പുതുവർഷത്തിൽ ഫോൺ മാറ്റാൻ പ്ലാനുണ്ടോ? ഈ വമ്പൻ മോഡലുകൾ അറിയാതിരിക്കരുത്

2026-ന്‍റെ തുടക്കം സ്മാർട്ട്ഫോൺ പ്രേമികൾക്ക് വലിയ ആവേശമാണ് നൽകുന്നത്. പ്രമുഖ കമ്പനികളെല്ലാം തങ്ങളുടെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡലുകൾ വിപണിയിലെത്തിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. പ്രധാനമായും ബാറ്ററി ലൈഫ്, ക്യാമറ, പ്രകടനം എന്നിവയിലാണ് ഈ വർഷം കമ്പനികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
വൺപ്ലസ്, ടർബോ 6 സീരീസ് ചൈനയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇതിൽ വൺപ്ലസ് ടർബോ 6, ടർബോ 6V എന്നീ രണ്ട് മോഡലുകളാണുള്ളത്. സ്നാപ്ഡ്രാഗൺ 8s ജെൻ 4 പ്രൊസസറും 165Hz റിഫ്രഷ് റേറ്റുള്ള 1.5K ഡിസ്‌പ്ലേയുമാണ് ടർബോ 6-ൽ പ്രതീക്ഷിക്കുന്നത്. 9,000mAh-ന്‍റെ കരുത്തുറ്റ ബാറ്ററിയും 80W ഫാസ്റ്റ് ചാർജിംഗും ഇതിന്‍റെ പ്രത്യേകതയാണ്. ടർബോ 6V മോഡലിൽ 144Hz റിഫ്രഷ് റേറ്റുള്ള 6.8 ഇഞ്ച് ഡിസ്‌പ്ലേയും സ്നാപ്ഡ്രാഗൺ 7s ജെൻ 4 പ്രൊസസറുമാണ് ഉണ്ടാവുക. സിൽവർ, ബ്ലാക്ക്, ഗ്രീൻ, ബ്ലൂ, വൈറ്റ് എന്നിങ്ങനെ അഞ്ച് ആകർഷകമായ നിറങ്ങളിൽ ഈ ഫോണുകൾ ലഭ്യമാകും.

ബാറ്ററി കപ്പാസിറ്റിയുടെ കാര്യത്തിൽ ഏവരെയും അത്ഭുതപ്പെടുത്താൻ ഹോണർ പവർ 2 എത്തുന്നു. 10,080mAh എന്ന ഭീമൻ ബാറ്ററിയാണ് ഇതിലുള്ളത്. ഒറ്റ ചാർജിംഗിൽ 22 മണിക്കൂർ വരെ വീഡിയോ പ്ലേബാക്കും 14 മണിക്കൂറിലധികം ഗെയിമിംഗും നൽകും. മീഡിയടെക് ഡൈമെൻസിറ്റി 8500 എലൈറ്റ് പ്രൊസസറും 8,000 നിറ്റ്സ് ബ്രൈറ്റ്നസുള്ള 6.79 ഇഞ്ച് ഡിസ്‌പ്ലേയും ഈ ഫോണിനുണ്ട്. 50 മെഗാപിക്സൽ മെയിൻ ക്യാമറയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒപ്പോയുടെ റെനോ 15 സീരീസിലും ഒട്ടേറെ പുതുമകളുണ്ട്. റെനോ 15, റെനോ 15 പ്രോ, റെനോ 15 പ്രോ മിനി എന്നീ മൂന്ന് മോഡലുകൾ ഈ പരമ്പരയിലുണ്ടാകും. ഏറോസ്‌പേസ് ഗ്രേഡ് അലുമിനിയം ഫ്രെയിമും ഹോളോഫ്യൂഷൻ ടെക്നോളജിയുമാണ് ഇതിന്‍റെ പ്രധാന സവിശേഷതകൾ. വാട്ടർ-ഡസ്റ്റ് റെസിസ്റ്റൻസിനായി IP66, IP68, IP69 റേറ്റിംഗുകൾ ഈ ഫോണുകൾക്ക് ലഭിച്ചിട്ടുണ്ട്. ഗോൾഡ്, ബ്രൗൺ, വൈറ്റ്, ബ്ലൂ തുടങ്ങിയ വിവിധ നിറങ്ങളിൽ ഇവ ലഭ്യമാകും.

