ഗൂഗിളിൻ്റെ ജെമിനി AI സാങ്കേതികവിദ്യയുടെ കരുത്തിൽ ലോകത്തിലെ ഏറ്റവും പ്രശസ്തമായ നാവിഗേഷൻ ആപ്പ്, ഗൂഗിൾ മാപ്‌സ് കൂടുതൽ അപ്ഡേറ്റ് ആകുന്നു. ഗൂഗിളിൻ്റെ ഏറ്റവും പുതിയ സാങ്കേതികവിദ്യയായ ജെമിനി AI-യുടെ പിന്തുണയോടെ മാപ്‌സ് ഇനി വെറുമൊരു വഴി കാട്ടി മാത്രമല്ല, ഒരു വിവേകിയായ സഹയാത്രികനെപ്പോലെ നമ്മളോട് സംസാരിക്കുകയും വിവരങ്ങൾ പങ്കുവെക്കുകയും ചെയ്യും. ഡ്രൈവ് ചെയ്യുമ്പോൾ കൈകൾ ഉപയോഗിക്കാതെ തന്നെ (hands-free) മാപ്‌സുമായി സംസാരിക്കാൻ ഇത് സഹായിക്കും. ലക്ഷ്യസ്ഥാനത്തേക്കുള്ള വഴി കൃത്യമായി പറഞ്ഞുതരുന്നതിനൊപ്പം, യാത്രാമധ്യേ ആവശ്യാനുസരണം ഹോട്ടലുകൾ, കടകൾ, കാണേണ്ട സ്ഥലങ്ങൾ എന്നിവയെക്കുറിച്ചുള്ള നിർദ്ദേശങ്ങളും ഈ AI പങ്കുവെക്കും.
നിലവിൽ തിരിയേണ്ട റോഡുകൾ ദൂരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറിയിച്ചിരുന്നത്, അപ്ഡേഷനിൽ ഇത്, പ്രധാനപ്പെട്ട അടയാളങ്ങളുടെയോ, കെട്ടിടങ്ങളുടെയോ സ്ഥലങ്ങളുടെയോ പേരെടുത്ത് പറഞ്ഞായിരിക്കും ഇനി മാപ്‌സ് വഴി കാട്ടുക. ഇത് ഡ്രൈവർമാർക്ക് പെട്ടെന്ന് വഴി മനസ്സിലാക്കാൻ കൂടുതൽ എളുപ്പമാകും.
ചാറ്റ്‌ജിപിടി പോലുള്ള AI ചാറ്റ്‌ബോട്ടുകൾ ചിലപ്പോൾ തെറ്റായ വിവരങ്ങൾ (hallucinations) നൽകാൻ സാധ്യതയുണ്ടെങ്കിലും, ഡ്രൈവർമാരെ തെറ്റായ വഴിയിലേക്ക് അയക്കാതിരിക്കാൻ സുരക്ഷാ സംവിധാനങ്ങൾ മാപ്‌സിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഗൂഗിൾ പറയുന്നു. ജെമിനി ഉപയോഗിക്കുന്ന വിവരങ്ങളെല്ലാം കഴിഞ്ഞ 20 വർഷത്തിനിടെ ഗൂഗിൾ മാപ്‌സിൻ്റെ ഡാറ്റാബേസിൽ ശേഖരിച്ച 25 കോടിയിലധികം സ്ഥലങ്ങളുടെ അവലോകനങ്ങളിൽ നിന്നുള്ളവയായിരിക്കും. ഗൂഗിൾ മാപ്‌സിൻ്റെ ഈ പുതിയ AI സൗകര്യങ്ങൾ ആപ്പിളിൻ്റെ ഐഫോണുകളിലും ആൻഡ്രോയിഡ് മൊബൈൽ ഉപകരണങ്ങളിലും ലഭ്യമാകും.
