ഇന്‍റർനെറ്റിനെ ഇളക്കിമറിച്ച് 67. ഇന്‍റർനെറ്റ് ലോകത്തെ ഇപ്പോഴത്തെ ഏറ്റവും വലിയ വട്ടായ “6-7” ഒടുവിൽ ഗൂഗിളിന്‍റെ സെർച്ച് എൻജിനെയും പിടികൂടിയിരിക്കുകയാണ്. ഗൂഗിളിൽ കയറി വെറുതെ “6-7” എന്നോ “67” എന്നോ ടൈപ്പ് ചെയ്താൽ സെർച്ച് പേജ് തന്നെ ഒന്ന് വിറയ്ക്കും! എന്തെങ്കിലും തൂക്കി നോക്കുമ്പോൾ കൈകൾ മുകളിലേക്കും താഴേക്കും ചലിപ്പിക്കുന്ന മീമിലെ അതേ ആക്ഷൻ ഗൂഗിൾ പേജും അനുകരിക്കാൻ തുടങ്ങിയതോടെ സംഗതി സോഷ്യൽ മീഡിയയിൽ വൈറലായി. ഡെസ്ക്ടോപ്പിലും മൊബൈലിലും ഈ ‘വിറയൽ’ പരീക്ഷിക്കാവുന്നതാണ്.
2025-ന്‍റെ തുടക്കത്തിൽ ടിക്ടോക്, ഇൻസ്റ്റാഗ്രാം എന്നിവയിലൂടെ പ്രചരിച്ച് ലോകമെമ്പാടുമുള്ള യുവാക്കൾക്കിടയിൽ തരംഗമായി മാറിയ ഒന്നാണ് ‘6-7’ (Six Seven) എന്ന മീം. പ്രത്യേകമായ ഒരു അർത്ഥമില്ലെങ്കിലും, സ്പോർട്സ് താരങ്ങൾ മുതൽ രാഷ്ട്രീയ നേതാക്കൾ വരെ ഇന്ന് ഈ വാക്കും ഇതിനോടൊപ്പമുള്ള കൈകൾ മുകളിലേക്കും താഴേക്കും ആട്ടുന്ന പ്രത്യേക ആംഗ്യവും ഏറ്റെടുത്തു കഴിഞ്ഞു.
ഇന്‍റർനെറ്റിലെ പ്രമുഖ നിഘണ്ടുവായ Dictionary.com “6-7” എന്ന പദത്തെ 2025-ലെ ‘വേർഡ് ഓഫ് ദി ഇയർ’ ആയി പ്രഖ്യാപിച്ചിരുന്നു. ഇതിന് കൃത്യമായ ഒരു അർത്ഥം കൽപ്പിക്കാനാവില്ലെങ്കിലും, സാഹചര്യങ്ങൾക്കനുസരിച്ച് “ഏകദേശം”, “ഒരുപക്ഷേ”, അല്ലെങ്കിൽ “അതുമല്ലെങ്കിൽ ഇത്” എന്നിങ്ങനെ വിവിധ അർത്ഥങ്ങളിൽ ഉപയോക്താക്കൾ ഇത് ഉപയോഗിക്കുന്നു. ആശയവിനിമയത്തിൽ അർത്ഥത്തേക്കാളുപരി ഒരു ‘വികാരം’ പ്രകടിപ്പിക്കാനാണ് ഈ പദം കൂടുതലായും ഉപയോഗിക്കപ്പെടുന്നത്.
എന്താണ് മീം
ചിത്രങ്ങൾ, വീഡിയോകൾ അല്ലെങ്കിൽ വാക്കുകൾ എന്നിവ ഉപയോഗിച്ച് ഒരു കാര്യം രസകരമായി അവതരിപ്പിക്കുന്ന രീതിയെയാണ് മീം എന്ന് വിളിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ വികാരങ്ങളും അഭിപ്രായങ്ങളും പങ്കുവെക്കാൻ ആളുകൾ മീമുകൾ ഉപയോഗിക്കുന്നു.
