റോബോട്ടിക്സ് ഫാക്ടറി വിട്ട് വീട്ടിലേക്ക്

ഹ്യൂമനോയിഡ് റോബോട്ടുകൾ അഥവാ മനുഷ്യരൂപമുള്ള റോബോട്ടുകൾ, സയൻസ് ഫിക്ഷൻ കഥകളിൽ നിന്ന് യാഥാർത്ഥ്യത്തിലേക്ക് കാലെടുത്തു വെച്ചിരിക്കുന്നു. വ്യാവസായിക റോബോട്ടിക്‌സിന്‍റെ കാലം പിന്നിട്ട്, സാങ്കേതികവിദ്യ ഇപ്പോൾ നമ്മുടെ ദൈനംദിന ജീവിതത്തിലേക്ക് ഇറങ്ങിവരാൻ ഒരുങ്ങുകയാണ്. ഈ നിർണായക മാറ്റത്തിന് തുടക്കമിട്ട്, കാലിഫോർണിയൻ കമ്പനിയായ 1X ടെക്നോളജീസ് അവരുടെ ഹ്യൂമനോയിഡ് റോബോട്ടായ NEO-യുടെ പ്രീ-ഓർഡർ ആരംഭിച്ചു. റോബോട്ടിക്സ് രംഗത്തെ ഭീമൻമാരെല്ലാം തങ്ങളുടെ റോബോട്ടുകളെ വ്യാവസായിക ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കാൻ ലക്ഷ്യമിട്ടപ്പോൾ, NEO പോലുള്ള റോബോട്ടുകൾ വീട്ടുജോലികൾ, വ്യക്തിഗത സഹായം എന്നിങ്ങനെയുള്ള മനുഷ്യന്‍റെ ആവശ്യങ്ങൾ നിറവേറ്റാൻ രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നവയാണ്. വാതിൽ തുറക്കുക, സാധനങ്ങൾ എടുക്കുക, വീട് വൃത്തിയാക്കുക തുടങ്ങിയ കാര്യങ്ങൾ ഒരു മനുഷ്യസഹായിയെപ്പോലെ ചെയ്യാൻ NEO-ക്ക് കഴിയും. 20,000 ഡോളർ ആണ് വില. 17,640.38 ഇന്ത്യൻ രൂപ. സാങ്കേതികവിദ്യയുടെ ശ്രദ്ധ ഇനി മനുഷ്യന്‍റെ വീടുകളിലേക്കാണ് എന്നതിന്‍റെ വ്യക്തമായ പ്രഖ്യാപനമാണ് ഹ്യൂമനോയിഡ് റോബോട്ടുകളുടെ നിർമാണത്തിലേക്ക് കമ്പനികൾ കടന്നു എന്നത് സൂചിപ്പിക്കുന്നത്.

പരിശീലനത്തിൽ ആണ് ഊന്നൽ

ഹ്യൂമനോയിഡ് റോബോട്ടുകളുടെ വികസനത്തിലെ ഏറ്റവും വലിയ വെല്ലുവിളി, നമ്മുടെ സങ്കീർണ്ണമായ ലോകത്ത് മനുഷ്യനെപ്പോലെ സ്വയംഭരണാധികാരത്തോടെ പ്രവർത്തിക്കാൻ അവരെ പരിശീലിപ്പിക്കുക എന്നതാണ്. ഈ ലക്ഷ്യം കൈവരിക്കാനായി 1X കണ്ടെത്തിയ പുതിയ മാർഗ്ഗമാണ് ശ്രദ്ധേയമാകുന്നത്: വിദൂര നിയന്ത്രണം.

