തിരക്കേറിയ പാർക്കിംഗ് സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്ത ശേഷം, തിരിച്ചെത്തുമ്പോൾ അത് എവിടെയാണെന്ന് തിരഞ്ഞ് സമയം കളയുന്നവർക്കായി ഗൂഗിൾ മാപ്‌സിൽ ഒളിഞ്ഞിരിക്കുന്ന ഒരു ഫീച്ചർ ശ്രദ്ധേയമാകുന്നു. മിക്കവാറും എല്ലാവരും നാവിഗേഷനായി ഗൂഗിൾ മാപ്‌സ് ഉപയോഗിക്കാറുണ്ടെങ്കിലും, വാഹനം പാർക്ക് ചെയ്യുന്ന സ്ഥലം കൃത്യമായി അടയാളപ്പെടുത്തി വെക്കാൻ സാധിക്കുന്ന ‘സേവ് പാർക്കിംഗ്’ (Save Parking) എന്ന ഫീച്ചറിനെക്കുറിച്ച് പലർക്കും അറിയില്ല. വാഹനം പാർക്ക് ചെയ്ത ഉടൻ വെറും രണ്ട് സെക്കൻഡ് ചിലവഴിച്ചാൽ പിന്നീട് മണിക്കൂറുകളോളം നീളുന്ന തിരച്ചിൽ ഒഴിവാക്കാം.
ആൻഡ്രോയിഡ് ഫോണുകളിൽ ഗൂഗിൾ മാപ്‌സ് തുറന്ന ശേഷം നിലവിലെ ലൊക്കേഷൻ കാണിക്കുന്ന നീല ഡോട്ടിൽ അമർത്തി ‘സേവ് യുവർ പാർക്കിംഗ്’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്താൽ മതിയാകും. പിന്നീട് വാഹനം എവിടെയാണെന്ന് അറിയാൻ മാപ്പിലെ സെർച്ച് ബാറിൽ ‘പാർക്കിംഗ് ലൊക്കേഷൻ’ എന്ന് ടൈപ്പ് ചെയ്താൽ അവിടേക്കുള്ള വഴി മാപ്പ് കാണിച്ചുതരും. ഐഫോൺ ഉപയോക്താക്കൾക്ക് ലൊക്കേഷൻ സെറ്റിംഗ്‌സ് ‘ഓൾവേയ്സ്’ മോഡിലാക്കി വെച്ചാൽ ഗൂഗിൾ മാപ്‌സ് സ്വയം തന്നെ പാർക്കിംഗ് ലൊക്കേഷൻ രേഖപ്പെടുത്തും. വാഹനം ബ്ലൂടൂത്ത് വഴിയോ യുഎസ്ബി വഴിയോ ഫോണുമായി കണക്ട് ചെയ്തിട്ടുണ്ടെങ്കിൽ കൂടുതൽ കൃത്യമായ വിവരങ്ങൾ ലഭിക്കുമെന്നും വിദഗ്ധർ പറയുന്നു.
മൾട്ടി ലെവൽ പാർക്കിംഗുകളിൽ വാഹനം എത്രാമത്തെ നിലയിലാണ് എന്ന് ഓർക്കാൻ നോട്ട്സ് ചേർക്കാനും പാർക്കിംഗ് സമയം അവസാനിക്കുന്നത് അറിയാൻ ടൈമർ സെറ്റ് ചെയ്യാനുമുള്ള സൗകര്യവും ഇതിലുണ്ട്. മാളിലോ, എയർപോർട്ടിലോ വാഹനം ഇട്ട് പോകുന്നവർക്ക്, പ്രത്യേകിച്ച് കൊച്ചു കുട്ടികളുമായി എത്തുന്നവർക്ക് ഈ ഫീച്ചർ വലിയ ആശ്വാസമാകും. ഗൂഗിൾ മാപ്‌സിന് പുറമെ ആപ്പിൾ മാപ്‌സിലും സമാനമായ സൗകര്യം ലഭ്യമാണ്.
അമേരിക്കയിലെ തിരഞ്ഞെടുത്ത നഗരങ്ങളിലാണ് മുൻകൂട്ടി പാർക്കിംഗ് കണ്ടെത്താനുള്ള സൗകര്യവും ലഭ്യമായിട്ടുണ്ട്. താമസിയാതെ മറ്റ് നഗരങ്ങളിലും ഈ ഫീച്ചർ ലഭ്യമാകും.
