ഭക്ഷണത്തിലെ കലോറിയും പ്രോട്ടീനും ഇനി കണ്ണട പറഞ്ഞറിയും

ഫാസ്റ്റ് ഫുഡുകൾ അടക്കമുള്ള ഇഷ്ടവിഭവങ്ങളോടുള്ള പ്രിയം കാരണം ഡയറ്റ് പരാജയപ്പെടുന്നവർക്ക് സന്തോഷവാർത്ത. കാരണം, ഇനി നിങ്ങൾ കഴിക്കാൻ പോകുന്ന ഭക്ഷണത്തിലെ കലോറിയുടെയും പ്രോട്ടീന്‍റെയും അളവ് അറിയാൻ ഫുഡ് ട്രാക്കിങ് ആപ്പുകളുടെയോ മൊബൈൽ ഫോണിന്‍റെയോ ആവശ്യമില്ല. ലെൻസ്‌കാർട്ട് അവതരിപ്പിച്ച ലെൻസ്‌കാർട്ട് ‘B’ എഐ സ്മാർട്ട് ഗ്ലാസുകൾ നിങ്ങളുടെ ഭക്ഷണത്തിലെ കലോറി കൃത്യമായി അളന്ന് ഓരോ ഭക്ഷണത്തിന്റെയും പോഷകമൂല്യം കണ്ടെത്തുന്നത്. നല്ല ചിക്കൻ ഫ്രൈ, ബീഫ് വരട്ടിയത്, പൊറോട്ട, എണ്ണപലഹാരങ്ങൾ തുടങ്ങിയവ കാണുമ്പോൾ മനസ്സ് പതറുമെങ്കിലും, ഇവയുടെ കലോറി അളവ് അറിഞ്ഞാൽ ഭക്ഷണത്തോടുള്ള ക്രെവിംഗ്‌സ് ഒരു പരിധി വരെ നിയന്ത്രിക്കാനാകും. അത്രയേറെ കലോറി പിന്നീട് കഷ്ടപ്പെട്ട് കുറയ്‌ക്കേണ്ടി വരുമല്ലോ എന്ന ചിന്ത ഡയറ്റ് തെറ്റിക്കുന്നതിൽ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കും.

ലെൻസ്‌കാർട്ട് ‘B’ സ്മാർട്ട് ഗ്ലാസുകളുടെ വിപ്ലവകരമായ പുതിയ ഫീച്ചർ ലെൻസ്കാർട്ട് സിഇഒ പീയൂഷ് ബൻസാൽ ആണ് ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചത്. അദ്ദേഹം പങ്കുവച്ച വീഡിയോ ട്രെൻഡിങ് ആയി. ഈ ഗ്ലാസുകൾ ധരിച്ച് ഭക്ഷണത്തിലേക്ക് നോക്കുമ്പോൾ തന്നെ, ബിൽറ്റ്-ഇൻ ക്യാമറയും കൃത്രിമ ബുദ്ധിയും ചേർന്ന് അതിനെ വിശകലനം ചെയ്യുന്നു. മൊബൈലിൽ ഫോട്ടോ എടുക്കുകയോ ആപ്പുകളിൽ തിരയുകയോ ചെയ്യാതെ, കണ്ണടയിലെ ക്യാമറയിലൂടെ നോക്കുമ്പോൾ തന്നെ, ഭക്ഷണത്തിന്‍റെ ഏകദേശ കലോറിയും പ്രോട്ടീനിന്‍റെ അളവും ഉപയോക്താവിന് ഒറ്റനോട്ടത്തിൽ മനസ്സിലാക്കാൻ സാധിക്കും.

കൂടാതെ പുസ്തകങ്ങൾ സംഗ്രഹിച്ച് നൽകാനും, യുപിഐ വഴി പണമിടപാടുകൾ നടത്താനും ലെൻസ്‌കാർട്ട് ‘B’ സ്മാർട്ട് ഗ്ലാസുകൾക്ക് നേരത്തെ തന്നെ കഴിയുമായിരുന്നു. ഇത്രയും അത്യാധുനിക സവിശേഷതകൾ ഉൾക്കൊള്ളുന്ന ലെൻസ്‌കാർട്ട് ‘B’ സ്മാർട്ട് ഗ്ലാസുകൾ, താങ്ങാനാവുന്ന വിലയിൽ ഇന്ത്യൻ വിപണിയിൽ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ തദ്ദേശീയമായ എഐ സാങ്കേതികവിദ്യ, രാജ്യത്തിൻ്റെ സാങ്കേതിക മുന്നേറ്റത്തിൻ്റെ നേർചിത്രമാണ് ഇത്.


ഇത്തരം സ്മാർട്ട് ഗ്ലാസുകൾ വിപണിയിൽ എത്തുന്നതോടെ, ഡയറ്റിംഗും കലോറി ട്രാക്കിംഗും വളരെ ലളിതമാവുകയും ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് കൂടുതൽ ആളുകൾക്ക് എളുപ്പത്തിൽ മാറാൻ കഴിയുകയും ചെയ്യും.

About The Author