സാങ്കേതിക ലോകം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മാറ്റങ്ങൾ ഗൂഗിൾ ഡീപ്മൈൻഡിന്റെ വീഡിയോ ജനറേഷൻ ടൂളായ ‘വീയോ’ (Veo) അവതരിപ്പിച്ചു. സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർമാരെയും സിനിമാ പ്രവർത്തകരെയും ഒരേപോലെ ആവേശത്തിലാഴ്ത്തുന്ന വമ്പൻ ഫീച്ചറുകളാണ് പുതിയ അപ്ഡേറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇൻസ്റ്റാഗ്രാം റീൽസ്, യൂട്യൂബ് ഷോർട്ട്സ്, ടിക് ടോക് എന്നിവയുടെ കാലത്ത് വീഡിയോകൾ ലംബമായി (Vertical) നിർമ്മിക്കുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. എന്നാൽ ഇനി മുതൽ ലാൻഡ്സ്കേപ്പ് വീഡിയോകൾ ക്രോപ്പ് ചെയ്ത് ക്വാളിറ്റി കളയേണ്ടി വരില്ല. നേരിട്ട് 9:16 ആസ്പെക്ട് റേഷ്യോയിൽ വീഡിയോകൾ നിർമ്മിക്കാനുള്ള ‘നേറ്റീവ് വെർട്ടിക്കൽ ഔട്ട്പുട്ട്’ സംവിധാനം വീയോയിൽ ഗൂഗിൾ സജ്ജമാക്കി. ഒരു ലംബ ചിത്രം അപ്ലോഡ് ചെയ്താൽ അതിന്റെ അതേ വലിപ്പത്തിലും കൃത്യതയിലും വീഡിയോകൾ സൃഷ്ടിക്കാൻ ഇനി വീയോയ്ക്ക് കഴിയും.
കഥാപാത്രങ്ങളുടെ തുടർച്ചയാണ് (Identity Consistency) അപ്ഡേറ്റിലെ മറ്റൊരു മാറ്റം. ഒരു സീനിൽ കാണുന്ന അതേ മുഖവും രൂപവും മാറ്റമില്ലാതെ തന്നെ അടുത്ത സീനിലും കൊണ്ടുവരാൻ സാധിക്കും. ഇത് കഥ പറയുന്നവർക്കും സിനിമ നിർമ്മിക്കുന്നവർക്കും വലിയ മുതൽക്കൂട്ടാകും. പശ്ചാത്തലങ്ങൾ, വസ്തുക്കൾ, ടെക്സ്ചറുകൾ എന്നിവ ഒരേപോലെ നിലനിർത്തിക്കൊണ്ട് വ്യത്യസ്ത സീനുകൾ കോർത്തിണക്കി ഒരു പൂർണ്ണ നറേറ്റീവ് സൃഷ്ടിക്കാൻ ഇത് സഹായിക്കുന്നു. ലളിതമായ നിർദ്ദേശങ്ങൾ നൽകിയാൽ പോലും അതീവ സർഗ്ഗാത്മകമായ ദൃശ്യങ്ങൾ ഒരുക്കാൻ ‘ഇൻഗ്രീഡിയന്റ്സ് ടു വീഡിയോ’ ഫീച്ചറിലെ മാറ്റങ്ങളിലൂടെ വീയോക്ക് കഴിയും.
കൂടാതെ, പ്രൊഫഷണൽ ക്വാളിറ്റി ആഗ്രഹിക്കുന്നവർക്കായി വീഡിയോകൾ 1080p, 4K റെസല്യൂഷനുകളിലേക്ക് അപ്സ്കെയിൽ ചെയ്യാനുള്ള സൗകര്യവും ഗൂഗിൾ ഒരുക്കിയിട്ടുണ്ട്. നിലവിൽ ജെമിനി ആപ്പിൽ ഇത്തരം ഫീച്ചറുകൾ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. താമസിയാതെ തന്നെ വെർട്ടെക്സ് എഐ, ഗൂഗിൾ വിഡ്സ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലും സൗകര്യങ്ങൾ ലഭ്യമായി തുടങ്ങും. വരും ദിവസങ്ങളിൽ വീഡിയോ നിർമ്മാണ രംഗത്ത് ‘വീയോ’ പുതിയ ട്രെൻഡുകൾ സൃഷ്ട്ടിക്കുമെന്നുറപ്പാണ്.
