ഗൂഗിൾ സെർച്ച് മാറുന്നു: AI വിപ്ലവം ഇന്ത്യയിൽ!

google auto complete

വിവരങ്ങൾ അറിയാനായി നമ്മൾ ആദ്യം ആശ്രയിക്കുന്നത് ഗൂഗിളിനെ ആണ്. ഗൂഗിൾ പുറത്തുവിടുന്ന കണക്കുകൾ പ്രകാരം ലോകമെമ്പാടും, ഒരു ദിവസം നമ്മൾ തിരയുന്ന ചോദ്യങ്ങളിൽ 15% ചോദ്യങ്ങളും ഗൂഗിൾ മുൻപ് കേട്ടിട്ടില്ലാത്തവയാണ്! ഇത് കാണിക്കുന്നത്, നമ്മൾ വിവരങ്ങൾ തേടുന്ന രീതിയിൽ വലിയ മാറ്റങ്ങൾ വരുന്നു എന്നാണ്. എന്ത് അറിയുന്നതിനും ഇന്‍റർനെറ്റിനെ അഭയം പ്രാപിക്കുകയാണ് നമ്മൾ. അത് മെഡിക്കൽ പ്രശനങ്ങൾ ആണെങ്കിൽ പോലും. കൂടാതെ ആളുകളുടെ ജിജ്ഞാസ വർധിച്ചു എന്നും പഠനങ്ങൾ പറയുന്നു.

വിഷ്വൽ സെർച്ചുകൾ ഒരു വർഷം കൊണ്ട് 70% വർധിച്ചു

ഇതിൽ ഇന്ത്യയിൽ ആണ് വളരെയധികം മാറ്റങ്ങൾ സംഭവിക്കുന്നത്. ലോകത്ത് മറ്റെവിടുത്തെക്കാളും കൂടുതൽ ആളുകൾ ഗൂഗിൾ ലെൻസ് ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്.

2025-ൽ ഗൂഗിൾ, സെർച്ച് വെറും വിവരങ്ങൾ നൽകുന്ന ടൂൾ എന്നതിലുപരിയായി ‘ഇന്‍റലിജൻസ്-ലീഡ്’ ആയ ഒരു അനുഭവമാക്കി മാറ്റുകയാണ്. അതായത്, കാര്യങ്ങൾ മനസ്സിലാക്കാനും അതിനനുസരിച്ച് പ്രവർത്തിക്കാനും സഹായിക്കുന്ന ആഴത്തിലുള്ള മറുപടികൾ നൽകാൻ AI മോഡലുകൾക്ക് കഴിയും. AI മോഡ്, സെർച്ച് ലൈവ് തുടങ്ങിയ പുതിയ സൗകര്യങ്ങൾ ആദ്യം അവതരിപ്പിച്ചത് ഇന്ത്യയിലായിരുന്നു.

ഗൂഗിളിന്‍റെ ഏറ്റവും പുതിയ ജെമിനി മോഡലുകളാണ് ഈ വർഷം സെർച്ചിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നത്. ചിത്രങ്ങളും ടെക്‌സ്റ്റും ചേർത്ത് ചോദ്യങ്ങൾ ചോദിക്കാനും, കൂടുതൽ സങ്കീർണ്ണമായ കാര്യങ്ങൾ മനസ്സിലാക്കാനും ഇത് സഹായിക്കുന്നു.

ഗൂഗിളിന്‍റെ പുതിയ അപ്‌ഡേറ്റുകൾ

ഗൂഗിളിന്‍റെ മെച്ചപ്പെടുത്തിയ AI-യുടെ സഹായത്തോടെയുള്ള സെർച്ച് അനുഭവമായ AI മോഡ്, അമേരിക്കയ്ക്ക് പുറത്ത് ആദ്യമായി ലഭിച്ചത് ഇന്ത്യക്കാർക്കാണ്. ഇപ്പോൾ, ഇംഗ്ലീഷ് ഉപയോക്താക്കൾക്കായി, ഗൂഗിൾ ഈ മോഡിനെ അതിന്‍റെ ഏറ്റവും പുതിയ  ജെമിനി 3-ലേക്ക് അപ്‌ഗ്രേഡ് ചെയ്തിരിക്കുകയാണ്. യുക്തിചിന്ത ആവോളം ഉള്ള  ജെമിനി 3, സങ്കീർണ്ണമായ ചോദ്യങ്ങൾക്ക് കൂടുതൽ മികച്ച ഉത്തരങ്ങൾ നൽകും. AI പ്രോ, അൾട്രാ സബ്‌സ്‌ക്രൈബർമാർക്ക് AI മോഡിൽ “Thinking” എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിലൂടെ ജെമിനി 3-യുടെ ഈ പുതിയ കഴിവുകൾ ഉപയോഗിക്കാനാകും.

ഈ ആഴ്ച പുറത്തിറക്കിയ മറ്റൊരു ശ്രദ്ധേയമായ ഫീച്ചറാണ് നാനോ ബനാന പ്രോ (Nano Banana Pro). ജെമിനി 3 പ്രോയിൽ നിർമ്മിച്ച ഇമേജുകൾ എഡിറ്റ് ചെയ്യാൻ ഇത് ഉപകരിക്കുന്നു. ഗൂഗിളിന്‍റെ വിവരശേഖരത്തെ AI-യുടെ യുക്തിചിന്തയുമായി സംയോജിപ്പിച്ചുകൊണ്ട്, ഉൽപ്പന്നങ്ങളുടെ ഡിസൈനുകൾ, ഡാറ്റാ ഗ്രാഫിക്സുകൾ തുടങ്ങിയ ദൃശ്യപരമായ ആശയങ്ങൾ എളുപ്പത്തിൽ സൃഷ്ടിക്കാൻ ഇത് ഉപയോക്താക്കളെ സഹായിക്കും. ഇന്ത്യയിലെ AI പ്രോ, അൾട്രാ സബ്‌സ്‌ക്രൈബർമാർക്ക് ‘Create Images Pro’ എന്ന ടൂൾ വഴി ഈ സൗകര്യം പരീക്ഷിക്കാം.

