ടിക് ടോക്കും ഇൻസ്റ്റാഗ്രാമും തീർത്ത ട്രെന്‍റിന് ശേഷം സൊറ(SORA) ട്രെൻഡിലേക്ക്. ചാറ്റ്‌ജിപിടിയുടെ മാതൃ കമ്പനിയായ ഓപ്പൺ എഐയുടെ പുതിയ സോഷ്യൽ വീഡിയോ ആപ്പ് ആണ് സൊറ. ഇൻസ്റ്റാഗ്രാമിലെ പലതരം ചലഞ്ചുകൾക്കും ട്രെൻഡുകൾക്കും വെല്ലുവിളിയായി കളത്തിലിറങ്ങാൻ ഒരുങ്ങുകയാണ് ഓപ്പൺഎഐയുടെ ‘സോറ ആപ്പ്’. എന്തൊക്കെയാണ് മറ്റ് ഷോര്‍ട് വീഡിയോ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് സോറയെ വ്യത്യസ്‌തമാക്കുന്നത്?
അല്‍പം സോറ സ്വകാര്യം
ചാറ്റ്‌ജിപിടിയുടെ മാതൃ കമ്പനിയായ ഓപ്പൺഎഐയുടെ പുതിയ സോഷ്യൽ വീഡിയോ ആപ്പ് ആണ് സൊറ. ഉപയോക്താക്കൾ സ്വന്തമായി വീഡിയോ നിർമിക്കേണ്ടതില്ല എന്നതാണ് ആപ്പിന്‍റെ ഒരു പ്രത്യേകത. നിർമിത ബുദ്ധി (എഐ) അടിസ്ഥാനമാക്കിയാണ് കമ്പനി ആപ്പ് നിർമിച്ചിരിക്കുന്നത് എന്നതിനാൽ, നിങ്ങള്‍ക്കാവശ്യമായ വീഡിയോ ആപ്പ് തന്നെ നിർമിക്കും. കമ്പനിയുടെ പുതിയ വീഡിയോ മോഡലായ സോറ 2-വിൽ അധിഷ്‌ഠിതമായാണ് സോറ ആപ്പ് ഓപ്പണ്‍എഐ നിർമിച്ചിരിക്കുന്നത്.
ഓപ്പണ്‍എഐയുടെ ടെക്‌സ്റ്റ്-ടു-വീഡിയോ എഐ മോഡലാണ് സോറ. ടെക്‌സ്റ്റ് പ്രോംപ്റ്റ് അടിസ്ഥാനമാക്കി ചെറു വീഡിയോകള്‍ ജനറേറ്റ് ചെയ്യാനുള്ള എഐ ടൂളാണ് ഇത്. 2024-ലാണ് ഓപ്പണ്‍എഐ സോറ മോഡല്‍ ആദ്യമായി അവതരിപ്പിച്ചത്. സോറയുടെ അടുത്ത പതിപ്പാണ് സോറ 2. കാമിയോസ് എന്ന ഫീച്ചറാണ് സോറ 2-ന്‍റെ പ്രത്യേകതകളിൽ ഒന്ന്. ഈ സോറ 2-വിന് ഒപ്പമാണ് സോറ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.
സോറ ഉടന്‍ ഇന്ത്യയിലേക്ക്
നിലവിൽ പരിമിതമായ ഉപയോക്താക്കൾക്ക് മാത്രമേ സോറ ആപ്പ് ആക്‌സസ് ചെയ്യാൻ സാധിക്കൂ. യുഎസിലേയും കാനഡയിലേയും ഐഫോണുകളിൽ മാത്രമാണ് ഇപ്പോൾ സോറ പുറത്തിറക്കിയിരിക്കുന്നത്. ആ ആപ്പിൽ ഉപയോക്താക്കൾക്ക് പത്ത് സെക്കൻഡ് ദൈർഘ്യമുള്ള ചെറു വീഡിയോകൾ നിർമിക്കാനും മറ്റുള്ളവർ നിർമിച്ച വീഡിയോകൾ റീമിക്‌സ് ചെയ്യാനും സാധിക്കും. ഉപഭോക്താക്കളുടെ താത്പര്യമനുസരിച്ച് കസ്റ്റമൈസ് ചെയ്യാന്‍ കഴിയുന്ന ഫീഡാണ് സോറയിലുണ്ടാകുക. സോറ ആപ്പ് വഴി കാമിയോ ഫീച്ചര്‍ ഉപയോഗിച്ച് നമ്മളെ തന്നെ എഐ വീഡിയോകളുടെ ഭാഗമാക്കാന്‍ കഴിയും. ഇതിനായി ഒരുതവണ സ്വന്തം വീഡിയോയും ശബ്‌ദവും റെക്കോര്‍ഡ് ചെയ്‌ത് ഉപഭോക്താവ് സോറയിലേക്ക് അപ്‌ലോഡ് ചെയ്‌താല്‍ മതി. ഇതുവഴി യൂസര്‍മാരുടെ ഐഡന്‍റിറ്റി വെരിഫിക്കേഷന്‍ കൂടി ഓപ്പണ്‍എഐ ലക്ഷ്യമിടുന്നു.
ടിക് ടോക്കുമായി വളരെ സാദൃശ്യമുള്ളതാണ് സോറ ആപ്പ്. ഇതിൽ ഉൾപ്പെടുന്ന റീമിക്‌സ് ഫീച്ചർ ടിക് ടോക്ക് ഡ്യുയറ്റിനും റീമിക്‌സിനും സമാനമാണ്. വെർട്ടിക്കൽ ഫീഡും സ്വൈപ്പ് സ്ക്രോൾ ഡിസൈനും തന്നെയായിരിക്കും ആപ്പിനുണ്ടാവുക. ആപ്പ് ഇപ്പോഴും നിർമാണ ഘട്ടത്തിലാണ്. ഉപയോക്താക്കളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കോപ്പിറൈറ്റിങ് ഉണ്ടാകും. സുരക്ഷയുടെ കാര്യത്തിലും പ്രൈവസിയുടെ കാര്യത്തിലും കൂടുതൽ ഫീച്ചറുകൾ ചേർത്ത് സൊറ ഇന്ത്യയിൽ ഉടൻ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം.
