ഇനി കാറുകൾ പറക്കും

ഗതാഗത രംഗത്തെ അടുത്ത തലമുറ വിപ്ലവമായ, പറക്കും കാറുകളുടെ പരീക്ഷണ ഉൽപ്പാദനം ആരംഭിച്ച് ചൈനീസ് കമ്പനി. അമേരിക്കൻ കമ്പനിയായ ടെസ്‌ലയടക്കമുള്ള മറ്റ് സ്ഥാപനങ്ങൾ സമാനമായ പദ്ധതികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ചൈനീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ എക്സ്പെങിന്‍റെ (Xpeng) പറക്കും കാർ വിഭാഗമായ എക്സ്പെങ് ഏറോട്ട് (Xpeng Aeroht) ഈ നേട്ടം കൈവരിച്ചത്.

പറക്കും കാറുകൾക്കായുള്ള, ലോകത്തിലെ ആദ്യത്തെ പ്രൊഡക്ഷൻ യൂണിറ്റ്, പരീക്ഷണ ഉൽപ്പാദനം തുടങ്ങിക്കഴിഞ്ഞു. അടുത്ത തലമുറ ഗതാഗതത്തിന്‍റെ വാണിജ്യവൽക്കരണത്തിൽ ഒരു നിർണ്ണായക നാഴികക്കല്ലായിരിക്കും ഇത്. തെക്കൻ ചൈനയിലെ ഗുവാങ്‌ഡോങ് പ്രവിശ്യയുടെ തലസ്ഥാനമായ ഗ്വാങ്‌ഷൂവിലെ ഹുവാങ്പു ജില്ലയിൽ, 1,20,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള പ്ലാന്‍റ് പ്രവർത്തനം ആരംഭിച്ചു.

ഒരു വർഷം 10,000 വേർപെടുത്താവുന്ന എയർക്രാഫ്റ്റ് മൊഡ്യൂളുകൾ നിർമ്മിക്കാൻ ശേഷിയുള്ള ഈ കേന്ദ്രത്തിന്, തുടക്കത്തിൽ 5,000 യൂണിറ്റുകളുടെ ഉൽപ്പാദന ശേഷിയുണ്ടാകും. പൂർണ്ണമായി പ്രവർത്തനക്ഷമമായാൽ, 30 മിനിറ്റിനുള്ളിൽ ഒരു വിമാനം അസംബിൾ ചെയ്യാൻ കഴിയും.

ആറ് ചക്രങ്ങളുള്ള ഒരു ഗ്രൗണ്ട് വാഹനവും (“മദർഷിപ്പ്”) വേർപെടുത്താവുന്ന ഒരു ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്-ഓഫ് ആൻഡ് ലാൻഡിംഗ് (eVTOL) വിമാനവും ചേർന്നതാണ് ലാൻഡ് എയർക്രാഫ്റ്റ് കാരിയർ. വാഹനത്തിന് ഏകദേശം 5.5 മീറ്റർ നീളമുണ്ടാകും. ഇത് സാധാരണ ലൈസൻസോടെ പൊതുനിരത്തിലൂടെ ഓടിക്കാനും സാധാരണ പാർക്കിംഗ് സ്ഥലങ്ങളിൽ പാർക്ക് ചെയ്യാനും കഴിയും. ഓട്ടോമാറ്റിക്, മാനുവൽ എന്നീ രണ്ട് ഫ്ലൈറ്റ് മോഡുകൾ eVTOL യൂണിറ്റിനുണ്ട്. ഓട്ടോമാറ്റിക് മോഡ് സ്മാർട്ട് റൂട്ട് പ്ലാനിംഗും ഒറ്റ ടച്ചിൽ ടേക്ക്-ഓഫും ലാൻഡിംഗും സാധ്യമാക്കുന്നു.

ഈ കാർ പുറത്തിറക്കിയതിനുശേഷം ഏകദേശം 5,000 പറക്കും കാറുകൾക്ക് ഓർഡറുകൾ ലഭിച്ചതായി എക്സ്പെങ് അറിയിച്ചു. വൻതോതിലുള്ള ഉൽപ്പാദനവും വിതരണവും 2026-ൽ ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ചൈനീസ് കമ്പനിയുടെ ഈ മുന്നേറ്റം അമേരിക്കൻ എതിരാളികളെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. ടെസ്‌ല സിഇഒ ഇലോൺ മസ്‌ക് തങ്ങളുടെ പറക്കും കാർ പ്രോട്ടോടൈപ്പ് ഉടൻ പുറത്തിറക്കുമെന്ന് വെളിപ്പെടുത്തി. മറ്റൊരു യുഎസ് സ്ഥാപനമായ അലെഫ് എയ്‌റോനോട്ടിക്‌സ് അടുത്തിടെ നടത്തിയ പരീക്ഷണ ഓട്ടങ്ങളിൽ തങ്ങളുടെ പറക്കും കാറിന് ഇതിനോടകം ഒരു ബില്യൺ ഡോളറിലധികം മൂല്യമുള്ള പ്രീ-ബുക്കിംഗ് ഓർഡറുകൾ ലഭിച്ചതായി അറിയിച്ചു.

പറക്കും കാറുകൾ അവതരിപ്പിക്കുമ്പോൾ സാങ്കേതിക വെല്ലുവിളികൾ പോലെ തന്നെ പ്രധാനമാണ് പൊതുജനങ്ങളുടെ സ്വീകാര്യതയും. നഗരങ്ങളിൽ എളുപ്പത്തിൽ സഞ്ചരിക്കാമെന്ന വാഗ്ദാനം ഉപയോക്താക്കളിൽ വലിയ ആകാംഷ ഉണ്ടാക്കുന്നുണ്ടെങ്കിലും, സുരക്ഷാപരമായ ആശങ്കകൾ ഇപ്പോഴും നിലനിൽക്കുന്നു. ഈ വാഹനങ്ങളുടെ ശബ്ദ മലിനീകരണം, നഗരത്തിരക്കിന് മുകളിൽ ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങൾ, അടിയന്തിര ലാൻഡിംഗ് സൗകര്യങ്ങളുടെ അഭാവം എന്നിവയെല്ലാം പൊതുസമൂഹത്തിൽ ചർച്ചാവിഷയമാണ്. ആദ്യ ഘട്ടത്തിൽ ഇവ വിമാനത്താവളങ്ങളിലേക്കും എയർ ടാക്‌സി സർവീസുകളിലേക്കും പരിമിതപ്പെടുത്താനാണ് സാധ്യത.

About The Author