വാർത്താ വായനക്കാർക്ക് പുതിയ അനുഭവം നൽകിക്കൊണ്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ ‘ഓഡിയോ ബ്രീഫിംഗ്’. ഈ ഫീച്ചർ ഗൂഗിൾ ന്യൂസ് ആൻഡ്രോയിഡ് ആപ്പുകളിൽ ലഭ്യമാക്കിത്തുടങ്ങി. വാർത്താ പ്രസിദ്ധീകരണങ്ങളുമായി ചേർന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എങ്ങനെ വായനക്കാർക്ക് പ്രയോജനപ്പെടുത്താം എന്ന ഗൂഗിളിന്റെ പൈലറ്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ പുതിയ ചുവടുവെപ്പ്.
വാർത്തകൾ വായിക്കുന്നതിന് മുൻപ് തന്നെ അവയുടെ സംഗ്രഹം നൽകുന്ന എഐ ഓവർവ്യൂ സൗകര്യവും വാർത്തകൾ കേൾക്കാൻ താല്പര്യമുള്ളവർക്കായി ഓഡിയോ ബ്രീഫിംഗുമാണ് ഈ സേവനത്തിലെ പ്രധാന ആകർഷണം. ഗൂഗിൾ ന്യൂസ് ആപ്പിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്ന ‘ലിസൺ’ (Listen) ടാബിലൂടെ ഈ സേവനം ആസ്വദിക്കാം. എഐ ചിഹ്നത്തോടു കൂടിയ ഹെഡ്ഫോൺ ഐക്കണാണ് ഈ ടാബിനായി നൽകിയിരിക്കുന്നത്. ലളിതവും മനോഹരവുമായ മെറ്റീരിയൽ ഡിസൈനിലുള്ള പ്ലെയറാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. വാർത്തകൾ വേഗത്തിലാക്കാനും ആവശ്യമുള്ളവയിലേക്ക് പെട്ടെന്ന് കടക്കാനുമുള്ള പ്രത്യേക നിയന്ത്രണ സംവിധാനങ്ങളും പ്ലെയറിൽ ഉണ്ട്.
രണ്ട് എഐ അവതാരകർ തമ്മിൽ വാർത്തകൾ ചർച്ച ചെയ്യുന്ന പോഡ്കാസ്റ്റ് ശൈലിയിലാണ് ഇതിന്റെ അവതരണം. ദ ഗാർഡിയൻ, ദ വാഷിംഗ്ടൺ പോസ്റ്റ്, ദ ടൈംസ് ഓഫ് ഇന്ത്യ തുടങ്ങി ലോകത്തിലെ പ്രമുഖ മാധ്യമങ്ങളിൽ നിന്നുള്ള വാർത്തകൾ ഇത്തരത്തിൽ ഓഡിയോ രൂപത്തിൽ ലഭ്യമാണ്. പശ്ചാത്തലത്തിൽ വാർത്തകൾ കേട്ടുകൊണ്ടുതന്നെ ഉപഭോക്താക്കൾക്ക് ഫോണിലെ മറ്റ് ആപ്പുകൾ ഉപയോഗിക്കാനും സാധിക്കും. എഐ നിർമ്മിതമാണ് വാർത്താ സംഗ്രഹം എന്നതുകൊണ്ടുതന്നെ ഇതിൽ തെറ്റുകൾക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും ഗൂഗിൾ തന്നെ നൽകുന്നുണ്ട്. നിലവിൽ അമേരിക്കയിലെ ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കാണ് ഈ സേവനം ലഭിച്ചുതുടങ്ങിയിരിക്കുന്നത്. വരും മാസങ്ങളിൽ കൂടുതൽ ഇടങ്ങളിലേക്ക് ഈ സൗകര്യം വ്യാപിപ്പിക്കാനാണ് ഗൂഗിളിന്റെ നീക്കം.

Leave a Reply