‘ഇനി ബ്രൗസറിനും എഐയുടെ കരുത്ത്’; ഓപ്പൺഎഐയുടെ ‘ചാറ്റ്‌ജിപിടി അറ്റ്‌ലസ്’ അവതരിപ്പിച്ചു, ക്രോമിന് ഭീഷണിയാകുമോ?

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) രംഗത്തെ അതികായന്മാരായ ഓപ്പൺഎഐ, തങ്ങളുടെ പുതിയ എഐ-പവേർഡ് വെബ് ബ്രൗസറായ ‘ചാറ്റ്‌ജിപിടി അറ്റ്‌ലസ്’ (ChatGPT Atlas) പുറത്തിറക്കി. Google Chrome, Safari, Edge തുടങ്ങിയ ബ്രൗസറുകൾ പോലെ തന്നെ ഇത് സേർച്ചിങ്ങിന് ഉപയോഗിക്കാം. പക്ഷേ പ്രധാന വ്യത്യാസം — ഇതിൽ എഐ (AI) നേരിട്ട് ഉൾപ്പെടുത്തിയിരിക്കുന്നു എന്നതാണ്

ബ്രൗസിംഗ് അനുഭവത്തെ പൂർണ്ണമായും മാറ്റിയെഴുതാൻ ലക്ഷ്യമിട്ടാണ് ഓപ്പൺഎഐ ഈ നീക്കം നടത്തിയിരിക്കുന്നത്. വെബ് സെർച്ച്, ഉൽപ്പാദനക്ഷമത, എഐ സഹായം എന്നിവയെല്ലാം ഒറ്റ പ്ലാറ്റ്‌ഫോമിലേക്ക് സമന്വയിപ്പിച്ചുകൊണ്ട്, ഗൂഗിളിന്‍റെ ക്രോം പോലുള്ള ജനപ്രിയ ബ്രൗസറുകൾക്ക് കടുത്ത വെല്ലുവിളിയുയർത്തുകയാണ് അറ്റ്‌ലസ്.

പ്രധാന സവിശേഷതകൾ

 * എഐ സഹായം എവിടെയും: ബ്രൗസറിന്‍റെ പ്രധാന പ്രത്യേകത, എഐ അസിസ്റ്റന്‍റായ ചാറ്റ്‌ജിപിടി എല്ലാ വെബ് പേജുകളിലും ഉപയോക്താവിനൊപ്പം ഉണ്ടാകും എന്നതാണ്. വെബ് പേജുകൾ വായിക്കുമ്പോൾ തന്നെ ഉപയോക്താവിന് “ഈ ലേഖനം ചുരുക്കി പറയൂ”, “ഇതിന്‍റെ അർത്ഥം എന്ത്?” തുടങ്ങിയ ചോദ്യങ്ങൾ ചോദിക്കാം ദീർഘനേരം ഒരുപാടു സൈറ്റുകൾ കയറി ഇറങ്ങാതെ തന്നെ അവയിലെ ഉള്ളടക്കം അറിയാൻ സാധിക്കും.

 * ഏജന്‍റ് മോഡ് (Agent Mode): ഈ പ്രീമിയം ഫീച്ചറാണ് അറ്റ്‌ലസിന്‍റെ ഏറ്റവും ആകർഷകമായ പ്രത്യേകത. ഇത് ChatGPT-ക്ക് ഉപയോക്താവിനുവേണ്ടി പ്രവർത്തിക്കാൻ അധികാരം നൽകുന്നു. ഉദാഹരണത്തിന്, ഒരു യാത്ര പ്ലാൻ ചെയ്യുക, പല വെബ്സൈറ്റുകളിൽ നിന്നായി ഷോപ്പിംഗ് നടത്തുക, അല്ലെങ്കിൽ ഓൺലൈൻ ഫോമുകൾ പൂരിപ്പിക്കുക തുടങ്ങിയ സങ്കീർണ്ണമായ ജോലികൾ ‘ഏജന്‍റ്’ സ്വന്തമായി പൂർത്തിയാക്കും. (ഈ മോഡ് നിലവിൽ ChatGPT Plus, Pro ഉപയോക്താക്കൾക്ക് മാത്രമാണ് ലഭ്യം).

 * ബ്രൗസർ മെമ്മറി: ചാറ്റ്‌ജിപിടി നിങ്ങളുടെ മുൻ ബ്രൗസിംഗ് വിവരങ്ങളും സംഭാഷണങ്ങളും ഓർമ്മിക്കും. ഇതുവഴി, “കഴിഞ്ഞ ആഴ്ച ഞാൻ കണ്ട ജോബ് പോസ്റ്റിംഗുകൾ സംഗ്രഹിച്ച് തരൂ” എന്നതുപോലുള്ള ചോദ്യങ്ങൾക്ക് വളരെ കൃത്യമായ മറുപടി നൽകാൻ സാധിക്കും.

 * ഇൻലൈൻ എഡിറ്റിംഗ്: ജിമെയിൽ പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ ഒരു ടെക്‌സ്റ്റ് ഹൈലൈറ്റ് ചെയ്യുമ്പോൾ തന്നെ ചാറ്റ്‌ജിപിടി ലോഗോ പ്രത്യക്ഷപ്പെടുകയും, എഡിറ്റിംഗിനോ ഭാഷ മെച്ചപ്പെടുത്തുന്നതിനോ ഉള്ള സഹായം നൽകുകയും ചെയ്യും. ഒരു ഇ-മെയില്‍ എഴുതുമ്പോള്‍ ടൈപ്പിംഗ് മെച്ചപ്പെടുത്തണം എന്നു തോന്നുമ്പോള്‍ ചാറ്റ്ജിപിടിയോട്  “ഈ വരികള്‍ കൂടുതല്‍ പ്രൊഫഷണലായി മാറ്റാമോ?” എന്നും പറയാം. നിലവിൽ ആഗോളതലത്തിൽ മാക്ഓഎസ് (macOS) ഉപയോക്താക്കൾക്കാണ് ഇത് ലഭ്യമായിട്ടുള്ളത്. ഉടൻ തന്നെ വിൻഡോസ്, iOS, ആൻഡ്രോയിഡ് പതിപ്പുകളും എത്തുമെന്ന് കമ്പനി അറിയിച്ചു.

 അറ്റ്‌ലസിന്‍റെ വരവ് സാങ്കേതിക ലോകത്ത് ‘ബ്രൗസർ യുദ്ധം’ കൂടുതൽ ശക്തമാക്കുമെന്നാണ് വിലയിരുത്തൽ.

About The Author