ചന്ദ്രനിലും വീട് പണിയും: നിർമ്മാണ ലോകത്തെ ‘അതിവേഗ’ റോബോട്ട് ഷാർലറ്റ്

സാധാരണയായി ഒരു വീട് നിർമ്മിക്കാൻ മാസങ്ങൾ വേണ്ടിവരുമ്പോൾ, വെറും 24 മണിക്കൂറിനുള്ളിൽ 200 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഒരു വീട് നിർമിക്കാൻ കഴിവുള്ള റോബോട്ട് എത്തി. പണിക്കാർക്ക് പകരം റോബോട്ട് നിന്ന് പണിയുകയല്ല, പകരം വീടിനെ 3D പ്രിൻ്റ് ചെയ്യുകയാണ് ചെയ്യുന്നത്. ക്രസ്റ്റ് റോബോട്ടിക്‌സും എർത്ത്ബിൽറ്റ് ടെക്‌നോളജിയും ചേർന്നാണ് ‘ഷാർലറ്റ്’ എന്ന ഈ ചിലന്തിയെപ്പോലെയുള്ള യന്ത്രത്തിന് രൂപം നൽകിയത്. കുറഞ്ഞ ചെലവിൽ, പരിസ്ഥിതി സൗഹൃദമായി ഭവനങ്ങൾ നിർമ്മിക്കുക എന്നതാണ് ഷാർലറ്റിൻ്റെ പ്രധാന ലക്ഷ്യം.
ഷാർലറ്റിൻ്റെ പ്രവർത്തന രീതിയാണ് ഏറ്റവും നൂതനം. സിമൻ്റോ കോൺക്രീറ്റോ ഉപയോഗിച്ചുള്ള 3D പ്രിൻ്റിംഗ് രീതികളിൽ നിന്ന് വ്യത്യസ്തമായി, ഷാർലറ്റ് പൂർണ്ണമായും പ്രാദേശിക വസ്തുക്കളെയാണ് ആശ്രയിക്കുന്നത്. നിർമ്മാണ സ്ഥലത്ത് നിന്ന് നേരിട്ട് മണ്ണ്, മണൽ, പൊടിച്ച ഇഷ്ടിക മാലിന്യങ്ങൾ എന്നിവ ശേഖരിച്ച്, സ്വന്തം ശരീരത്തിനുള്ളിലെ ഫാബ്രിക് സ്ലീവുകളിൽ നിറച്ച്, അവയെ ഉയർന്ന മർദ്ദത്തിൽ കട്ടിയുള്ള പാളികളാക്കി കംപ്രസ് ചെയ്യുന്നു. തുടർന്ന് ഈ കംപ്രസ് ചെയ്ത പാളികൾ ഒന്നിനു മുകളിൽ ഒന്നായി അടുക്കി ഭിത്തികൾ അതിവേഗം പടുത്തുയർത്തുന്നു. ഈ പ്രകൃതി സൗഹൃദ രീതി സിമൻ്റ് ഉത്പാദനവുമായി ബന്ധപ്പെട്ട വലിയ അളവിലുള്ള കാർബൺ പുറന്തള്ളൽ പൂർണ്ണമായും ഒഴിവാക്കുന്നു.
ഭൂമിയിലെ ഭവന പ്രതിസന്ധിക്ക് പരിഹാരം കാണുക എന്നതിലുപരി, ഷാർലറ്റിന് അതിവിദൂരമായ ലക്ഷ്യങ്ങളുമുണ്ട്. ചന്ദ്രനിലെ വാസസ്ഥലങ്ങൾ നിർമ്മിക്കുന്നതിൽ ഈ റോബോട്ടിന് നിർണായക പങ്കുവഹിക്കാൻ കഴിഞ്ഞേക്കും. ചന്ദ്രനിലെ മണ്ണായ റിഗോലിത്ത് (Regolith) ഉപയോഗിച്ച് വാസസ്ഥലങ്ങൾ നിർമ്മിക്കാൻ ലോകമെമ്പാടുമുള്ള ബഹിരാകാശ ഏജൻസികൾ ശ്രമിക്കുന്ന ഈ സാഹചര്യത്തിൽ, ഷാർലറ്റിൻ്റെ ഭാരം കുറഞ്ഞതും മടക്കിവെച്ച് കൊണ്ടുപോകാൻ കഴിയുന്നതുമായ രൂപകൽപ്പന ബഹിരാകാശ യാത്രകൾക്ക് ഏറ്റവും അനുയോജ്യമാക്കുന്നു. വലിയ ഗാൻട്രികൾ ആവശ്യമില്ലാത്ത ഈ റോബോട്ട്, ചന്ദ്രോപരിതലത്തിൽ എത്തിക്കഴിഞ്ഞാൽ അവിടുത്തെ മണ്ണ് ഉപയോഗിച്ച് തന്നെ വാസസ്ഥലങ്ങൾ നിർമ്മിക്കാൻ കഴിയും. ഭൂമിയിലെ നിർമ്മാണ വിപ്ലവത്തിനപ്പുറം, മനുഷ്യൻ്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് ചിറകു നൽകാനും ‘ഷാർലറ്റ്’ എന്ന ഈ റോബോട്ട് സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.

About The Author