്പിന്‍റെ ശ്രദ്ധേയമായ മറ്റൊരു സവിശേഷതയാണ് “മാപ്പിൾസ് പിന്‍” – ഒരു ആറ് അക്ഷര, അക്കം ചേർന്ന കോഡ് ആണിത്, ഇത് ഉപയോഗിച്ച് വീട് വരെ കൃത്യമായ നാവിഗേഷൻ സാധ്യമാക്കുന്നു. ഇന്ത്യൻ വിലാസങ്ങളിലെ സങ്കീർണ്ണതയെ ഇത് പരിഹരിക്കുന്നു.
ഒരു സ്വദേശി ടെക് കമ്പനിയായതിനാൽ, മാപ്പിൾസ് ഉപയോക്തൃ ഡാറ്റ ഇന്ത്യൻ സർവറുകളിൽ മാത്രമാണ് സൂക്ഷിക്കുന്നത്. ഇതിലൂടെ ദേശീയ ഡാറ്റാ സുരക്ഷാ നയങ്ങളോടൊപ്പം ആണ് കമ്പനി എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
മാപ്പിൾസ് ആപ്പ് ഇപ്പോൾ മെട്രോ നഗരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ബംഗളൂരുവിൽ നിലവിൽ ട്രാഫിക് സിഗ്നൽ കൗണ്ട്ഡൗൺ, 3D ജംഗ്ഷൻ വ്യൂസ്, സ്പീഡ് ബ്രേക്കർ അലർട്ടുകൾ തുടങ്ങിയ സംവിധാനങ്ങൾ സജീവമാണ്.
എന്നാൽ ചില ഗ്രാമപ്രദേശങ്ങളിലെ വിലാസങ്ങൾ, സ്ഥാപനങ്ങൾ, താമസ സൗകര്യങ്ങൾ തുടങ്ങിയവയുടെ ഡാറ്റഅപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നതേ ഉള്ളു.
