മൗസും കീബോർഡുമില്ലാതെ കമ്പ്യൂട്ടറിനെ നിയന്ത്രിക്കുന്ന കാലം വിദൂരമല്ല. മനുഷ്യനും കമ്പ്യൂട്ടറും തമ്മിലുള്ള ആശയവിനിമയത്തിന്‍റെ ഭാവി കൈത്തണ്ടയിലായിരിക്കും എന്ന് പ്രഖ്യാപിച്ച്, മെറ്റാ ഒരു പുത്തൻ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നു. പേശികളുടെ സൂക്ഷ്മ ചലനങ്ങൾ വായിച്ചെടുക്കാൻ കഴിയുന്ന, ആംഗ്യങ്ങൾ തിരിച്ചറിയുന്ന ഒരു റിസ്റ്റ്ബാൻഡ് പ്രോട്ടോടൈപ്പ് ആണ് മെറ്റായുടെ എഞ്ചിനീയർമാർ വികസിപ്പിച്ചെടുത്തത്.
കൈത്തണ്ടയിലെ പേശികളിലുണ്ടാകുന്ന വളരെ നേരിയ ചലനങ്ങളെ ഈ റിസ്റ്റ്ബാൻഡ് പിടിച്ചെടുത്ത്, വിരലുകൾ കൊണ്ടുള്ള ടാപ്പിംഗ് മുതൽ വായുവിൽ അക്ഷരങ്ങൾ എഴുതുന്നത് വരെയുള്ള ആംഗ്യങ്ങളെ കമ്പ്യൂട്ടർ ഇൻപുട്ടുകളാക്കി മാറ്റുന്നു. സർഫസ് ഇലക്ട്രോമയോഗ്രഫി എന്നാണ് ഈ സാങ്കേതിക വിദ്യയുടെ പേര്. ഈ റിസ്റ്റ്ബാൻഡ്, കീബോർഡ്, മൗസ്, ടച്ച്‌സ്‌ക്രീൻ തുടങ്ങിയ നിലവിലെ ഇന്‍റര്‍ഫേസുകളെ മറികടന്ന് നമ്മുടെ പ്രാഥമിക കമ്പ്യൂട്ടർ സംവേദന രീതിയായി മാറാൻ സാധ്യതയുണ്ടെന്ന് മെറ്റാ കരുതുന്നു.
മൗസും കീബോർഡും ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ എളുപ്പവും, ലളിതവു മാണ് ഇത്. ശാരീരിക പരിമിതിയുള്ളവർക്ക് ഏറെ പ്രയോജനകരമായ കണ്ടുപിടുത്തമാണ് മേറ്റയുടേത്.
മെറ്റായുടെ വെർച്വൽ, ഓഗ്മെന്‍റഡ് റിയാലിറ്റിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന റിയാലിറ്റി ലാബ്സ് യൂണിറ്റാണ് ഈ റിസ്റ്റ്ബാൻഡ് പ്രോട്ടോടൈപ്പ് വികസിപ്പിച്ചത്. മെറ്റ മുൻപ് പുറത്തിറക്കിയ Orion, Ray-Ban ഗ്ലാസുകൾക്ക് പിന്നിലും ഇവർ തന്നെയായിരുന്നു.
ത്വക്കിലെ മെറ്റൽ കോൺടാക്റ്റുകൾ പേശീ പ്രവർത്തനങ്ങൾ കണ്ടെത്തുകയും, ഡീപ് ലേണിംഗ് മോഡലുകൾ ഈ സിഗ്നലുകളെ കമ്പ്യൂട്ടർ ഇൻപുട്ടുകളായി മാറ്റുകയും ചെയ്യുന്നു എന്നതാണ് ഇതിന്‍റെ പ്രവർത്തന തത്വം. ക്യാമറകളെയോ ആക്സിലറേഷൻ സെൻസറുകളുള്ള കൺട്രോളറുകളെയോ അപേക്ഷിച്ച്, കാഴ്ചയ്ക്ക് തടസ്സമുണ്ടായാലും ഇതിന്‍റെ പ്രവർത്തനം നിലയ്ക്കില്ല എന്നതാണ് ഇതിന്‍റെ ഒരു പ്രധാന നേട്ടം. കൂടാതെ, ന്യൂറൽ ഇംപ്ലാന്റുകളേക്കാൾ ഇത് ശസ്ത്രക്രിയ ആവശ്യമില്ലാത്തതും, വോയിസ് കൺട്രോളിനെ അപേക്ഷിച്ച് മറ്റുള്ളവർക്ക് ശല്യമല്ലാത്തതുമാണ്.
ചുരുക്കത്തിൽ, സ്മാർട്ട്ഫോണുകൾക്കും കീബോർഡുകൾക്കും പകരം നമ്മുടെ ആംഗ്യങ്ങൾ കൊണ്ട് ഡിജിറ്റൽ ലോകത്തെ നിയന്ത്രിക്കാൻ കഴിയുന്ന ഒരു പുതിയ യുഗത്തിനാണ് മെറ്റാ തുടക്കം കുറിക്കുന്നത്.
