ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ സാംസങ് ഇലക്‌ട്രോണിക്‌സ്, മൂന്നായി മടക്കാവുന്ന (Triple-Folding) സ്മാർട്ട്‌ഫോണ്‍ ഗാലക്‌സി Z ട്രൈഫോൾഡ് പുറത്തിറക്കി. ഇതോടെ ഫോള്‍ഡബിള്‍ ഫോൺ വിഭാഗത്തിൽ മത്സരം കൂടുത്തൽ മുറുകുകയാണ്. 2,19,118.59 വിലയുള്ള ഈ മോഡൽ വിപണിയിലെ മറ്റുഫോണുകൾക്ക് ഒരു വമ്പൻ എതിരാളി ആയിരിക്കും.
ഫോൺ വിടർത്തുമ്പോൾ 253.1 മില്ലിമീറ്റർ (10 ഇഞ്ച്) വലിപ്പമുള്ള QXGA+ റെസല്യൂഷനോട് കൂടിയ ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേ ആണ് കിട്ടുന്നത്. ഇത് നിലവിലെ സാംസങ് ഫോൾഡബിൾ മോഡലിനെക്കാൾ വലുതാണ്. കസ്റ്റമൈസ് ചെയ്ത സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ഫോർ ഗാലക്‌സി ചിപ്‌സെറ്റാണ് ഇതിൽ നൽകിയിരിക്കുന്നത്. ഫ്ലാഗ്ഷിപ്പ് ഫോണുകളിൽ സാംസങ് നൽകുന്നതിൽ വെച്ച് ഏറ്റവും വലിയ 5,600 mAh ബാറ്ററിയും (30 മിനിറ്റിനുള്ളിൽ 50% ചാർജ് ചെയ്യുന്ന അതിവേഗ ചാർജിംഗ് പിന്തുണയോടെ) ഈ മോഡലിന്‍റെ സവിശേഷതയാണ്. 200 മെഗാപിക്സൽ (200MP) പ്രധാന ലെൻസുള്ള ട്രിപ്പിൾ റിയർ ക്യാമറ സംവിധാനം ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ദക്ഷിണ കൊറിയയിൽ ഡിസംബർ 12-ന് വിൽപ്പന ആരംഭിക്കുന്ന ട്രൈഫോൾഡ്, ഈ വർഷം അവസാനത്തോടെ ചൈന, സിംഗപ്പൂർ, യുഎഇ തുടങ്ങിയ മറ്റ് വിപണികളിലും അടുത്ത വർഷം ആദ്യ പാദത്തോടെ യുഎസിലും ലഭ്യമാകും.
ചൈനീസ് കമ്പനിയായ വാവെയ് (Huawei) നേരത്തെ തന്നെ ത്രിതല ഫോൾഡിംഗ് ഫോൺ പുറത്തിറക്കുകയും, ആപ്പിൾ ഉടൻ ഈ വിഭാഗത്തിലേക്ക് പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നതോടെ, ഫോൾഡബിൾ വിപണിയിൽ മത്സരം ശക്തമാവുകയാണ്. എങ്കിലും, ഉയർന്ന വിലയും ഉത്പാദനത്തിലെ വെല്ലുവിളികളും മൂലം ഈ ഫോണുകൾ തൽക്കാലം മൊത്തം സ്മാർട്ട്‌ഫോൺ വിപണിയുടെ ഒരു ചെറിയ ശതമാനം മാത്രമായി ഒതുങ്ങാനാണ് സാധ്യത.
