റോബോട്ടിനെ കൈകൊട്ടിവിളിക്കാം

കണക്ഷൻ ഫ്രീ ആകാൻ ആഗ്രഹിക്കുന്ന മനുഷ്യൻ ഗാഡ്ജറ്റുകളിലും അതാണ് ആഗ്രഹിക്കുന്നത്. റിമോട്ട് കയ്യിലെടുക്കാനും സ്വിച്ചുകൾ അമർത്താനും ഒന്നും ആർക്കും സമയം ഇല്ല. കയ്യുടെ ആംഗ്യങ്ങൾ കൊണ്ടുതന്നെ ഗാഡ്ജറ്റുകൾ നിയന്ത്രിക്കാൻ സാധിച്ചാലോ? ആംഗ്യ നിയന്ത്രണം (Gesture Control) കൂടുതൽ വിശ്വസ്തതയോടെ കൊണ്ടുവരാൻ സാധ്യതയുള്ള ഒരു പുതിയ സാങ്കേതികവിദ്യയുമായി യുസി സാൻ ഡിയേഗോയിലെ എഞ്ചിനീയർമാർ രംഗത്ത്. ഓടുമ്പോഴോ, കുലുക്കമുള്ള വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴോ പോലും, കൈകളിലെ ലളിതമായ ആംഗ്യങ്ങൾ ഉപയോഗിച്ച് യന്ത്രങ്ങളെയും റോബോട്ടുകളെയും നിയന്ത്രിക്കാൻ കഴിയുന്ന ഒരു പുതിയ വെയറബിൾ സിസ്റ്റം (ധരിക്കാൻ കഴിയുന്ന ഉപകരണം) ആണ് ഇവർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഈ ഉപകരണം കൈത്തണ്ടയിൽ ധരിക്കുകയാണ് ചെയ്യേണ്ടത്, വലിച്ചു നീട്ടാവുന്നതും (Stretchable) വഴക്കമുള്ളതുമായ (Flexible) ഒരു പാച്ചാണ് ഇത്. ഇതിൽ ചലനങ്ങളും (Motion) പേശികളുടെ പ്രതികരണങ്ങളും മനസ്സിലാക്കുന്ന സെൻസറുകളും, വിവരങ്ങൾ വിശകലനം ചെയ്യുന്ന ഒരു ചെറിയ കമ്പ്യൂട്ടർ ചിപ്പും (AI on the chip) ഉൾപ്പെടുത്തിയിട്ടുണ്ട്.
സാധാരണയായി, ഓടുമ്പോഴോ കൈ കുലുക്കുമ്പോഴോ വെയറബിൾ ഉപകരണങ്ങൾക്ക് ലഭിക്കുന്ന സിഗ്നലുകളിൽ ‘നോയ്സ്’ (അനാവശ്യ ശബ്ദമോ ഇടപെടലോ) ഉണ്ടാവാറുണ്ട്. എന്നാൽ ഈ ഉപകരണം, AI-യുടെ സഹായത്തോടെ, ഈ നോയ്സിനെ തത്സമയം നീക്കം ചെയ്യുന്നു. വിവിധതരം ചലനങ്ങളിലൂടെ പരിശീലനം കിട്ടിയ ഈ ഡിവൈസ്, ഓട്ടം, കുലുങ്ങൽ തുടങ്ങിയ വിവിധ ചലനങ്ങളിൽ പരിശീലനം നേടിയതാണ്. നിങ്ങൾ ഒരു ആംഗ്യം കാണിക്കുമ്പോൾ, പാച്ച് ആ സിഗ്‌നൽ ഉടൻ തന്നെ നിങ്ങളുമായി കണക്ട് ചെയ്തിരിക്കുന്ന ഡിവൈസിലേക്ക് അയയ്ക്കുന്നു. ഇതുവഴി, ആ ഡിവൈസ് ആംഗ്യങ്ങൾ കൃത്യമായി തിരിച്ചറിയുകയും സിഗ്നൽ അനുസരിച്ചു പ്രവർത്തിക്കുകയും ചെയ്‌യും.

ചലനശേഷി കുറഞ്ഞവർക്കും പുനരധിവാസത്തിലുള്ളവർക്കും സ്വാഭാവികമായ കൈ ചലനങ്ങൾ വഴി റോബോട്ടിക് സഹായങ്ങൾ എളുപ്പത്തിൽ പ്രവർത്തിപ്പിക്കാൻ കഴിയും. അപകടകരമായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് (ഫസ്റ്റ് റെസ്പോണ്ടേഴ്സ്, ഇൻഡസ്ട്രിയൽ വർക്കർമാർ) കൈകൾ സ്വതന്ത്രമാക്കി റോബോട്ടുകളെ നിയന്ത്രിക്കാൻ സാധിക്കും. തിരമാലകൾക്കിടയിലും വെള്ളത്തിനടിയിലെ റോബോട്ടുകൾക്ക് കമാൻഡ് നൽകാൻ കഴിയും.
ഈ കണ്ടുപിടുത്തം മനുഷ്യന്‍റെ ചലനങ്ങളും യന്ത്രങ്ങളും തമ്മിലുള്ള അകലം കുറയ്ക്കുകയും, കൂടുതൽ ലളിതവും വിശ്വസനീയവുമായ മനുഷ്യ-യന്ത്ര നിയന്ത്രണത്തിന് വഴി തുറക്കുകയും ചെയ്യും

About The Author