ലോകമെമ്പാടുമുള്ള പ്രഥമ വനിതകളെയും സാങ്കേതിക വിദഗ്ധരെയും സാക്ഷിയാക്കി വിദ്യാഭ്യാസ മേഖലയിൽ പുത്തൻ പരീക്ഷണത്തിന് തുടക്കമിട്ട് അമേരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപ്. വൈറ്റ് ഹൗസിൽ സംഘടിപ്പിച്ച ‘ഫോസ്റ്ററിംഗ് ദി ഫ്യൂച്ചർ ടുഗെദർ’ സഖ്യ ഉച്ചകോടിയിലാണ് കൃത്രിമബുദ്ധിയിൽ പ്രവർത്തിക്കുന്ന ‘ഫിഗർ 3’ എന്ന ഹ്യൂമനോയിഡ് റോബോട്ടിനെ അവർ അവതരിപ്പിച്ചത്. സാധാരണയായി വീട്ടുജോലികൾക്കും മറ്റും ഉപയോഗിക്കുന്ന ഈ റോബോട്ടിനെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും സാമൂഹിക വളർച്ചയ്ക്കും എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിലാണ് മെലാനിയ ട്രംപ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
വെളുത്ത വസ്ത്രമണിഞ്ഞ പ്രഥമ വനിതയ്ക്കൊപ്പം അതേ നിറത്തിലുള്ള ഫിഗർ 3 റോബോട്ടും വേദിയിലേക്ക് എത്തിയത് അതിഥികളിൽ കൗതുകമുണർത്തി. ഇസ്രായേൽ പ്രഥമ വനിത സാറ നെതന്യാഹു, ഉക്രൈൻ പ്രഥമ വനിത ഒലീന സെലൻസ്‌ക, ഫ്രാൻസിന്റെ ബ്രിജിറ്റ് മാക്റോൺ തുടങ്ങിയ പ്രമുഖർ ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ചു. കറുപ്പും വെളുപ്പും കലർന്ന തിളക്കമാർന്ന രൂപകൽപ്പനയുള്ള ഈ റോബോട്ടിന്റെ തലയിൽ ‘MELANIA’ എന്ന് രേഖപ്പെടുത്തിയിരുന്നു. വിവിധ ഭാഷകളിൽ അതിഥികൾക്ക് അഭിവാദ്യം അർപ്പിച്ച റോബോട്ട്, സാങ്കേതികവിദ്യയും മനുഷ്യരും തമ്മിലുള്ള പുതിയ ബന്ധത്തിന്റെ സൂചനയായി മാറി.
ഭാവിയിൽ കൃത്രിമബുദ്ധി കേവലം മൊബൈൽ ഫോണുകളിൽ ഒതുങ്ങില്ലെന്നും അത് മനുഷ്യരൂപം കൈക്കൊള്ളുമെന്നും മെലാനിയ ട്രംപ് ചടങ്ങിൽ വ്യക്തമാക്കി. ഒരു റോബോട്ട് തത്ത്വചിന്തകൻ കുട്ടികളെ പഠിപ്പിക്കുന്ന കാലത്തെക്കുറിച്ച് സങ്കൽപ്പിക്കാൻ അവർ അതിഥികളോട് ആഹ്വാനം ചെയ്തു. മുൻ പ്രഥമ വനിതകളായ ലോറ ബുഷ്, മിഷേൽ ഒബാമ, ജിൽ ബൈഡൻ എന്നിവർ യഥാക്രമം പുസ്തകോത്സവം, ആരോഗ്യകരമായ ഭക്ഷണം, സൗജന്യ വിദ്യാഭ്യാസം എന്നിവയ്ക്ക് മുൻഗണന നൽകിയപ്പോൾ, റോബോട്ടുകളെ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമാക്കുന്ന ആദ്യ പ്രഥമ വനിതയായി മെലാനിയ ട്രംപ് മാറി.
