AI-ക്ക് ഇനി ബഹിരാകാശം വീട്: ഗൂഗിളിന്‍റെ വിപ്ലവ പദ്ധതി

കൃത്രിമബുദ്ധി (AI) ലോകത്തെ മാറ്റിമറിക്കുന്ന ഒരു സാങ്കേതികവിദ്യയായി വളരുമ്പോൾ, അതിന്‍റെ പൂർണ്ണമായ സാധ്യതകൾ കണ്ടെത്താൻ എവിടെയെത്തണം എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് ടെക് ഭീമനായ ഗൂഗിൾ. ഭൂമിയുടെ പരിമിതികൾക്കപ്പുറം, ബഹിരാകാശത്ത് സോളാർ ഊർജ്ജത്തിൽ പ്രവർത്തിക്കുന്ന ഉപഗ്രഹങ്ങളുടെ കൂട്ടം സ്ഥാപിച്ച് AI കമ്പ്യൂട്ടിംഗിന് പുതിയ മാനം നൽകുന്ന ഗവേഷണപദ്ധതിയായ പ്രോജക്ട് സൺകാച്ചറിന് തുടക്കം കുറിച്ചു. സൂര്യന്‍റെ അളവറ്റ ഊർജ്ജം നേരിട്ട് ഉപയോഗിച്ച് ബഹിരാകാശത്ത് എഐ ഡാറ്റാ സെന്‍ററുകളുടെ ഒരു ശൃംഖല സ്ഥാപിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഭൂമിയെക്കാൾ 100 ട്രില്യൺ മടങ്ങ് അധികം ഊർജ്ജം പുറത്തുവിടുന്ന സൂര്യനെ, ഭ്രമണപഥത്തിലെ കമ്പ്യൂട്ടിംഗിന് നേരിട്ട് ഉപയോഗപ്പെടുത്താൻ കഴിയുമെന്നാണ് ഗൂഗിൾ ഗവേഷകരുടെ കണ്ടെത്തൽ. സൗരോർജ്ജ പാനലുകൾ ശരിയായ ഭ്രമണപഥത്തിൽ സ്ഥാപിച്ചാൽ, ഭൂമിയിലുള്ളതിനേക്കാൾ എട്ട് മടങ്ങ് വരെ ഉത്പാദനക്ഷമത നേടാൻ സാധിക്കും. ഇതോടെ ബാറ്ററികളുടെ ആവശ്യകത കുറയുകയും, ഊർജ്ജ-സമ്പന്നമായ ബഹിരാകാശം എഐയുടെ വളർച്ചയ്ക്കുള്ള ഏറ്റവും മികച്ച വേദിയായി മാറുകയും ചെയ്യും. ഈ ഭീമൻ പദ്ധതിക്ക് ഗൂഗിൾ നൽകിയിരിക്കുന്ന പേരാണ് ‘പ്രോജക്ട് സൺകാച്ചർ’.

