പ്രീമിയം ഫോണുകൾക്ക് ഇന്ത്യൻ വെല്ലുവിളി: ഐ പ്ലസ് നോവ ഫ്ലിപ്പ്

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ തദ്ദേശീയ സാന്നിധ്യം ശക്തമാക്കാൻ ലക്ഷ്യമിട്ട് എൻക്സ്റ്റ്ക്വാണ്ടം (NxtQuantum) ഉടമസ്ഥതയിലുള്ള ഐ പ്ലസ് (Ai+) തങ്ങളുടെ ആദ്യ ഫോൾഡബിൾ സ്മാർട്ട്ഫോൺ സീരീസായ ‘നോവ ഫ്ലിപ്പ്’ പ്രഖ്യാപിച്ചു. പ്രീമിയം സ്മാർട്ട്ഫോൺ വിഭാഗത്തിലേക്ക് ചുവടുവെക്കുന്ന കമ്പനി, 2026-ന്റെ ആദ്യ പാദത്തോടെ ഈ പുതിയ സീരീസ് വിപണിയിലെത്തുന്നു. റിയൽമി ഇന്ത്യയുടെ മുൻ മേധാവിയും പ്രമുഖ വ്യവസായ പ്രമുഖനുമായ മാധവ് ഷേത്തിന്റെ നേതൃത്വത്തിലാണ് കമ്പനി ഈ പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നത്.


ഈ വർഷം ജൂലൈയിൽ വിപണിയിലെത്തിയ രണ്ട് ബജറ്റ് സ്മാർട്ട്ഫോണുകൾക്ക് ലഭിച്ച മികച്ച പ്രതികരണത്തിന് പിന്നാലെയാണ് ഐ പ്ലസ് ഫ്ലാഗ്ഷിപ്പ് ശ്രേണിയിലേക്ക് കടക്കുന്നത്. ‘നോവ’ എന്ന പേരിൽ അവതരിപ്പിക്കുന്ന ഈ പുതിയ ശ്രേണിയിൽ നോവ പ്രോ, നോവ അൾട്രാ, നോവ ഫ്ലിപ്പ് എന്നീ മോഡലുകൾ ഉൾപ്പെടും. വരും വർഷങ്ങളിൽ ഒരു ‘ബുക്ക്-സ്റ്റൈൽ’ ഫോൾഡബിൾ ഫോണും പുറത്തിറക്കാൻ കമ്പനിക്ക് പദ്ധതിയുണ്ട്.
സാങ്കേതിക മികവിനൊപ്പം ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്കും മുൻഗണന നൽകുന്ന രീതിയിലാണ് നോവ ഫ്ലിപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കമ്പനിയുടെ സ്വന്തം എൻക്സ്റ്റ്ക്വാണ്ടം ഒഎസിലായിരിക്കും (NxtQuantum OS) ഈ ഫോൺ പ്രവർത്തിക്കുക. ഫോൺ മടക്കി വെച്ചിരിക്കുമ്പോഴും തുറന്നിരിക്കുമ്പോളും ഒരേപോലെ പ്രവർത്തിക്കാൻ സഹായിക്കുന്ന വിധത്തിലാണ് ഇതിലെ സോഫ്റ്റ്‌വെയർ ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ, ചൈനീസ് ബ്രാൻഡുകളിൽ പൊതുവെ കണ്ടുവരാറുള്ള അനാവശ്യ ആപ്പുകൾ (Bloatware), ഉപഭോക്താവിന്റെ വിവരങ്ങൾ ചോർത്തുന്ന ട്രാക്കറുകൾ എന്നിവ ഈ ഫോണിൽ ഉണ്ടാവില്ലെന്ന് കമ്പനി ഉറപ്പുനൽകുന്നു.


കൈകാര്യം ചെയ്യാൻ എളുപ്പമുള്ള ഒതുക്കമുള്ള ഡിസൈനുകൾ ഉപഭോക്താക്കൾ വീണ്ടും ആഗ്രഹിക്കുന്നുവെന്നും അത്തരമൊരു മാറ്റമാണ് നോവ ഫ്ലിപ്പിലൂടെ ലക്ഷ്യമിടുന്നതെന്നും ഐ പ്ലസ് സ്മാർട്ട്ഫോൺ സിഇഒ മാധവ് ഷേത്ത് വ്യക്തമാക്കി. ആധുനിക കാലത്തെ സാങ്കേതിക ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം ഫോണുകളുടെ അനാവശ്യ കടന്നുകയറ്റം കുറയ്ക്കാനും പുതിയ ഡിസൈൻ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വരും മാസങ്ങളിൽ നോവ ഫ്ലിപ്പിന്റെ കൂടുതൽ സവിശേഷതകളും വിലവിവരങ്ങളും കമ്പനി പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

About The Author