മനുഷ്യരെപ്പോലെ ചിന്തിക്കാനും പഠിക്കാനും കഴിയുന്ന ആർട്ടിഫിഷ്യൽ ജനറൽ ഇന്‍റലിജൻസ് (AGI) എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ പുതിയൊരു സാങ്കേതികവിദ്യ എത്തുന്നു. യുഎസ്‌സി വിറ്റർബി സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങിലെ ഗവേഷകർ വികസിപ്പിച്ചെടുത്ത, തലച്ചോറിനെ അതേപടി അനുകരിക്കുന്ന കൃത്രിമ ന്യൂറോണുകൾ (Artificial Neurons) എഐയുടെ ഭാവി നിർണയിക്കുന്നതിൽ നിർണായകമാകും. നിലവിലെ സിലിക്കൺ അധിഷ്ഠിത ചിപ്പുകളെ അപേക്ഷിച്ച് ഈ പുതിയ സാങ്കേതികവിദ്യ, ചിപ്പുകളുടെ വലുപ്പം കുറയ്ക്കുകയും, ഊർജ്ജക്ഷമത പല മടങ്ങ് വർദ്ധിപ്പിക്കുകയും ചെയ്യും.
ജൈവരീതി, കുറഞ്ഞ ഊർജ്ജം
നിലവിലെ കമ്പ്യൂട്ടറുകൾക്ക് ഇന്ന് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തുന്നത് അവയുടെ ഭീമമായ ഊർജ്ജ ഉപഭോഗമാണ്. വലിയ എഐ മോഡലുകൾക്ക് വേണ്ടത് മെഗാവാട്ട് വൈദ്യുതിയാണ്. എന്നാൽ, നമ്മുടെ തലച്ചോറ് വെറും 20 വാട്ട്സ് വൈദ്യുതിയിലാണ് പ്രവർത്തിക്കുന്നത്. ഈ പ്രശ്നം പരിഹരിക്കാനാണ് പ്രൊഫസർ ജോഷ്വ യാങ്ങിന്‍റെ നേതൃത്വത്തിലുള്ള സംഘം ‘ഡിഫ്യൂസീവ് മെമ്‌റിസ്റ്റർ’ എന്ന ചിപ്പുകൾ അവതരിപ്പിച്ചത്.
നമ്മുടെ തലച്ചോറിലെ ന്യൂറോണുകൾക്ക് സമാനമായി ഇലക്ട്രോണുകൾക്ക് പകരം അയോണുകളുടെ (ചാർജുള്ള കണികകൾ) ചലനം ഉപയോഗിക്കുന്നു എന്നതാണ് ഈ ചിപ്പുകളുടെ പ്രത്യേകത.
എന്താണ് എ ജി ഐ യുടെ പ്രധാനം?
AGI മനുഷ്യൻ ചെയ്യുന്ന ഏത് ബുദ്ധിപരമായ കാര്യവും ചെയ്യാൻ കഴിയുന്ന എഐയാണ്. നിലവിലെ എഐ സംവിധാനങ്ങൾ ഒരു പ്രത്യേക കാര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നവയാണ്. എന്നാൽ AGI കൈവരിക്കണമെങ്കിൽ, എഐക്ക് മനുഷ്യന്‍റെ തലച്ചോറ് പോലെ ചിലകഴിവുകൾ കൂടി വേണം.
കുറഞ്ഞ ഉദാഹരണങ്ങളിൽ നിന്ന് പഠിക്കാനുള്ള കഴിവ് (Few-Shot Learning): ഒരു കൊച്ചുകുട്ടിക്ക് ഏതാനും അക്ഷരങ്ങൾ കണ്ടാൽ അത് തിരിച്ചറിയാൻ കഴിയുന്നതുപോലെ, എഐക്ക് കുറഞ്ഞ ഡാറ്റയിൽ നിന്ന് വേഗത്തിൽ പഠിക്കാൻ കഴിയണം. പുതിയ ന്യൂറോണുകൾ ഈ കാര്യക്ഷമമായ പഠനത്തിന് (Learning Efficiency) സഹായിക്കും.
അഡാപ്റ്റീവ് ഹാർഡ്‌വെയർ: നിലവിലെ കമ്പ്യൂട്ടറുകൾ സോഫ്റ്റ്‌വെയറിലൂടെയാണ് പഠിക്കുന്നത്. എന്നാൽ തലച്ചോറ് അതിന്‍റെ ഭൗതിക ഘടനയിൽ തന്നെ മാറ്റങ്ങൾ വരുത്തിയാണ് (Hardware-based learning) പഠിക്കുന്നത്. അയോണുകൾ ഉപയോഗിക്കുന്ന ഈ പുതിയ ചിപ്പുകൾക്ക് ഈ കഴിവുണ്ട്.
സമ്പൂർണ്ണ കാര്യക്ഷമത: AGI പോലെയുള്ള സങ്കീർണ്ണമായ ഒരു സംവിധാനം നിലനിർത്താൻ, വൻതോതിലുള്ള ഊർജ്ജം ആവശ്യമായി വരും. ഈ പുതിയ ചിപ്പുകൾ ഊർജ്ജ ഉപഭോഗം പല മടങ്ങ് കുറയ്ക്കുന്നതിനാൽ, വലിയ തോതിലുള്ളതും സങ്കീർണ്ണവുമായ AGI മോഡലുകൾ പ്രവർത്തിപ്പിക്കുന്നത് സുസ്ഥിരമാകും.
ഈ ‘ഡിഫ്യൂസീവ് മെമ്‌റിസ്റ്റർ’ ന്യൂറോണുകൾക്ക് ഒരു ട്രാൻസിസ്റ്ററിന്‍റെ മാത്രം വലുപ്പം മതി എന്നത്, ഭാവിയിൽ ലക്ഷക്കണക്കിന് ന്യൂറോണുകൾ സംയോജിപ്പിച്ച ഒരു AGI-യ്ക്ക് ആവശ്യമായ ചിപ്പുകൾ വളരെ ചെറുതാക്കാനും സഹായിക്കും.
ഈ പുതിയ ‘തലച്ചോറ് ചിപ്പുകൾ’ AGI എന്ന ലക്ഷ്യത്തിലേക്ക് ഒരു സുപ്രധാന കാൽവെപ്പാണെന്ന് മാത്രമല്ല, മനുഷ്യന്‍റെ തലച്ചോറ് എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള പുതിയ രഹസ്യങ്ങൾ കണ്ടെത്താനും ശാസ്ത്രജ്ഞർക്ക് സഹായകമായേക്കും.
