ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഓഫിസ് ജോലികൾ കൂടുതൽ വേഗത്തിലാക്കാൻ പുതിയ പദ്ധതികളുമായി പ്രമുഖ കമ്പ്യൂട്ടർ നിർമ്മാതാക്കളായ എച്ച്പി രംഗത്തെത്തി. ന്യൂയോർക്കിൽ നടന്ന ചടങ്ങിൽ ‘എച്ച്പി ഐക്യു’ (HP IQ) എന്ന പുതിയ സാങ്കേതികവിദ്യയും അതിനായുള്ള പ്രത്യേക എഐ പിസികളുമാണ് കമ്പനി അവതരിപ്പിച്ചത്. സാധാരണ എഐ സിസ്റ്റങ്ങളിൽ നിന്ന് വ്യത്യസ്തമായി, കമ്പ്യൂട്ടറുകളിൽ നേരിട്ട് പ്രവർത്തിക്കുന്ന ഒരു പ്രത്യേക സോഫ്റ്റ്വെയർ ലെയറായാണ് ഇതിനെ വികസിപ്പിച്ചിരിക്കുന്നത്. ജോലിക്കിടയിൽ ഓരോ തവണയും വ്യത്യസ്ത ആപ്പുകളോ സേവനങ്ങളോ തുറക്കുന്നതിന് പകരം കമ്പ്യൂട്ടറിൽ ചെയ്യുന്ന കാര്യങ്ങൾ മനസ്സിലാക്കി സഹായിക്കുക എന്നതാണ് ഐക്യുവിന്റെ പ്രധാന ചുമതല. നമ്മൾ സാധാരണ സംസാരിക്കുന്ന ഭാഷയിൽ തന്നെ കമ്പ്യൂട്ടറിനോട് നിർദ്ദേശങ്ങൾ നൽകാൻ ഇതിലൂടെ സാധിക്കും. ഇന്റർനെറ്റിന്റെ സഹായമില്ലാതെ തന്നെ പ്രവർത്തിക്കാൻ ശേഷിയുള്ള 20 ബില്യൺ പാരാമീറ്റർ എഐ മോഡലാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. സ്വകാര്യതയ്ക്കും വേഗതയ്ക്കും മുൻഗണന നൽകുന്നതിനാലാണ് ഇത് കമ്പ്യൂട്ടറിൽ തന്നെ നേരിട്ട് പ്രവർത്തിക്കുന്ന രീതിയിൽ സജ്ജീകരിച്ചിരിക്കുന്നത്.
എച്ച്പിയുടെ ഈ പുതിയ എഐ സാങ്കേതികവിദ്യ 2026 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ തിരഞ്ഞെടുക്കപ്പെട്ട പിസികളിൽ ലഭ്യമായിത്തുടങ്ങും. ബിസിനസ് ആവശ്യങ്ങൾക്കായുള്ള എച്ച്പി എലൈറ്റ് ബുക്ക്, പ്രോ ബുക്ക് സീരീസുകളിലെ പുതിയ മോഡലുകൾ 2026 ഏപ്രിൽ മുതൽ അന്താരാഷ്ട്ര വിപണിയിൽ എത്തും. ഇന്ത്യയിൽ ഇത്തരം എഐ പിസികൾക്ക് മോഡലുകൾക്കനുസരിച്ച് ഏകദേശം 1,20,000 രൂപ മുതൽ 1,90,000 രൂപ വരെ വില പ്രതീക്ഷിക്കാം. വരും കാലങ്ങളിൽ ഓഫിസ് ജോലികൾ പൂർണ്ണമായും എഐ ഏജന്റുകളുടെ സഹായത്തോടെ നിർവ്വഹിക്കാനുള്ള തുടക്കമായാണ് എച്ച്പി ഈ നീക്കത്തെ കാണുന്നത്.

Leave a Reply