മെറ്റയുടെ ഇൻസ്റ്റാഗ്രാം യുവ ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനും, മാതാപിതാക്കൾക്ക് കൂടുതൽ നിയന്ത്രണം നൽകാനുമുള്ള പുതിയ സംയോജിത ഉപകരണങ്ങൾ അവതരിപ്പിച്ചു. പുതിയ മാറ്റങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെയുള്ള കുട്ടികളുടെ ഉപയോഗസമയം നിയന്ത്രിക്കുന്നതിലും സുരക്ഷിതമായ ഓൺലൈൻ അനുഭവം ഉറപ്പാക്കുന്നതിലും ലക്ഷ്യമിടുന്നു.
മെറ്റയുടെ പ്രസ്താവന പ്രകാരം, “ടീൻ അക്കൗണ്ടുകൾ” എന്ന പുതിയ സംവിധാനമാണ് പ്രധാന മാറ്റം. കൗമാരക്കാരുടെ സുരക്ഷ പരിഗണിച്ചാണ് ഇത് രൂപപ്പെടുത്തിയതെന്ന് കമ്പനി വ്യക്തമാക്കുന്നു. ഈ സംവിധാനങ്ങൾ മാതാപിതാക്കൾക്ക് കുട്ടികളുടെ സോഷ്യൽ മീഡിയ ആക്ടിവിറ്റിയിൽ ഒരു നിരീക്ഷണം നൽകുന്നതിനായാണ് നിർമ്മിച്ചിരിക്കുന്നത്.
പ്രധാന നിയന്ത്രണങ്ങൾ
ഇൻസ്റ്റാഗ്രാമിൽ 13 വയസ്സിന് താഴെയുള്ളവർക്ക് അക്കൗണ്ട് സൃഷ്ടിക്കാൻ അനുവാദമില്ല. ഇനി മുതൽ 13–17 വയസ്സുള്ളവരുടെ അക്കൗണ്ടുകൾ പ്രൈവറ്റ് മോഡിൽ ആയിരിക്കും. അതായത്, ആരെങ്കിലും ഫോളോ ചെയ്യാൻ അപേക്ഷിച്ചാൽ അത് സ്വീകരിക്കാനോ നിരസിക്കാനോ കഴിയുക ടീൻ ഉപയോക്താവിനായിരിക്കും. മറ്റുള്ളവർക്ക് അവരുടെ പോസ്റ്റുകളും വീഡിയോകളും കാണാനോ നേരിട്ട് ബന്ധപ്പെടാനോ കഴിയില്ല.
സന്ദേശങ്ങളിൽ (DM)ലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കൗമാരക്കാരന് തനിക്കറിയാവുന്ന ആളുകളായ ഫോളോവേഴ്സിൽ നിന്ന് മാത്രമേ സന്ദേശങ്ങൾ ലഭിക്കുകയുള്ളൂ. എന്നാൽ അവർക്ക് മറ്റുള്ള അക്കൗണ്ടുകളിലേക്ക് സന്ദേശങ്ങൾ അയയ്ക്കാൻ സാധിക്കും.
കൂടാതെ, സെൻസിറ്റീവ് ഉള്ളടക്കം ഉൾപ്പെട്ട പോസ്റ്റുകൾ തടയാനായി ഇൻസ്റ്റാഗ്രാം ഉള്ളടക്കപരിധികളും കർശനമാക്കി.
ആപ്പിന്റെ ഉപയോഗസമയം നിയന്ത്രിക്കുന്നതിനായി, ആപ്പ് ഒരു മണിക്കൂറിലധികം ഉപയോഗിച്ചാൽ “വിശ്രമിക്കാനുള്ള” മുന്നറിയിപ്പ് സന്ദേശം പ്രദർശിപ്പിക്കും. എന്നാൽ ആ സന്ദേശം ഒഴിവാക്കി മുന്നോട്ടുപോകാനും സാധിക്കും.
നിയന്ത്രണങ്ങളിൽ മാറ്റം വരുത്താമോ?
