മൊബൈൽ ഫോണുകളും മറ്റ് വയർലെസ് ഇലക്ട്രോണിക് ഉപകരണങ്ങളും കൂടുതൽ ചെറുതും വേഗതയുള്ളതുമാക്കാൻ സഹായിക്കുന്ന വിപ്ലവകരമായ കണ്ടുപിടുത്തവുമായി ഒരു കൂട്ടം എഞ്ചിനീയർമാർ. ഭൂകമ്പ സമയത്ത് ഭൂമിയുടെ ഉപരിതലത്തിലുണ്ടാകുന്നതിന് സമാനമായ അതിസൂക്ഷ്മമായ വിറയലുകൾ കൃത്രിമമായി സൃഷ്ടിക്കാൻ കഴിയുന്ന ‘ഫോണോൺ ലേസർ’ എന്ന ഉപകരണമാണ് ഗവേഷകർ വികസിപ്പിച്ചെടുത്തത്.
നിലവിൽ എല്ലാ സ്മാർട്ട്ഫോണുകളിലും സിഗ്നലുകൾ ഫിൽട്ടർ ചെയ്യുന്നതിനായി ‘സർഫസ് അക്കൗസ്റ്റിക് വേവ്സ്’ എന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത് . റേഡിയോ തരംഗങ്ങളെ മെക്കാനിക്കൽ വിറയലുകളാക്കി മാറ്റി അനാവശ്യ ശബ്ദങ്ങൾ ഒഴിവാക്കാനാണ് ഇത് സഹായിക്കുന്നത്. എന്നാൽ നിലവിലെ സംവിധാനങ്ങൾക്ക് ഒന്നിലധികം ചിപ്പുകളും കൂടുതൽ വൈദ്യുതിയും ആവശ്യമാണ്. ഇതിന് പകരമായി ഒരു ചിപ്പിൽ തന്നെ ഒതുങ്ങുന്നതും സാധാരണ ബാറ്ററിയുടെ സഹായത്തോടെ ഉയർന്ന ആവൃത്തിയിൽ പ്രവർത്തിക്കുന്നതുമായ ലേസർ സംവിധാനമാണ് പുതിയ ഗവേഷണത്തിലൂടെ സാധ്യമായിരിക്കുന്നത്.
സിലിക്കൺ പാളിക്കു മുകളിൽ ലിഥിയം നിയോബേറ്റ്, ഇൻഡിയം ഗാലിയം ആഴ്‌സണൈഡ് എന്നീ പദാർത്ഥങ്ങൾ പ്രത്യേക രീതിയിൽ അടുക്കിവെച്ചാണ് ഈ ഉപകരണം നിർമ്മിച്ചിരിക്കുന്നത്. സാധാരണ ലേസറുകളിൽ പ്രകാശരശ്മികൾ പ്രതിഫലിച്ച് ശക്തി പ്രാപിക്കുന്നത് പോലെ, ഇതിൽ ശബ്ദതരംഗങ്ങൾക്ക് സമാനമായ വിറയലുകൾ ചിപ്പിനുള്ളിൽ പ്രതിഫലിച്ച് ശക്തി പ്രാപിക്കുന്നു. ഇത്തരത്തിൽ സെക്കൻഡിൽ നൂറ് ഗിഗാഹെർട്‌സ് വരെ വേഗതയിൽ വിറയലുകൾ സൃഷ്ടിക്കാൻ ഈ സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.
ഫോണുകളിൽ ഇന്റർനെറ്റ് ഉപയോഗിക്കുമ്പോഴും കോൾ ചെയ്യുമ്പോഴും സിഗ്നലുകൾ വേഗത്തിൽ പ്രോസസ്സ് ചെയ്യാൻ ഈ കണ്ടുപിടുത്തം സഹായിക്കും. റേഡിയോ വാർത്താവിനിമയത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളും ഒരൊറ്റ ചിപ്പിൽ തന്നെ ഉൾപ്പെടുത്താൻ സാധിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. ഇത് ഉപകരണങ്ങളുടെ വലിപ്പം കുറയ്ക്കാനും ബാറ്ററി ലാഭിക്കാനും സഹായിക്കും. ഭാവിയിൽ 6G പോലുള്ള അതിവേഗ സാങ്കേതികവിദ്യകൾ നടപ്പിലാക്കുന്നതിൽ ഈ ‘ഫോണോൺ ലേസർ’ വലിയ പങ്ക് വഹിക്കുമെന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്