റിയൽമി തങ്ങളുടെ 16 പ്രോ സീരീസ് ജനുവരി 6-ന് വിപണിയിലെത്തിക്കും. 200 മെഗാപിക്സലിന്‍റെ അതിശക്തമായ ക്യാമറയാണ് ഈ ഫോണുകളുടെ പ്രധാന ആകർഷണം. റിയൽമി 16 പ്രോ പ്ലസ് മോഡലിൽ 50 മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറയും സ്നാപ്ഡ്രാഗൺ 7 ജെൻ 4 പ്രൊസസറുമുണ്ടാകും. ഇതോടൊപ്പം 12,200mAh ബാറ്ററിയുള്ള റിയൽമി പാഡ് 3 ടാബ്‌ലെറ്റും ഇന്ത്യയിൽ പുറത്തിറക്കാൻ സാധ്യതയുണ്ട്.

ഷവോമിയുടെ റെഡ്മി നോട്ട് 15 5G ജനുവരി 6-ന് തന്നെ പുറത്തിറങ്ങും. 108 മെഗാപിക്സൽ പ്രൈമറി ക്യാമറ, സ്നാപ്ഡ്രാഗൺ 6 ജെൻ 3 പ്രൊസസർ, 120Hz റിഫ്രഷ് റേറ്റുള്ള അമോലെഡ് ഡിസ്‌പ്ലേ എന്നിവയാണ് പ്രധാന ഫീച്ചറുകൾ. 5,520mAh ബാറ്ററിയും 45W ഫാസ്റ്റ് ചാർജിംഗും ഈ ഫോൺ പിന്തുണയ്ക്കുന്നു. ഇതിനൊപ്പം റെഡ്മി പാഡ് 2 പ്രോ 5G ടാബ്‌ലെറ്റും വിപണിയിൽ എത്തും.
ഇവ കൂടത്തെ ആപ്പിൾ സാംസങ് തുടങ്ങിയവരുടെയും പുത്തൻ മോഡലുകളും വരും മാസങ്ങളിൽ വിപണിയിൽ എത്തും.

സാംസങ് തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് നിരയായ ഗാലക്സി S26 സീരീസ് ഉടൻ പുറത്തിറക്കും. S26, S26 പ്ലസ്, S26 അൾട്ര എന്നിങ്ങനെ മൂന്ന് മോഡലുകളാണ് ഈ പരമ്പരയിലുള്ളത്. അൾട്ര മോഡലിൽ 200 മെഗാപിക്സൽ സെൻസറും പുതിയ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസറുമായിരിക്കും ഉണ്ടാവുക. സാംസങ് സ്വന്തമായി വികസിപ്പിച്ച എഐ ഫീച്ചറുകൾ ഈ ഫോണുകളിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.
വർഷാവസാനത്തോടെ ഗൂഗിൾ പിക്സൽ 11 സീരീസും ആപ്പിളിന്‍റെ ഐഫോൺ 18 സീരീസും വിപണി കീഴടക്കാൻ എത്തും.

പിക്സൽ 11, പ്രോ, പ്രോ എക്സ് എൽ മോഡലുകൾക്കൊപ്പം ഒരു പുതിയ ഫോൾഡ് ഫോണും ഈ നിരയിലുണ്ടാകും.
ഗൂഗിളിന്‍റെ അത്യാധുനിക ടെൻസർ ചിപ്പും മീഡിയാടെക് മോഡവും ഉപയോഗിക്കുന്നതിലൂടെ മികച്ച വേഗതയും നെറ്റ്‌വർക്ക് കവറേജും പിക്സൽ ഫോണുകൾ വാഗ്ദാനം ചെയ്യുന്നു. ഐഫോൺ 18 സീരീസിൽ ആപ്പിൾ ഇത്തവണ സ്റ്റാൻഡേർഡ് മോഡൽ ഒഴിവാക്കി ഐഫോൺ 18 പ്രോ, പ്രോ മാക്സ്, ഐഫോൺ എയർ എന്നീ മോഡലുകൾ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. മികച്ച വേഗതയുള്ള എ20 ബയോണിക് ചിപ്പും വേരിയബിൾ അപ്പർച്ചർ ക്യാമറയും പുതിയ ഐഫോണുകളിൽ പ്രതീക്ഷിക്കാം. ഇവയ്ക്കൊക്കെ പുറമേ പുത്തൻ മോഡലുകളോ, പുത്തൻ കമ്പനികളുടെ തന്നെ വരവും പ്രതീക്ഷിക്കാം.

About The Author