ഇന്‍ഫോപാര്‍ക്ക് മൂന്നാംഘട്ടത്തിന്‍റെ ഭാഗമായി വരുന്നു രാജ്യത്തെ തന്നെ ആദ്യത്തെ എഐ (നിര്‍മിതബുദ്ധി) നിയന്ത്രിത ടെക് സിറ്റി നമ്മുടെ കൊച്ചിയിൽ. ഇന്‍ഫോപാര്‍ക്കിനോട് ചേര്‍ന്നുകിടക്കുന്ന കിഴക്കമ്പലം, കുന്നത്തുനാട് പ്രദേശങ്ങളില്‍ ഭൂമി കണ്ടെത്താന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. ഇന്‍ഫോപാര്‍ക്ക് മൂന്നാംഘട്ടത്തിന്‍റെ ഭാഗമായിട്ടാണ് പദ്ധതി യാഥാര്‍ഥ്യമാവുന്നത്. 25,000 കോടി രൂപയുടെ നിക്ഷേപമാണ് കണക്കാക്കുന്നത്. രണ്ടുലക്ഷം നേരിട്ടുള്ള തൊഴിലവസരങ്ങളും ആറുലക്ഷം പരോക്ഷ തൊഴിലവസരങ്ങളുമാണ് പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്നത്.
പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച് GCDA-യും Infopark-ഉം തമ്മിൽ MOU ഒപ്പുവച്ചു. പദ്ധതിയുടെ ഉടമസ്ഥത ഇൻഫോപാർക്കിന് ആയിരിക്കും. ഇൻഫോപാർക്ക് ഇൻഫ്രാസ്ട്രക്ചർ വികസനം, കമ്പനികളെ ആകർഷിക്കൽ, മാർക്കറ്റിംഗ് തുടങ്ങിയവയ്ക്ക് നേതൃത്വം നൽകും. GCDA ഭൂമി കണ്ടെത്തലും സ്ഥലം വികസനവും കൈകാര്യം ചെയ്യും.
രാജ്യത്ത് സാധാരണ രീതിയില്‍ നടപ്പാക്കുന്ന ഐടി പാര്‍ക്ക് വികസനങ്ങളില്‍നിന്ന് ഏറെ വ്യത്യസ്തമായാകും ഇന്‍ഫോപാര്‍ക്കിലെ വികസനം. ഐടിക്കു പുറമേ റെസിഡെന്‍ഷ്യല്‍, വാണിജ്യ മേഖലകളിലുള്‍പ്പെടെ നിര്‍മിത ബുദ്ധിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തും. ഐടി കെട്ടിടങ്ങള്‍ക്കുപുറമേ പാര്‍പ്പിടസൗകര്യങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രി, ആംഫി തിയേറ്റര്‍, ബഹുനില പാര്‍ക്കിങ് എന്നിവയെല്ലാം ടൗണ്‍ഷിപ്പിലുണ്ടാവും. എല്ലാ പ്രവര്‍ത്തനങ്ങളെയും ഏകോപിപ്പിക്കുന്നത് ഒരു കേന്ദ്രീകൃത ഡിജിറ്റല്‍ പ്ലാറ്റഫോം ആയിരിക്കും. തത്സമയ ഡേറ്റ വിശകലനത്തിലൂടെ മേഖലയിലെ പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താനും പരിഹാരം നിര്‍ദേശിക്കാനും കഴിയും. കാര്‍ബണ്‍ നെഗറ്റിവിറ്റിയും സുസ്ഥിരതയും ഉള്‍പ്പെടെയുള്ളവ എഐ ടൗണ്‍ഷിപ്പിന്‍റെ സവിശേഷതകളാവും. ഗതാഗതം, മാലിന്യസംസ്‌കരണം, മഴവെള്ള സംഭരണം, ജലത്തിന്‍റെ പുനരുപയോഗം തുടങ്ങിയവയിലെല്ലാം എഐ സാധ്യതകള്‍ പ്രയോജനപ്പെടുത്താനും ലക്ഷ്യമിടുന്നു. ആഗോള ടെക് കമ്പനികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വന്‍കിട കമ്പനികളുടെ ഉപകേന്ദ്രങ്ങളെന്ന് വിശേഷിപ്പിക്കാവുന്ന ഗ്ലോബല്‍ കേപ്പബിലിറ്റി സെന്‍ററുകളും (ജിസിസി) ഈ ടൗണ്‍ഷിപ്പിലേക്ക് എത്തും.
ഇൻഫോപാർക്ക് എ.ഐ ടെക് സിറ്റി, കേരളത്തെ ആഗോള എ.ഐ ഗവേഷണ–വികസന കേന്ദ്രങ്ങളിലൊന്നായി ഉയർത്താനുള്ള സർക്കാർ ദൗത്യത്തിന്‍റെ ഭാഗമാണ്. 2030ഓടെ പദ്ധതി പൂർണ്ണമായി നടപ്പാക്കാനാണ് ലക്ഷ്യം. ഈ ടെക് സിറ്റി, സംസ്ഥാനത്തിന്‍റെ സുസ്ഥിരവും ഭാവിനേതൃത്വമുള്ള ഡിജിറ്റൽ നഗര വികസന മാതൃകയായി മാറുമെന്ന പ്രതീക്ഷയാണ് ഉള്ളത്.
