ഗൂഗിളിന്റെ അത്യാധുനികമായ ജെമിനി 3 എഐ മോഡലിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന പരീക്ഷണാത്മക ബ്രൗസറാണ് ഡിസ്കോ(Disco). നിലവിലുള്ള എഐ ചാറ്റ്ബോട്ടുകൾ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയോ, വിവരങ്ങൾ സംഗ്രഹിക്കുകയോ ചെയ്യുമ്പോൾ, ഡിസ്കോ അതിൽ നിന്ന് ഒരുപടി മുന്നോട്ട് പോയി വിവരങ്ങൾ തിരയുക എന്നതിലുപരി, ആ വിവരങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കാൻ കഴിയുന്ന ടൂളുകൾ സൃഷ്ടിക്കുന്നു. ഡിസ്കോയുടെ പ്രവർത്തനത്തിന്റെ പ്രധാന ഘടകം ജെൻടാബ്സ് എന്നറിയപ്പെടുന്ന സാങ്കേതികവിദ്യയാണ്. ഇത്, ഉപയോക്താവിന്റെ ചാറ്റ് ഹിസ്റ്ററി പരിശോധിച്ച് ഉപയോക്താവിന്റെ യഥാർത്ഥ ആവശ്യം എന്താണെന്ന് കൃത്യമായി മനസ്സിലാക്കുന്നു. തുടർന്ന്, ഈ ആവശ്യത്തിനനുസരിച്ച്, യാതൊരുവിധ കോഡിംഗുമില്ലാതെ, മിനി വെബ് ആപ്പുകൾ ജെൻടാബ്സ് തത്സമയം നിർമ്മിച്ചു നൽകുന്നു.
ഉദാഹരണമായി ഒരാൾ വിവിധ വെബ്സൈറ്റുകളിൽ നിന്ന് ഹോട്ടലുകളുടെയും വിമാനങ്ങളുടെയും വിവരങ്ങൾ തിരയുകയാണെങ്കിൽ ഒരു ട്രിപ്പ് പ്ലാനിംഗ് ആണ് നിങ്ങൾ നടത്തുന്നതെന്ന് മനസിലാക്കി, മാപ്പുകളും കലണ്ടർ ഇന്റഗ്രേഷനും താരതമ്യ പട്ടികകളുമെല്ലാം ഉൾപ്പെടുത്തി ഒരു സമ്പൂർണ്ണ ട്രിപ്പ് പ്ലാനർ ആപ്പ് നിർമ്മിച്ചുനൽകും. വിവിധ വിഷയങ്ങളിൽ ഗവേഷണം ചെയ്യുന്ന വിദ്യാർത്ഥിക്ക് പ്രധാന ആശയങ്ങൾ ദൃശ്യവൽക്കരിക്കാനും സംഗ്രഹിക്കാനുമുള്ള ഒരു സ്റ്റഡി ഹെൽപ്പർ ടൂളായും ഇത് മാറും.
ഡിസ്കോ, ബ്രൗസറിനെ വെറും വിവരങ്ങൾ കാണുന്ന സഹായി എന്നതിലുപരി നമുക്ക് ആവശ്യമുള്ള കാര്യങ്ങൾ നിർമ്മിച്ചുതരുന്ന ഒരു പ്ലാറ്റ്ഫോമായി മാറ്റുന്നു. ഗൂഗിൾ ലാബ്സിന്റെ കീഴിൽ ഒരു പരീക്ഷണാത്മക പ്രോജക്റ്റായാണ് ഡിസ്കോ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ മാക്ഒഎസ് ഉപയോക്താക്കൾക്കാണ് ഇത് ലഭ്യമാവുക. ഈ പരീക്ഷണങ്ങളിലൂടെ ലഭിക്കുന്ന പ്രതികരണങ്ങളെ വിലയിരുത്തിയ ശേഷം, ഇത് ഗൂഗിൾ ക്രോം പോലുള്ള പ്രധാന ഉൽപ്പന്നങ്ങളിലേക്ക് സമന്വയിപ്പിക്കാൻ സാധ്യതയുണ്ട്. ഉൽപാദനക്ഷമത വർദ്ധിപ്പിക്കാനും ഇന്റർനെറ്റ് ഉപയോഗം ലളിതമാക്കാനുമുള്ള എഐയുടെ കഴിവിലേക്കുള്ള ഒരു സുപ്രധാന കാൽവെപ്പാണ് ഡിസ്കോ. വെബ് ബ്രൗസിംഗിന്റെ ഭാവിയെ നിർവചിക്കാൻ പോകുന്ന ഒരു സാങ്കേതിക വിപ്ലവമായിരിക്കും ഇത്.
