ടെസ്‌ലയ്ക്ക് വെല്ലുവിളി; മനുഷ്യനെപ്പോലെ ‘കെട്ടിപ്പിടിക്കുന്ന’ അയൺ റോബോട്ടുമായി എക്‌സ്‌പെങ്

ഇലക്ട്രിക് വാഹന വിപണിയിലെ (EV) പോരാട്ടം ഇനി റോബോട്ടിക്‌സിലേക്കും. ടെസ്‌ലയുടെ ‘ഒപ്റ്റിമസ്’ റോബോട്ടിന് ശക്തമായ മറുപടിയുമായി ചൈനീസ് വാഹന നിർമ്മാതാക്കളായ എക്‌സ്‌പെങ് (Xpeng) തങ്ങളുടെ പുതിയ ഹ്യൂമനോയിഡ് റോബോട്ട് ‘അയൺ’ (Iron) അവതരിപ്പിച്ചു. സാങ്കേതികലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഈ റോബോട്ട്, കേവലമൊരു യന്ത്രം എന്നതിലുപരി മനുഷ്യരുടെ വികാരങ്ങൾ മനസ്സിലാക്കുന്ന ഒരു കൂട്ടുകാരനായാണ് എത്തുന്നത്.

മറ്റ് റോബോട്ടുകളിൽ നിന്ന് അയണിനെ വ്യത്യസ്തമാക്കുന്നത് അതിന്‍റെ നിർമ്മാണരീതിയാണ്. ലോഹഭാഗങ്ങൾക്ക് പകരം മനുഷ്യശരീരത്തിന് സമാനമായ കൃത്രിമ പേശികളും (Artificial Muscles) സിന്തറ്റിക് ചർമ്മവുമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് റോബോട്ടിന് കൂടുതൽ ജീവസ്സുറ്റ രൂപം നൽകുന്നു. ഉപയോക്താക്കളുമായി വൈകാരികമായി അടുത്തിടപഴകാൻ കഴിയുന്ന രീതിയിലാണ് അയണിന്‍റെ രൂപകൽപ്പന. മനുഷ്യരെപ്പോലെ സ്നേഹത്തോടെ കെട്ടിപ്പിടിക്കാനും (Hug) ആശ്വസിപ്പിക്കാനും ഈ റോബോട്ടിന് സാധിക്കും. ഉപയോക്താക്കൾക്ക് റോബോട്ടിനോട് കൂടുതൽ അടുപ്പവും വിശ്വാസവും തോന്നാൻ ഇത്തരം പെരുമാറ്റരീതികൾ സഹായിക്കുമെന്ന് എക്‌സ്‌പെങ് സിഇഒ ഹെ ഷിയാവോപെങ് പറയുന്നു. ഇലോൺ മസ്കിന്‍റെ ടെസ്‌ല ഒപ്റ്റിമസ് റോബോട്ടുമായി വിപണിയിൽ നേരിട്ട് ഏറ്റുമുട്ടാനാണ് എക്‌സ്‌പെങ് ലക്ഷ്യമിടുന്നത്. ഇലക്ട്രിക് കാറുകൾക്ക് പിന്നാലെ റോബോട്ടിക്സിലും ആഗോളശക്തിയാകാനുള്ള എക്‌സ്‌പെങ്ങിന്‍റെ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. വീട്ടുജോലികളിൽ സഹായിക്കുന്നതിനൊപ്പം, വൈകാരിക പിന്തുണ നൽകുന്ന ഒരു കുടുംബാംഗത്തെപ്പോലെ പ്രവർത്തിക്കാനും അയണിന് സാധിക്കും. മനുഷ്യരെപ്പോലെ പെരുമാറുന്ന റോബോട്ടുകൾ നമ്മുടെ ദൈനംദിന ജീവിതത്തിന്‍റെ ഭാഗമാകുന്ന കാലം വിദൂരമല്ലെന്ന സൂചനയാണ് ‘അയൺ’ നൽകുന്നത്. 2026-ഓടെ ഈ റോബോട്ടുകളെ വൻതോതിൽ നിർമ്മിച്ച് വിപണിയിൽ ഇറക്കാനാണ് എക്‌സ്‌പെങ് ലക്ഷ്യമിടുന്നത്.

About The Author