പുതിയ നിയന്ത്രണങ്ങൾ 18 വയസ്സിന് താഴെയുള്ള എല്ലാവർക്കും പ്രാബല്യത്തിൽ വരും. പക്ഷേ, 16നും 17നും ഇടയിലുള്ളവർക്ക് അവ ഓഫാക്കാനുള്ള കഴിവുണ്ടാകും. 16 വയസ്സിന് താഴെയുള്ളവർക്ക് ഇതൊഴിവാക്കാൻ മാതാപിതാക്കളുടെ അനുമതി ആവശ്യമാണ്.
പ്രായം തെറ്റായി നൽകുന്നവരെ കണ്ടെത്താനും തടയാനുമായി മെറ്റ പ്രായ സ്ഥിരീകരണ സംവിധാനം ശക്തമാക്കിയിട്ടുണ്ട്. ഐഡന്റിഫിക്കേഷൻ കാർഡ് അപ്‌ലോഡ് ചെയ്യുകയോ, ചെറു വീഡിയോ അയയ്ക്കുകയോ ചെയ്താണ് പ്രായം സ്ഥിരീകരിക്കുന്നത്.
അടുത്ത വർഷം ആദ്യം, വ്യാജ ജനനത്തീയതികൾ തടയാനായി AI അടിസ്ഥാനത്തിലുള്ള പുതിയ പരിശോധനാ സോഫ്റ്റ്‌വെയർ ഇൻസ്റ്റാഗ്രാം പരീക്ഷണമെന്ന നിലയിൽ അവതരിപ്പിക്കുമെന്ന് മെറ്റ അറിയിച്ചു.
മാതാപിതാക്കൾക്ക് ലഭ്യമായ അധിക നിയന്ത്രണങ്ങൾ
പുതിയ സംവിധാനങ്ങൾ മാതാപിതാക്കൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ നൽകുന്നു. കുട്ടികൾ കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ആരുമായി സന്ദേശങ്ങൾ കൈമാറിയെന്ന് കാണാം
കൂടാതെ, ദൈനംദിന ഉപയോഗ പരിധി നിശ്ചയിക്കാനും, നിശ്ചിത സമയങ്ങളിൽ ആപ്പ് ഉപയോഗിക്കുന്നത് തടയാനും കഴിയും. കുട്ടി കാണുന്ന കാര്യങ്ങൾ മാതാപിതാക്കൾക്ക് നിരീക്ഷിക്കാനും സാധിക്കും.
പേരന്‍റല്‍ കണ്‍ട്രോള്‍ എങ്ങനെ സെറ്റ് ചെയ്യും
ഇത് ആക്ടിവേറ്റ് ചെയ്യാൻ മാതാപിതാക്കൾ “ഫാമിലി സെന്‍റർ” വഴി “ഫാമിലി സൂപ്പർവിഷൻ” സജീവമാക്കണം. തുടർന്ന് കുട്ടികൾ ഒരു ഇൻവിറ്റേഷൻ ലിങ്ക് അയയ്ക്കണം. അവർ അത് സ്വീകരിച്ചാൽ, 48 മണിക്കൂറിനുള്ളിൽ ടീൻ അക്കൗണ്ട് സ്ഥിരീകരണം പൂർത്തിയാക്കണം.
പുതിയ സുരക്ഷാ സംവിധാനങ്ങൾ ഇപ്പോൾ അമേരിക്ക, ബ്രിട്ടൻ, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ 18 വയസ്സിനു താഴെയുള്ള പുതിയ ഉപയോക്താക്കൾക്ക് ലഭ്യമാണ്. നിലവിലുള്ള അക്കൗണ്ടുകൾക്ക് നവംബർ മധ്യത്തോടെ ഇത് പ്രാബല്യത്തിൽ വരും.
യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിൽ സംവിധാനം വർഷാവസാനത്തോടെ ലഭ്യമാകും. ലോകത്തിന്റെ ബാക്കിയുള്ള ഭാഗങ്ങളിൽ ജനുവരി മുതൽ “ടീൻ അക്കൗണ്ടുകൾ” ലഭ്യമാക്കുമെന്ന് മെറ്റ അറിയിച്ചു. അടുത്ത വർഷം ഫേസ്ബുക്കിലേക്കും ഈ മാറ്റങ്ങൾ എത്തിക്കും.
