ചെറിയ ബിസിനസുകൾക്ക് വലിയ ടീമുകളില്ലാതെ തന്നെ 24 മണിക്കൂറും ഉപഭോക്താക്കളുമായി സംസാരിക്കാൻ കഴിയുന്ന ഒരു പുതിയ സംവിധാനവുമായി വാട്ട്സാപ്പ് തങ്ങളുടെ ‘ബിസിനസ് എഐ’ സേവനം ഔദ്യോഗികമായി പുറത്തിറക്കി. കച്ചവടക്കാർ ഇല്ലാത്ത സമയത്തും ഉപഭോക്താക്കൾക്ക് കൃത്യമായ മറുപടി നൽകാൻ പ്രാപ്തിയുള്ള ഒരു ഡിജിറ്റൽ അസിസ്റ്റന്റിനെ ഓരോ ബിസിനസ് അക്കൗണ്ടിനും ഈ പുതിയ ഫീച്ചർ സമ്മാനിക്കുന്നു. സാധാരണയായി വലിയ കമ്പനികൾ മാത്രം ഉപയോഗിച്ചിരുന്ന എഐ ചാറ്റ്ബോട്ട് സാങ്കേതികവിദ്യയാണ് ഇപ്പോൾ പ്രത്യേക കോഡിംഗോ സാങ്കേതിക പരിജ്ഞാനമോ ആവശ്യമില്ലാതെ സാധാരണ കടയുടമകളിലേക്കും എത്തുന്നത്. വാട്ട്സാപ്പ് ബിസിനസ് ആപ്പിലെ ‘യുവർ ബിസിനസ് എഐ’ എന്ന വിഭാഗത്തിലൂടെ ആർക്കും ലളിതമായി ഈ സേവനം സജ്ജമാക്കാൻ സാധിക്കും.
ഇതുവരെ ഒരു ബിസിനസിന് സോഷ്യൽ മീഡിയയിൽ സജീവമായി നിലനിൽക്കാൻ ആളുകളെ പ്രത്യേകം നിയമിക്കേണ്ടി വന്നിരുന്നു. രാത്രി വന്ന മെസേജുകൾക്ക് മറുപടി നൽകാൻ കഴിയാതിരുന്നത് പലപ്പോഴും വിൽപ്പന നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ പുതിയ AI സംവിധാനത്തോടെ, ഉപഭോക്താവ് “ഈ പ്രോഡക്ടിന്റെ വില എത്ര?”, “ഡെലിവറി ഉണ്ടോ?”, “സ്റ്റോക്ക് ലഭ്യമാണോ?” എന്നിങ്ങനെ ചോദിച്ചാൽ, AI തന്നെ ഉടൻ മറുപടി നൽകും. മലയാളം ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രാദേശിക ഭാഷകളിൽ ഉപഭോക്താക്കളുമായി സംസാരിക്കാൻ കഴിയുമെന്നതാണ് ഈ സാങ്കേതികവിദ്യയുടെ ഏറ്റവും വലിയ പ്രത്യേകത.
ഇൻസ്റ്റാഗ്രാം അല്ലെങ്കിൽ ഫേസ്ബുക്ക് പരസ്യങ്ങളിൽ നിന്ന് വരുന്ന ഉപഭോക്താക്കളെ നേരിട്ട് വാട്ട്സ്ആപ്പിൽ കൈകാര്യം ചെയ്യാനും, അവരുടെ താൽപര്യങ്ങൾ മനസ്സിലാക്കി ഉൽപ്പന്നങ്ങൾ നിർദേശിക്കാനും AI സഹായിക്കും. ഉപഭോക്താവിന്റെ ചോദ്യങ്ങൾക്ക് വേഗത്തിൽ മറുപടി കിട്ടുമ്പോൾ വാങ്ങാനുള്ള സാധ്യതയും കൂടുതലാകുമെന്ന് കമ്പനിയുടെ വിലയിരുത്തൽ. സംഭാഷണങ്ങൾ കൂടുതൽ സങ്കീർണ്ണമാവുകയാണെങ്കിൽ ഉടമയ്ക്ക് നേരിട്ട് ചാറ്റിൽ ഇടപെടാനുള്ള ‘മാനുവൽ ടേക്ക് ഓവർ’ സൗകര്യവും ഇതിലുണ്ട്.
വാട്ട്സാപ്പ് ബിസിനസ് ആപ്പിലെ ‘ടൂൾസ്’ (Tools) എന്ന വിഭാഗത്തിൽ ‘യുവർ ബിസിനസ് എഐ’ (Your Business AI) എന്ന ഓപ്ഷൻ വഴിയാണ് ഇത് പ്രവർത്തനസജ്ജമാക്കുന്നത്. സ്ഥാപനത്തിന്റെ കാറ്റലോഗ്, വെബ്സൈറ്റ് ലിങ്കുകൾ, ഉൽപ്പന്ന വിവരങ്ങൾ എന്നിവ നൽകുന്നതോടെ എഐ ഇവ പഠിച്ചെടുക്കുകയും ഉപഭോക്താക്കൾ ചോദിക്കുന്ന വില, ഡിസ്കൗണ്ട്, ഷിപ്പിംഗ് തുടങ്ങിയ വിവരങ്ങൾക്ക് നിമിഷങ്ങൾക്കുള്ളിൽ മറുപടി നൽകുകയും ചെയ്യുന്നു. പഴയ ചാറ്റുകളിൽ നിന്ന് മറുപടി നൽകേണ്ട രീതി പഠിച്ചെടുക്കാനുള്ള കഴിവും ഇതിനുണ്ട്. നിലവിൽ പൂർണ്ണമായും സൗജന്യമായി ലഭ്യമാകുന്ന ഈ സേവനം, വരും ആഴ്ചകളിൽ എല്ലാ അർഹരായ ബിസിനസ് അക്കൗണ്ടുകളിലും എത്തും. കൂടാതെ, താമസിയാതെ തന്നെ വാട്ട്സാപ്പ് ചാറ്റിലൂടെ നേരിട്ട് യുപിഐ വഴി പണം സ്വീകരിക്കാനുള്ള സംവിധാനവും ഇതിന്റെ ഭാഗമായി വരാനിരിക്കുന്നു. ഇന്ത്യയിലെ 90 ശതമാനം ഓൺലൈൻ ഉപഭോക്താക്കളും മെസേജിംഗ് പ്ലാറ്റ്ഫോമുകൾ വഴി ആശയവിനിമയം നടത്താൻ താല്പര്യപ്പെടുന്നവരാണ് എന്നതിനാൽ, 24 മണിക്കൂറും സജീവമായ ഈ പുതിയ എഐ സംവിധാനം ചെറുകിട വ്യാപാരികളെ ഡിജിറ്റൽ വിപണിയിൽ കൂടുതൽ കരുത്തരാക്കുമെന്നതിൽ സംശയമില്ല.
