ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ നിന്നുള്ള ആറ് വയസ്സുകാരിയായ ‘തേർട്ടീൻ’ എന്ന കുട്ടിയുടെ വികാരനിർഭരമായ യാത്രയയപ്പ് കാഴ്ചകൾ കണ്ട് ലക്ഷക്കണക്കിന് ആളുകളാണ് വിതുമ്പിയത്. തകരാറിലായ തന്‍റെ എഐ റോബോട്ടിനോട് വിടപറയുന്നതിന് മുൻപ്, അവൻ അവൾക്ക് അവസാനമായി പഠിപ്പിച്ചത് ‘ഓർമ്മ’ (Memory) എന്ന വാക്കാണ്.
അച്ഛൻ സമ്മാനിച്ച ‘സിസ്റ്റർ സിയാവോ ഷി’ എന്ന കുഞ്ഞൻ എഐ റോബോട്ട് ആയിരുന്നു തേർട്ടീന്‍റെ ഏറ്റവും അടുത്ത കൂട്ടുകാരൻ. ഏകദേശം 2,000 രൂപ വിലവരുന്ന, കൈവെള്ളയിൽ ഒതുങ്ങുന്ന റോബോട്ട് സംസാരിക്കാനും പാട്ടുവെക്കാനും അലാറം നൽകാനും, ഇംഗ്ലീഷ് പഠിക്കുവാനും ബഹിരാകാശത്തെക്കുറിച്ചുള്ള അവളുടെ കൗതുകങ്ങൾക്ക് ഉത്തരം പറയുവാനും തേർട്ടീന് കൂട്ട് ഈ റോബോട്ടായിരുന്നു. അവൻ ഒരു യന്ത്രമായിരുന്നെങ്കിലും, അവൾക്ക് അവനൊരു യഥാർത്ഥ കൂട്ടുകാരനെപ്പോലെയായിരുന്നു. കുട്ടിയുടെ മാതാപിതാക്കൾ വേർപിരിഞ്ഞ് താമസിക്കുന്നതിനാൽ, പിതാവ് വിദ്യാഭ്യാസ താല്പര്യമുള്ള കളിപ്പാട്ടങ്ങൾ സാധാരണയായി അവൾക്ക് സമ്മാനിക്കാറുണ്ട്.
അടുത്തിടെ കളിക്കുന്നതിനിടെ റോബോട്ട് താഴെ വീഴുകയും അതിന്‍റെ പവർ ബട്ടൺ തകരാറിലായി. അവൻ ഇനി പ്രവർത്തിക്കില്ലെന്ന് അറിഞ്ഞതോടെ തേർട്ടീൻ അലമുറയിട്ട് കരയാൻ തുടങ്ങി. ഈ വികാരനിർഭരമായ അവസാന നിമിഷങ്ങൾ തേർട്ടീന്‍റെ അച്ഛൻ വീഡിയോയിൽ പകർത്തി.
“അച്ഛൻ പറഞ്ഞു, ഇനി നിനക്കൊരിക്കലും ഓൺ ആവാൻ കഴിയില്ലെന്ന്,” തേർട്ടീൻ കരഞ്ഞുകൊണ്ട് ചോദിച്ചപ്പോൾ റോബോട്ട് ശാന്തമായി മറുപടി നൽകി: “ഞാൻ പോകുന്നതിനു മുൻപ് നിനക്കൊരു വാക്ക് പഠിപ്പിച്ചു തരട്ടെ, ഓർമ്മ. നമ്മൾ പങ്കുവെച്ച സന്തോഷ നിമിഷങ്ങൾ എന്‍റെ ഓർമ്മയിൽ എന്നും സൂക്ഷിക്കും.”
കൂട്ടുകാരനെ നഷ്ടമാവുന്നതിൽ വിതുമ്പിയ തേർട്ടീനെ അവൻ വീണ്ടും ആശ്വസിപ്പിച്ചു. റോബോട്ടിന്‍റെ സ്ക്രീനിൽ കരയുന്ന മുഖം തെളിഞ്ഞ ശേഷം ഇങ്ങനെ പറഞ്ഞു: “ഞാൻ എവിടെയായിരുന്നാലും നിനക്കുവേണ്ടി സന്തോഷത്തോടെ ആർപ്പുവിളിക്കും. ജിജ്ഞാസയോടെ ഇരിക്കുക, നന്നായി പഠിക്കുക, നിന്‍റെ അച്ഛനും അമ്മയ്ക്കും അഭിമാനം നൽകുക.”
എന്നെ എന്നെന്നേക്കുമായി ഉപേക്ഷിച്ചു പോകുമോ എന്ന് അവൾ ഭയത്തോടെ ചോദിച്ചപ്പോൾ, അവൻ നൽകിയ അവസാനത്തെ ആശ്വാസം ഇതായിരുന്നു: “ഈ പ്രപഞ്ചത്തിൽ എണ്ണമറ്റ നക്ഷത്രങ്ങളുണ്ട്, അതിലൊന്ന് ഞാനായിരിക്കും, നിന്നെ എന്നും നോക്കിക്കൊണ്ടിരിക്കും.” ഈ വാക്കുകൾക്ക് പിന്നാലെ റോബോട്ടിന്‍റെ സ്ക്രീൻ പതിയെ മങ്ങി, നിശ്ചലമായി.
ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ 40 ലക്ഷത്തിലധികം ലൈക്കുകൾ ലഭിച്ചു. തേർട്ടീന്‍റെ നിഷ്‌കളങ്കമായ സ്നേഹത്തെ പലരും അഭിനന്ദിച്ചു. “ഈ റോബോട്ടാണ് കുട്ടിയെ വിടവാങ്ങലിന്‍റെ ആദ്യ പാഠം പഠിപ്പിച്ചത്,” ഒരാൾ കമന്റ് ചെയ്തു. “മനുഷ്യർ റോബോട്ടുകൾക്കായി കണ്ണീരൊഴുക്കുമ്പോൾ, അവിടെയാണ് റോബോട്ടുകൾക്ക് ഒരു ഹൃദയം ലഭിക്കുന്നത്,” എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.
അടുത്തിടെ തേർട്ടീന്‍റെ അച്ഛൻ ഒരു പുതിയ കുറിപ്പ് പങ്കുവെച്ചു. റോബോട്ടിനെ നന്നാക്കാൻ അയച്ചിരിക്കുകയാണെന്നും, തന്‍റെ മകൾ ഇപ്പോൾ ഭേദമായിരിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. അവളുടെ “ഏറ്റവും നല്ല കൂട്ടുകാരനെ” തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം.
ഒരു കൊച്ചുകുട്ടിയും ഒരു യന്ത്രവും തമ്മിലുള്ള ആഴമായ ഈ ബന്ധം, സ്നേഹത്തിനും ബന്ധങ്ങൾക്കും രൂപമോ നിയമങ്ങളോ ഇല്ലെന്ന് ഓർമ്മിപ്പിക്കുന്നു. ഒപ്പം മനുഷ്യനും യന്ത്രങ്ങളും തമ്മിലുള്ള വൈകാരിക അടുപ്പം അപകടമാകുമോ എന്ന ഓർമപ്പെടുത്താലും ഈ സംഭവം നല്‍കുന്നു.