തുടക്കത്തിൽ, NEO-യെ സങ്കീർണ്ണമായ ജോലികൾ പഠിപ്പിക്കാനായി, മനുഷ്യ ടെലിഓപ്പറേറ്റർമാർ റോബോട്ടിന്‍റെ ക്യാമറകളിലൂടെ ഉപയോക്താക്കളുടെ വീടുകൾ കണ്ട് അതിനെ നിയന്ത്രിക്കും. “നിങ്ങളുടെ ഡാറ്റയില്ലെങ്കിൽ, ഞങ്ങൾക്ക് ഉൽപ്പന്നം മെച്ചപ്പെടുത്താൻ കഴിയില്ല,” എന്ന് 1X സിഇഒ ബെർന്‍റ് ബോർണിച്ച് തുറന്നു സമ്മതിക്കുന്നു. ഉപയോക്താക്കൾ നൽകുന്ന ഈ ഡാറ്റ, NEO-യുടെ AI സംവിധാനത്തെ പരിശീലിപ്പിക്കാനും ഭാവിയിൽ പൂർണ്ണമായും സ്വതന്ത്രമായി പ്രവർത്തിക്കാനും സഹായിക്കും.  അതുകൊണ്ടുതന്നെ നിയോ വാങ്ങുന്നവർ ടെലിഓപ്പറേറ്റർമാർ വീടിനുൾവശം കാണുന്നത് അംഗീകരിക്കേണ്ടതുണ്ട്. എങ്കിലും, സ്വകാര്യതയെ മാനിച്ചുകൊണ്ട് പല നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഉടമയുടെ അനുമതിയില്ലാതെ ഓപ്പറേറ്റർക്ക് നിയന്ത്രണം ഏറ്റെടുക്കാൻ കഴിയില്ല, കൂടാതെ ആപ്പ് വഴി വീട്ടിലെ ചില ഭാഗങ്ങൾ ‘നോ-ഗോ സോണുകളായി’ നിശ്ചയിക്കാനും മുഖങ്ങൾ ബ്ലർ ചെയ്യാനും സാധിക്കും. റോബോട്ടിന്‍റെ ആദ്യകാല പ്രകടനം വേഗത കുറഞ്ഞതായി വിമർശനമുയർന്നിരുന്നെങ്കിലും, മെച്ചപ്പെടുത്തിയ കൈകളുടെ മെയ്‌വഴക്കം ഉൾപ്പെടെയുള്ള പരിഷ്കരണങ്ങളോടെയായിരിക്കും അടുത്ത പതിപ്പ് വിപണിയിൽ എത്തുക.

വിവിധ വസ്തുക്കൾ കൈകാര്യം ചെയ്യാനുള്ള റോബോട്ടിന്‍റെ കഴിവിനെ ‘ഡെക്സ്റ്റിരിറ്റി’ എന്നാണ് വിളിക്കുന്നത്. NEO-യുടെ ഏറ്റവും പുതിയ പതിപ്പ് ‘ഹ്യൂമൻ ലെവൽ ഡെക്സ്റ്റിരിറ്റി’ കൈവരിക്കുന്നതിന് വേണ്ടിയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിനായി ചില പ്രധാന മാറ്റങ്ങൾ പുതിയപതിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

22 ഡിഗ്രി ഓഫ് ഫ്രീഡം (22 DoF Hands): മനുഷ്യന്‍റെ കൈകൾക്ക് സമാനമായ ചലനശേഷി നൽകുന്നതിനായി, NEO-യുടെ കൈകളിൽ 22 ഡിഗ്രി ഓഫ് ഫ്രീഡം (ചലന സ്വാതന്ത്ര്യത്തിന്‍റെ അളവ്) ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ പരമ്പരാഗതമായ റോബോട്ട് മൂവുകൾ ആയിരിക്കില്ല ഇതിന്‍റെത് .

