ബഹളമില്ലാതെ ആരോഗ്യം ശ്രദ്ധിക്കാൻ ഇനി ഈ പുത്തൻ ഗാഡ്‌ജെറ്റ്

ഗൂഗിള്‍ പുതിയ സ്ക്രീൻ ഇല്ലാത്ത ഫിറ്റ്‌നസ് ട്രാക്കറായ Fitbit Air അവതരിപ്പിച്ചു. സ്മാർട്ട് വാച്ചുകളിലെ പോലെ സ്ഥിരമായ നോട്ടിഫിക്കേഷനുകളോ ഡിസ്പ്ലേയോ വേണ്ടാത്ത ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ പുതിയ വേറബിൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 8,300 രൂപ വിലയുള്ള ഉപകരണം ഇപ്പോൾ പ്രീഓർഡറിന് ലഭ്യമാണ്.

വളരെ ചെറിയ “പെബിൾ” ഡിസൈനോടെയാണ് ഫിറ്റ്ബിറ്റ് എയർ എത്തുന്നത്. ഡിസ്പ്ലേ ഇല്ലാത്തതിനാൽ, ഉപയോക്താക്കൾക്ക് ആരോഗ്യ-ഫിറ്റ്‌നസ് വിവരങ്ങൾ പരിശോധിക്കാൻ കൈവാച്ച് നോക്കേണ്ടതില്ല; പകരം എല്ലാ വിവരങ്ങളും Google Health ആപ്പിൽ ലഭ്യമാകും. ജെമിനി AI അധിഷ്ഠിതമായ Google Health Coach വഴിയാണ് വ്യക്തിഗത ആരോഗ്യ നിർദേശങ്ങളും ഫിറ്റ്‌നസ് മാർഗനിർദേശങ്ങളും ലഭിക്കുക.
ഗൂഗിളിന്റെ ഇതുവരെയുള്ള ഏറ്റവും ചെറിയ ഫിറ്റ്‌നസ് ട്രാക്കറാണിതെന്ന് കമ്പനി പറയുന്നു. പ്രത്യേകിച്ച് ഉറക്ക നിരീക്ഷണത്തെ മുൻനിർത്തിയാണ് ഡിസൈൻ തയ്യാറാക്കിയിരിക്കുന്നത്. ഭാരം കുറഞ്ഞ രൂപകൽപ്പന കാരണം രാത്രിയിൽ ധരിക്കാനും കൂടുതൽ സൗകര്യപ്രദമാണ്. Pixel Watch പോലുള്ള സ്മാർട്ട് വാച്ചുകൾ ദിവസത്തിൽ ഉപയോഗിക്കുന്നവർക്ക് രാത്രിയിൽ ഫിറ്റ്ബിറ്റ് എയർ ഉപയോഗിക്കാനാകുമെന്ന് ഗൂഗിൾ വ്യക്തമാക്കുന്നു.


24 മണിക്കൂറും ഹൃദയമിടിപ്പ് നിരീക്ഷണം, AFib അലർട്ടുകൾ, ഉറക്ക ഘട്ടങ്ങൾ, രക്തത്തിലെ ഓക്സിജൻ നില, ഹാർട്ട് റേറ്റ് വേരിയബിലിറ്റി, ഓട്ടോമാറ്റിക് വർക്ക്‌ഔട്ട് ഡിറ്റക്ഷൻ തുടങ്ങിയ ആരോഗ്യ ഫീച്ചറുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ AI സഹായത്തോടെ പ്രവർത്തിക്കുന്ന Google Health Coach വഴി ഗൈഡഡ് വർക്ക്‌ഔട്ടുകളും വ്യക്തിഗത പരിശീലന നിർദേശങ്ങളും ലഭിക്കും.


ഫിറ്റ്ബിറ്റ് എയറിലെ ശ്രദ്ധേയമായ മറ്റൊരു സവിശേഷത ഫോട്ടോ അധിഷ്ഠിത വർക്ക്‌ഔട്ട് ലോഗിംഗാണ്. ജിമ്മിലെ ഉപകരണങ്ങളുടെയോ വൈറ്റ്‌ബോർഡിൽ എഴുതിയ വർക്ക്‌ഔട്ട് റൂട്ടീനുകളുടെയോ ചിത്രം എടുത്താൽ, AI അതിനെ തിരിച്ചറിഞ്ഞ് സ്വമേധയാ വർക്ക്‌ഔട്ട് വിവരങ്ങൾ രേഖപ്പെടുത്തും.


ആന്‍ഡ്രോയിഡ് 11-നും അതിന് മുകളിലുള്ള ഫോണുകളും iOS 16.4-നും അതിന് മുകളിലുള്ള ഐഫോണുകളും ഈ ഉപകരണവുമായി പ്രവർത്തിക്കും. ഗൂഗിള്‍ ഹെല്‍ത്ത് ആപ്പും ഗൂഗിള്‍ അക്കൗണ്ടും ആവശ്യമാണ്.


സ്റ്റാൻഡേർഡ് മോഡലിനൊപ്പം Performance Loop Band ലഭിക്കും. Active Band, Elevated Modern Band തുടങ്ങിയ മറ്റ് ബാൻഡുകളും വേർതിരിച്ച് വിൽപ്പനയ്‌ക്ക് ഉണ്ടാകും. കൂടാതെ Stephen Curry Special Edition Fitbit Air പതിപ്പും ഗൂഗിൾ പുറത്തിറക്കുന്നു. ഇത് മേയ് 26 മുതൽ വിപണിയിൽ ലഭ്യമാകും. എന്നാൽ ഫിറ്റ്ബിറ്റ് എയറിലെ ആരോഗ്യ ഫീച്ചറുകൾ മെഡിക്കൽ ഉപകരണങ്ങൾക്ക് പകരമല്ലെന്നും രോഗനിർണയത്തിനായി ഉപയോഗിക്കരുതെന്നും ഗൂഗിൾ മുന്നറിയിപ്പ് നൽകുന്നു. Google Health Premium സബ്സ്ക്രിപ്ഷൻ എടുത്താൽ മാത്രമേ ചില AI ഫീച്ചറുകൾ പൂർണമായി ഉപയോഗിക്കാൻ കഴിയൂ. ആദ്യ മൂന്ന് മാസം സൗജന്യ ട്രയൽ ലഭ്യമാകും.
പുതിയ ഫിറ്റ്ബിറ്റ് എയർ വഴി കുറഞ്ഞ വിലയിൽ ആരോഗ്യ ട്രാക്കിംഗ് വിപണിയിലേക്ക് കൂടുതൽ ഉപയോക്താക്കളെ എത്തിക്കാനും AI അധിഷ്ഠിത ഹെൽത്ത് സേവനങ്ങളിലേക്ക് ആളുകളെ ആകർഷിക്കാനുമാണ് ഗൂഗിളിന്റെ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു.

About The Author