പ്രോജക്ട് സൺകാച്ചർ വിഭാവനം ചെയ്യുന്നത് ഗൂഗിളിന്‍റെ കസ്റ്റം ടെൻസർ പ്രോസസ്സിംഗ് യൂണിറ്റുകൾ (TPU-കൾ) ഘടിപ്പിച്ച, സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ചെറിയ ഉപഗ്രഹങ്ങളുടെ കൂട്ടമാണ്. ഈ ഉപഗ്രഹങ്ങൾ ഫ്രീ-സ്പേസ് ഒപ്റ്റിക്കൽ ലിങ്കുകൾ വഴി പരസ്പരം ബന്ധിപ്പിക്കും. ഭൂമിയിലെ ഡാറ്റാ സെന്‍ററുകൾക്ക് സമാനമായ പ്രകടനം കൈവരിക്കാനായി, ഉപഗ്രഹങ്ങൾ തമ്മിൽ സെക്കൻഡിൽ ടെറാബിറ്റുകൾ വേഗതയിലുള്ള ഡാറ്റാ കൈമാറ്റം നടത്തേണ്ടതുണ്ട്. ഇതിനായി ഉപഗ്രഹങ്ങളെ കിലോമീറ്ററിൽ താഴെ മാത്രം അകലത്തിൽ, അതീവ അടുപ്പമുള്ള രൂപീകരണത്തിൽ (tightly-clustered formation) പറത്താനാണ് ഗൂഗിൾ ലക്ഷ്യമിടുന്നത്. ഈ സമീപനം സാധൂകരിക്കുന്നതിനായി നടത്തിയ ലാബ് പരീക്ഷണങ്ങളിൽ ഒരു ട്രാൻസ്സീവർ ജോഡി ഉപയോഗിച്ച് 1.6 Tbps വേഗത കൈവരിക്കാൻ കഴിഞ്ഞു.
ഇതുവരെ ബഹിരാകാശ ദൗത്യങ്ങൾക്ക് നേരിട്ടിരുന്ന ഏറ്റവും വലിയ വെല്ലുവിളിയായ റേഡിയേഷനെ അതിജീവിക്കാൻ ഗൂഗിൾ ടിപിയു-കൾക്ക് കഴിയുമോ എന്നതായിരുന്നു പ്രധാന ചോദ്യം. എന്നാൽ, ഏറ്റവും പുതിയ Trillium (v6e) Cloud TPU ചിപ്പുകളിൽ നടത്തിയ പരീക്ഷണങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. പ്രതീക്ഷിക്കുന്ന അഞ്ചു വർഷത്തെ ദൗത്യത്തിന് ആവശ്യമായ റേഡിയേഷൻ ഡോസിനേക്കാൾ മൂന്നിരട്ടി വരെ ചിപ്പുകൾക്ക് താങ്ങാൻ കഴിയുമെന്ന് പരീക്ഷണങ്ങൾ തെളിയിച്ചു.
കൂടുതൽ സാങ്കേതിക വെല്ലുവിളികളായ താപനില നിയന്ത്രണം, ഭൂമിയിലേക്കുള്ള അതിവേഗ ആശയവിനിമയം തുടങ്ങിയവ നിലനിൽക്കെത്തന്നെ, ഈ അടിസ്ഥാന ആശയങ്ങൾക്ക് ശാസ്ത്രീയമായോ സാമ്പത്തികപരമായോ തടസ്സങ്ങളില്ലെന്ന് ഗൂഗിളിന്‍റെ ഗവേഷണ പ്രബന്ധം വ്യക്തമാക്കുന്നു. കൂടാതെ, വിക്ഷേപണച്ചെലവ് 2030-കളോടെ കിലോഗ്രാമിന് 200 ഡോളറിൽ താഴെയായി കുറഞ്ഞാൽ, ബഹിരാകാശത്തെ ഡാറ്റാ സെന്‍ററുകളുടെ പ്രവർത്തനച്ചെലവ് ഭൂമിയിലെ ഡാറ്റാ സെന്‍ററുകൾക്ക് ഏതാണ്ട് തുല്യമായി മാറിയേക്കാം.
ഈ സ്വപ്ന പദ്ധതിയുടെ അടുത്ത നിർണായക ഘട്ടമായി, 2027-ന്‍റെ തുടക്കത്തിൽ പ്ലാനറ്റുമായി (Planet) സഹകരിച്ച് രണ്ട് പ്രോട്ടോടൈപ്പ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഗൂഗിൾ ഒരുങ്ങുകയാണ്. ഭ്രമണപഥത്തിൽ ടിപിയു-കളുടെ പ്രവർത്തനം, ഒപ്റ്റിക്കൽ ലിങ്കുകൾ ഉപയോഗിച്ചുള്ള എഐ ടാസ്‌കുകൾ എന്നിവ പരീക്ഷിക്കുകയാണ് ഈ ദൗത്യത്തിന്‍റെ ലക്ഷ്യം. ഗൂഗിളിന്‍റെ ക്വാണ്ടം കമ്പ്യൂട്ടിംഗ്, സ്വയംഭരണ വാഹനങ്ങൾ (വേമോ) തുടങ്ങിയ മുൻകാല ദൗത്യങ്ങളുടെ പാത പിന്തുടർന്ന്, പ്രോജക്ട് സൺകാച്ചർ എഐയുടെ ഭാവി നിർവചിക്കുന്ന ഒരു പുതിയ സാങ്കേതിക മുന്നേറ്റമായേക്കാം.

About The Author