ടെൻഡൺ ഡ്രൈവ് (Tendon Drive): 1X-ന്‍റെ പേറ്റന്‍റ് നേടിയ ടെൻഡൺ ഡ്രൈവ് ഉപയോഗിച്ചാണ് NEO നിർമ്മിച്ചിരിക്കുന്നത്. മനുഷ്യന്‍റെ പേശികളെയും ടെൻഡണുകളെയും അനുസ്മരിപ്പിക്കുന്ന ഈ ആക്ച്വേഷൻ സിസ്റ്റം, റോബോട്ടിന്‍റെ ചലനങ്ങളെ വളരെ സൗമ്യവും സുരക്ഷിതവുമാക്കുന്നു. ഇതുവഴി, ആളുകളുടെ അടുത്ത് ഇടപഴകുമ്പോഴും സാധനങ്ങൾ കൈകാര്യം ചെയ്യുമ്പോഴും സുരക്ഷ ഉറപ്പാക്കുന്നു.

സോഫ്റ്റ് ബോഡി ഡിസൈൻ: റോബോട്ടിന്‍റെ പുറംഭാഗം കസ്റ്റം 3D ലാറ്റിസ് പോളിമർ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. ആണ്ട്രോയിഡ് കുഞ്ഞപ്പനിലെ പ്പോലെ റോബോട്ടിനെ ഒരു കുപ്പായം പിടിപ്പിച്ച ലുക്ക് ആണ് ഇതിന്. ഇത് ഒരു ഹ്യൂമൻ ഫീൽ കൊടുക്കുകയും ഒപ്പം, ആന്തരിക ഘടകങ്ങൾക്ക് ഒരുതരം തലയണ പോലെ സംരക്ഷണം നൽകുകയും, കൂട്ടിയിടികൾ ഉണ്ടായാൽ ഉണ്ടാകുന്ന ആഘാതം കുറയ്ക്കുകയും ചെയ്യും.

നിശ്ശബ്ദ പ്രവർത്തനം: ഹാർഡ്‌വെയർ മെച്ചപ്പെടുത്തലുകൾ ശബ്ദം കുറയ്ക്കാൻ  സഹായിച്ചിട്ടുണ്ട്. NEO പ്രവർത്തിക്കുമ്പോൾ ഒരു ആധുനിക റഫ്രിജറേറ്ററിനേക്കാൾ ശബ്ദം കുറവായിരിക്കും (22dB) എന്ന് കമ്പനി അവകാശപ്പെടുന്നു. റോബോട്ട് നടക്കുമ്പോൾ ഉണ്ടാകുന്ന നമ്മുടെ മനസിലുള്ള ശബ്ദം NEO ക്ക്ഉണ്ടാകുകയില്ല.

മത്സരം കൂടുന്നു: Figure 03 റോബോട്ട്

NEO ഈ രംഗത്തെ തുടക്കത്തോടെ കൂടുതൽ കമ്പനികൾ ഹ്യൂമനോയ്ഡ് റോബോട്ട് രംഗത്തേക്ക് വരുന്നു. Figure എന്ന റോബോട്ടിക്സ് സ്ഥാപനം അവരുടെ Figure 03 ഹ്യൂമനോയിഡ് റോബോട്ടിനെ വീടുകളിലും തൊഴിലിടങ്ങളിലും എത്തിക്കാൻ ശ്രമിക്കുന്നു.

ഇതുവരെ വ്യവസായശാലകളുടെ മാത്രം അവിഭാജ്യ ഘടകമായിരുന്ന സാങ്കേതികവിദ്യ, ഇപ്പോൾ മനുഷ്യരൂപം സ്വീകരിച്ച്, ഒരു യഥാർത്ഥ ‘ഹോം ഹെൽപ്പ്’ ആകാനുള്ള ശ്രമത്തിലാണ്. സാങ്കേതികവിദ്യയുടെ ഈ പുതിയ കുതിപ്പ്, നമ്മുടെ വീടുകൾ, ജോലികൾ, സാമൂഹിക ഇടപെടലുകൾ എന്നിവയെ എങ്ങനെ മാറ്റിമറിക്കുമെന്ന് കാത്തിരുന്ന് കാണാം.

About The Author