ഓൺലൈൻ ഷോപ്പിംഗ് രംഗത്തെ ഒരു വിപ്ലവമാണ് വിർച്വൽ വസ്ത്ര ട്രൈ-ഓൺ (Virtual Apparel Try-On) ഫീച്ചർ. ഓൺലൈനിൽ വസ്ത്രങ്ങൾ വാങ്ങുന്നവർക്ക്, ഇനി ഒരു തുണിത്തരങ്ങൾ വെർച്വലായി ധരിച്ചുനോക്കാൻ സാധിക്കും. ഉപയോക്താക്കൾ അവരുടെ ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്താൽ മതി, ടോപ്പുകൾ, ഡ്രസ്സുകൾ, ഷൂസുകൾ തുടങ്ങിയവ അവർക്ക് എങ്ങനെ ഇണങ്ങുമെന്നും വസ്ത്രം ശരീരത്തിൽ എങ്ങനെയിരിക്കുമെന്നും കൃത്യമായി കാണാനാകും. തുണികൾ ശരീര രൂപങ്ങൾക്കനുസരിച്ച് എങ്ങനെയിരിക്കും എന്ന് മനസ്സിലാക്കാൻ പ്രത്യേകം പരിശീലനം ലഭിച്ച AI മോഡലാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഈ സൗകര്യമുള്ള ഉൽപ്പന്നങ്ങളിൽ “try it on” എന്ന ഐക്കൺ കാണിക്കും.

 2025-ലെ മറ്റ് സുപ്രധാന AI ഫീച്ചറുകൾ

ലെൻസ് ഇൻ AI മോഡ് (Lens in AI Mode) സൗകര്യം വഴി, ഉപയോക്താക്കൾക്ക് ചിത്രങ്ങൾ അപ്‌ലോഡ് ചെയ്ത് അതിലെ വ്യത്യസ്ത വസ്തുക്കളെക്കുറിച് സേർച്ച് ചെയുക മാത്രമല്ല , മുഴുവൻ ദൃശ്യങ്ങളും വിശകലനം ചെയ്യാനും വസ്തുക്കൾ തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ച് കൂടുതൽ ചോദ്യങ്ങൾ ചോദിക്കാനും ഇപ്പോൾ സാധിക്കുന്നു.

അതുപോലെ, ഏറെ ജനപ്രിയമായ സർക്കിൾ ടു സെർച്ച് വിത്ത് AI മോഡ് (Circle to Search with AI Mode) കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഉപയോക്താക്കൾ സ്‌ക്രീനിലെ ഒരു ഇനത്തിന് ചുറ്റും ‘വൃത്തം’ വരയ്ക്കുമ്പോൾ, ആപ്പുകൾ മാറാതെ തന്നെ അതിനെക്കുറിച്ച് ആഴത്തിലുള്ള ചോദ്യങ്ങളോ വിശദീകരണങ്ങളോ AI മോഡ് വഴി ചോദിക്കാനാകും.

സെർച്ച് ലൈവ് ഇൻ AI മോഡ് (Search Live in AI Mode) ആളുകൾക്ക് ക്യാമറ ഉപയോഗിച്ച് തത്സമയം ഗൂഗിളുമായി സംസാരിക്കാൻ അവസരം നൽകുന്നു. കേടായ ഒരു ഗാഡ്‌ജെറ്റിലേക്കോ അല്ലെങ്കിൽ ഒരു ഹോംവർക്ക് പ്രശ്‌നത്തിലേക്കോ ക്യാമറ ചൂണ്ടുമ്പോൾ, സംസാരിക്കുന്ന രൂപത്തിൽ ഘട്ടം ഘട്ടമായുള്ള സഹായം ലഭിക്കും. ഇത് ഹിന്ദിയിലും ലഭ്യമാണ്.

കൂടാതെ, യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തിക്കൊണ്ട് ഫ്ലൈറ്റ് ഡീലുകൾ കണ്ടെത്തുന്നതിനായി പുതിയ രീതി അവതരിപ്പിച്ചു. തീയതികളും ഫിൽട്ടറുകളും മാറ്റുന്നതിന് പകരം, ‘നോൺ-സ്റ്റോപ്പ് ഫ്ലൈറ്റുകളുള്ള ഒരാഴ്ചത്തെ വെക്കേഷൻ’ തുടങ്ങിയ സാധാരണ ഭാഷയിൽ വിവരിച്ചാൽ മതി. അനുയോജ്യമായ ലക്ഷ്യസ്ഥാനങ്ങളും നിരക്കുകളും AI കണ്ടെത്തി നൽകും.

ഈ ഫീച്ചറുകൾ എല്ലാം സൂചിപ്പിക്കുന്നത്, ഗൂഗിൾ സെർച്ച് അതിന്‍റെ പഴയ രൂപത്തിൽ നിന്നും മാറി, നമ്മുടെ ദൈനംദിന ജീവിതത്തിലെ വിവരങ്ങൾ തേടുന്ന രീതിയെ പൂർണ്ണമായും രൂപാന്തരപ്പെടുത്തുകയാണ് എന്നാണ്.

About The Author