ടിവി ഔട്ട്; യൂട്യൂബ് ഇൻ: 2026-ൽ വിനോദലോകം മാറ്റിമറിക്കാൻ യുട്യൂബ്

നമ്മുടെ സ്വീകരണമുറികളിലെ വിനോദ സങ്കൽപ്പങ്ങളെ പാടേ മാറ്റിമറിക്കാൻ പോകുന്ന വൻ പദ്ധതികളുമായി യൂട്യൂബ്. 2026-ൽ കമ്പനി നടപ്പിലാക്കാൻ പോകുന്ന നിർണ്ണായക മാറ്റങ്ങളെക്കുറിച്ച് സിഇഒ നീൽ മോഹൻ പുറത്തുവിട്ട വാർഷിക കത്ത് ആഗോള മാധ്യമ ലോകത്ത് വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. സാധാരണ വീഡിയോകൾക്കപ്പുറം, ടെലിവിഷൻ വ്യവസായത്തെ നേരിട്ട് വെല്ലുവിളിക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് പ്ലാറ്റ്‌ഫോമിൽ വരാനിരിക്കുന്നത്.


ഇന്നലെ വരെ ‘യൂസർ ജനറേറ്റഡ് കണ്ടെന്‍റ്’ എന്ന് വിളിച്ച് നിസ്സാരമാക്കിയിരുന്ന വീഡിയോകൾ ഇന്ന് ആഗോള സിനിമകളോടും സ്റ്റുഡിയോ നിർമ്മാണങ്ങളോടും കിടപിടിക്കുന്ന തലത്തിലേക്ക് വളർന്നിരിക്കുന്നു. വരാനിരിക്കുന്ന കാലത്ത് ക്രിയേറ്റർമാരാണ് പുതിയ ‘പ്രൈം ടൈം’ എന്ന് നീൽ മോഹൻ പ്രഖ്യാപിക്കുന്നു. ഇതിന്‍റെ ഭാഗമായി, ഒരേ സ്ക്രീനിൽ പല ചാനലുകൾ ഒരേസമയം കാണാൻ കഴിയുന്ന ‘മൾട്ടിവ്യൂ’ സംവിധാനവും, സ്പോർട്സ് മുതൽ വാർത്തകൾ വരെ ഉൾപ്പെടുന്ന പത്തിലധികം പ്രത്യേക സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളും യൂട്യൂബ് അവതരിപ്പിക്കും. അതായത്, കേബിൾ കണക്ഷനുകളോ സാറ്റലൈറ്റ് ടിവികളോ ഇല്ലാതെ തന്നെ ഒരു സമ്പൂർണ്ണ ടിവി അനുഭവം യൂട്യൂബിലൂടെ മാത്രം ലഭ്യമാവുന്ന കാലം വിദൂരമല്ല.


സാങ്കേതികവിദ്യയുടെ അതിപ്രസരം ഡിജിറ്റൽ ലോകത്തെ എങ്ങനെ മാറ്റിമറിക്കുമെന്ന ചോദ്യത്തിന് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് എന്ന ഉത്തരമാണ് യൂട്യൂബ് നൽകുന്നത്. ക്രിയേറ്റർമാർക്ക് നിമിഷങ്ങൾക്കുള്ളിൽ സംഗീതവും ഷോർട്‌സുകളും നിർമ്മിക്കാൻ സഹായിക്കുന്ന എഐ ടൂളുകൾ വരുമ്പോൾ തന്നെ, വ്യാജ വീഡിയോകളും ഡീപ്ഫേക്കുകളും തടയാനുള്ള കർശനമായ കാവലാളായും യൂട്യൂബ് മാറും. ഇതിനൊപ്പം തന്നെ, സ്മാർട്ട്ഫോണുകൾക്ക് അടിമപ്പെടുന്ന പുതുതലമുറയെ സംരക്ഷിക്കാൻ മാതാപിതാക്കൾക്ക് ഷോർട്‌സ് സ്ക്രോളിംഗ് പൂർണ്ണമായും നിയന്ത്രിക്കാൻ കഴിയുന്ന ‘സീറോ ലിമിറ്റ്’ ഫീച്ചറും കമ്പനി ഒരുക്കുന്നുണ്ട്.
ആഗോള സമ്പദ്‌വ്യവസ്ഥയിൽ തന്നെ വലിയ സ്വാധീനം ചെലുത്തുന്ന തരത്തിലേക്ക് യൂട്യൂബ് വളർന്നു കഴിഞ്ഞു. ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം ഇൻ-ആപ്പ് പർച്ചേസിംഗ് പോലുള്ള പുത്തൻ വരുമാന മാർഗ്ഗങ്ങളിലൂടെ ക്രിയേറ്റർമാരെ പുതിയ തലത്തിലേക്ക് ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ലോകം ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു സാധാരണക്കാരൻ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ യൂട്യൂബിലെ ഏറ്റവും വലിയ സൂപ്പർതാരമായി മാറുന്ന അത്ഭുതക്കാഴ്ചയ്ക്കായിരിക്കും 2026 സാക്ഷ്യം വഹിക്കുക.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*