ശരീരത്തിൽ ഒട്ടിച്ചു വെക്കാവുന്ന സ്ട്രെച്ചബിൾ ഒഎൽഇഡി ഡിസ്‌പ്ലേകൾ വരുന്നു

സ്മാർട്ട്‌ഫോണുകളിലും ടെലിവിഷനുകളിലും ഉപയോഗിക്കുന്ന ഒഎൽഇഡി (OLED) സാങ്കേതികവിദ്യ ഇനി മനുഷ്യശരീരത്തിൽ ധരിക്കാവുന്ന സെൻസറുകളിലേക്കും ഡിസ്‌പ്ലേകളിലേക്കും മാറുന്നു. ശരീരതാപനില, രക്തയോട്ടം എന്നിവ തത്സമയം തൊലിപ്പുറത്ത് തന്നെ പ്രദർശിപ്പിക്കാൻ കഴിയുന്ന, റബ്ബർ പോലെ വലിയുന്ന പുത്തൻ ഒഎൽഇഡി ശാസ്ത്രജ്ഞർ വികസിപ്പിച്ചു. ദക്ഷിണ കൊറിയയിലെ സൗൾ നാഷണൽ യൂണിവേഴ്‌സിറ്റിയിലെയും അമേരിക്കയിലെ ഡ്രെക്സൽ യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകർ ചേർന്നാണ് ഈ നേട്ടം കൈവരിച്ചത്.


നിലവിലുള്ള ഫോൾഡബിൾ സ്ക്രീനുകളിൽ നിന്ന് വ്യത്യസ്തമായി, ഈ പുതിയ ഡിസ്‌പ്ലേ യഥാർത്ഥ വലുപ്പത്തിന്‍റെ ഒന്നര മടങ്ങ് അധികം വലിച്ചുനീട്ടിയാലും കേടുപാടുകൾ സംഭവിക്കില്ല. സാധാരണ ഇത്തരം ഡിസ്‌പ്ലേകൾ വളയ്ക്കുകയോ വലിക്കുകയോ ചെയ്യുമ്പോൾ അവയുടെ പ്രകാശം മങ്ങാറുണ്ട്. എന്നാൽ ഇതിന് പരിഹാരമായി ‘MXene’ എന്ന പ്രത്യേക നാനോ മെറ്റീരിയൽ ഉപയോഗിച്ചാണ് പുതിയ ഇലക്ട്രോഡുകൾ നിർമ്മിച്ചിരിക്കുന്നത്. ഇത് ഡിസ്‌പ്ലേയ്ക്ക് മികച്ച കരുത്തും തെളിച്ചവും നൽകുന്നു.


പരീക്ഷണങ്ങളുടെ ഭാഗമായി ഹൃദയത്തിന്‍റെ ആകൃതിയിലും അക്കങ്ങളുടെ രൂപത്തിലും ഈ ഡിസ്‌പ്ലേകൾ ഗവേഷകർ നിർമ്മിച്ചു. നൂറു തവണ തുടർച്ചയായി വലിച്ചുനീട്ടിയ ശേഷവും ഇവയ്ക്ക് കൃത്യമായി പ്രകാശം നൽകാൻ സാധിക്കുന്നുണ്ട്. ഭാവിയിൽ വസ്ത്രങ്ങളിലും ചർമ്മത്തിലും നേരിട്ട് ഘടിപ്പിക്കാവുന്ന സ്മാർട്ട് വാച്ചുകൾക്കും ഹെൽത്ത് മോണിറ്ററുകൾക്കും ഈ സാങ്കേതികവിദ്യ വലിയ കരുത്തുപകരും. നിലവിലെ ഡിസ്‌പ്ലേകൾ നേരിടുന്ന പരിമിതിയാണ് ഫ്ലെക്സിബിലിറ്റികുറവും പെട്ടെന്ന് പൊട്ടിപ്പോകാനുള്ള സാധ്യതയും. ഇത്തരം പരിമിതികൾ മറികടക്കാൻ പുതിയ കണ്ടെത്തലിന് കഴിയും. ഈ നേട്ടം സ്മാർട്ട് വാച്ചുകൾക്കും മറ്റ് മെഡിക്കൽ സെൻസറുകൾക്കും ഒരു പുതിയ മുഖം നൽകുമെന്ന കാര്യത്തിൽ സംശയമില്ല.

About The Author