വരുമോ ‘കൂണു’കളിൽ മുളക്കുന്ന കമ്പ്യൂട്ടർ കാലം!

നമ്മുടെ തീൻമേശയിലെ വിഭവമായിരുന്ന കൂണുകൾ ഇനി സ്മാർട്ട്ഫോണുകളിലും ലാപ്‌ടോപ്പുകളിലും തലച്ചോറായി പ്രവർത്തിച്ചാലോ? കേൾക്കുമ്പോൾ അതിശയിപ്പിക്കുന്നതാണെങ്കിലും ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ ഈ സ്വപ്നം യാഥാർത്ഥ്യമാക്കിയിരിക്കുകയാണ്. പരിസ്ഥിതിക്ക് ദോഷകരമാകുന്ന ലോഹഘടകങ്ങൾക്ക് പകരം ഭക്ഷ്യയോഗ്യമായ കൂണുകളെ ഡിജിറ്റൽ വിവരങ്ങൾ ശേഖരിക്കാനും കൈമാറാനുമുള്ള ‘ഓർഗാനിക് മെംറിസ്റ്ററുകൾ’ ആയി മാറ്റിയെടുക്കാമെന്ന് ഇവർ കണ്ടെത്തിയിരിക്കുന്നു.


സാധാരണ ഗതിയിൽ കമ്പ്യൂട്ടറുകൾ വിവരങ്ങൾ കൈകാര്യം ചെയ്യുന്നത് സിലിക്കൺ ചിപ്പുകളിലൂടെയാണ്. എന്നാൽ ഷിറ്റാക്കി (Shiitake), ബട്ടൺ മഷ്റൂമുകൾ എന്നിവയുടെ ഉൾഭാഗത്തുള്ള മൈസീലിയം എന്ന നൂൽരൂപത്തിലുള്ള ശൃംഖലയെ ഉപയോഗപ്പെടുത്തിയാണ് ഗവേഷകർ ഈ ജൈവ-ചിപ്പുകൾ നിർമ്മിച്ചിരിക്കുന്നത്. മനുഷ്യ മസ്തിഷ്കത്തിലെ നാഡീവ്യൂഹങ്ങൾ എങ്ങനെയാണോ മുൻപത്തെ സിഗ്നലുകൾ ഓർത്തുവെക്കുന്നത്, അതുപോലെ തന്നെ വൈദ്യുതി തരംഗങ്ങളെ തിരിച്ചറിയാനും ഓർത്തുവെക്കാനും ഈ കൂൺ ചിപ്പുകൾക്ക് സാധിക്കും. പരീക്ഷണത്തിൽ ഒരു സെക്കൻഡിൽ അയ്യായിരത്തിലധികം സിഗ്നലുകൾ വരെ 90 ശതമാനം കൃത്യതയോടെ കൈകാര്യം ചെയ്യാൻ ഇവയ്ക്ക് കഴിഞ്ഞുവെന്നത് ശാസ്ത്രലോകത്തെ ഞെട്ടിച്ചിട്ടുണ്ട്.
എന്തുകൊണ്ടാണ് ശാസ്ത്രജ്ഞർ കൂണുകളിലേക്ക് തിരിഞ്ഞത് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമുണ്ട്. ഇന്നത്തെ ഡിജിറ്റൽ ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇലക്ട്രോണിക് മാലിന്യങ്ങളാണ്. അപൂർവ്വ ലോഹങ്ങളും വൈദ്യുതിയും വൻതോതിൽ ഉപയോഗിക്കുന്ന പരമ്പരാഗത ചിപ്പുകൾക്ക് പകരം, വളർത്തിയെടുക്കാൻ എളുപ്പമുള്ളതും ഉപയോഗശേഷം മണ്ണിൽ അലിഞ്ഞുചേരുന്നതുമായ കൂണുകൾ വലിയൊരു പരിസ്ഥിതി വിപ്ലവത്തിന് വഴിയൊരുക്കും. മെഷീൻ ഉപയോഗത്തിലില്ലാത്ത സമയത്ത് വൈദ്യുതി ഒട്ടും പാഴാക്കാതെ തന്നെ വിവരങ്ങൾ നിലനിർത്താൻ ഇത്തരം ‘ബയോ-മെംറിസ്റ്ററുകൾക്ക്’ സാധിക്കുമെന്ന് ഈ പഠനത്തിന് നേതൃത്വം നൽകിയ ജോൺ ലാറോക്കോ വ്യക്തമാക്കുന്നു.

കൂണുകൾ വളർത്തിയെടുത്ത് ഉണക്കിയ ശേഷം പ്രത്യേക സർക്യൂട്ടുകളുമായി ബന്ധിപ്പിച്ചാണ് ഈ പുതിയ തരം കമ്പ്യൂട്ടിംഗ് വികസിപ്പിക്കുന്നത്. വലിപ്പത്തിന്‍റെ കാര്യത്തിൽ ഇപ്പോൾ പ്രാരംഭ ഘട്ടത്തിലാണെങ്കിലും, വരുംകാലത്ത് വസ്ത്രങ്ങളിൽ ഘടിപ്പിക്കാവുന്ന ഇലക്ട്രോണിക്സ്, സ്വയം നിയന്ത്രിത വാഹനങ്ങൾ, ബഹിരാകാശ പര്യവേഷണം തുടങ്ങിയ മേഖലകളിൽ ഇവ വലിയ മാറ്റങ്ങൾ വരുത്തും. പ്രകൃതിയും സാങ്കേതികവിദ്യയും കൈകോർത്താൽ വരും തലമുറയ്ക്കായി കൂടുതൽ ശുദ്ധമായ ഒരു ഭാവി കെട്ടിപ്പടുക്കാമെന്ന് ഈ കണ്ടുപിടുത്തം നമുക്ക് കാണിച്ചുതരുന്നു.

About The Author