യുപിഐ പുതിയ യുഗത്തിലേക്ക്: AI, IoT സാധ്യതകൾ പ്രയോജനപ്പെടുത്തി RBI-യും NPCI-യും

ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്‍റ് മേഖലയിൽ വിപ്ലവം സൃഷ്ടിച്ച യുണിഫൈഡ് പേയ്‌മെന്‍റ്സ് ഇന്‍റർഫേസ് (UPI) അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും (RBI) നാഷണൽ പേയ്‌മെന്‍റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (NPCI) ചേർന്ന് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI), ഇന്‍റർനെറ്റ് ഓഫ് തിങ്‌സ് (IoT) സാങ്കേതികവിദ്യകൾ സംയോജിപ്പിച്ചുകൊണ്ട് നാല് സുപ്രധാന ഫീച്ചറുകൾ പ്രഖ്യാപിച്ചു. ഇതുവഴി UPI ഇടപാടുകൾ ഇനി കൂടുതൽ സുരക്ഷിതവും, വേഗതയേറിയതും, ഉപയോക്തൃ സൗഹൃദവുമാകും.

  1. AI-യുപിഐ ഹെൽപ്: നിങ്ങളുടെ പേയ്‌മെന്‍റ് ചോദ്യങ്ങൾക്ക് ഇനി AI മറുപടി നൽകും

യുപിഐ ഇടപാടുകളിലെ സംശയങ്ങൾക്കും പരാതികൾക്കും ഉടനടി പരിഹാരം നൽകാൻ AI-യുടെ സഹായം എത്തുന്നു. NPCI വികസിപ്പിച്ച സ്മോൾ ലാംഗ്വേജ് മോഡലിന്‍റെ (SLM) കരുത്തിൽ പ്രവർത്തിക്കുന്ന ഒരു ബുദ്ധിമാനായ സപ്പോർട്ട് സിസ്റ്റമാണ് ‘യുപിഐ ഹെൽപ്’. ഇതുവഴി നിങ്ങളുടെ ട്രാൻസാക്ഷൻ സ്റ്റാറ്റസ് ഒറ്റ ക്ലിക്കിൽ അറിയാം. കൂടാതെ പരാതികൾ എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാനും ട്രാക്ക് ചെയ്യാനും സഹായിക്കും. പേയ്‌മെന്‍റ് മാൻഡേറ്റുകൾ (ഓട്ടോ പേ) കാര്യക്ഷമമായി കൈകാര്യം ചെയ്യാനും ഇതുവഴി സാധിക്കും. നിലവിൽ ഇംഗ്ലീഷിലുള്ള സേവനം ഉടൻ തന്നെ മറ്റ് പ്രധാന ഇന്ത്യൻ ഭാഷകളിലേക്ക് കൂടി വ്യാപിപ്പിക്കും.

  1. IoT പേയ്‌മെന്‍റ്സ്: കാറും വാച്ചും ഇനി പേ ചെയ്യും

സ്‌മാർട്ട്‌ഫോണിൽ മാത്രം ഒതുങ്ങിയിരുന്ന യുപിഐ പേയ്‌മെന്‍റ് ഇനി നിങ്ങളുടെ ദൈനംദിന ഉപയോഗ ഉപകരണങ്ങളിലേക്കും എത്തുന്നു. നിങ്ങളുടെ കാർ, സ്മാർട്ട് വാച്ച്, സ്മാർട്ട് ടിവി തുടങ്ങിയ ഇന്‍റർനെറ്റ് ഓഫ് തിങ്‌സ് (IoT) ഡിവൈസുകൾക്ക് ഇനി നേരിട്ട് യുപിഐ പേയ്‌മെന്‍റുകൾ നടത്താൻ കഴിയും. ഉദാഹരണമായി കാറിന് ഇന്ധനം നിറയ്ക്കുമ്പോഴോ, ഇലക്ട്രിക് വാഹനം ചാർജ് ചെയ്യുമ്പോഴോ ഓട്ടോമാറ്റിക്കായി പേയ്‌മെന്‍റ് നടത്തുന്നതിന് ഉപയോക്താവിന് അംഗീകാരം നൽകാം. ശബ്ദ കമാൻഡുകൾ വഴിയും പേയ്‌മെന്‍റ് സാധ്യമാകും. പേയ്‌മെന്‍റുകൾ കൂടുതൽ വേഗത്തിലും തടസ്സമില്ലാതെയും നടത്താൻ ഇതുസഹായിക്കും.

  1. ബാങ്കിംഗ് കണക്റ്റ്: നെറ്റ് ബാങ്കിംഗ് ഇനി എളുപ്പം

വ്യത്യസ്ത ബാങ്കുകളുടെ നെറ്റ് ബാങ്കിംഗ് സംവിധാനങ്ങളെ ഏകീകരിക്കുന്ന ഒരു പൊതു പ്ലാറ്റ്‌ഫോമാണ് ബാങ്കിംഗ് കണക്റ്റ്. NPCI ഭാരത് ബിൽപേ ലിമിറ്റഡ് (NBBL) അവതരിപ്പിച്ച ഈ സംരംഭം വഴി വ്യാപാരികൾക്ക് ഓരോ ബാങ്കുകൾക്കുമായി വെവ്വേറെ ആപ്പുകൾ ഉപയോഗിക്കേണ്ടി വരുന്നത് ഒഴിവാക്കാം. ഉപഭോക്താക്കൾക്ക് ഏത് ബാങ്കിലാണോ അക്കൗണ്ട്, ആ ബാങ്കിന്‍റെ ആപ്പ് ഉപയോഗിച്ച് എല്ലാ ഓൺലൈൻ ഇടപാടുകളും ലളിതമായി നടത്താം. മൊബൈൽ സൗഹൃദമായ ക്യൂആർ (QR) കോഡുകളും ഇന്‍റര്‍നെറ്റ് അധിഷ്ഠിത പേയ്‌മെന്‍റുകളും ഈ സംവിധാനം നൽകുന്നു. സെറ്റിൽമെന്‍റ്, തർക്കപരിഹാരം എന്നിവയ്ക്കുള്ള നടപടിക്രമങ്ങൾ ഏകീകരിച്ച് നെറ്റ് ബാങ്കിംഗ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കും.

  1. യുപിഐ റിസർവ് പേ: ക്രെഡിറ്റ് ലൈൻ ഇനി യുപിഐയിൽ

ഓൺലൈൻ ഷോപ്പിംഗുകൾക്കും ആവർത്തന പേയ്‌മെന്‍റുകൾക്കുമായി നിങ്ങളുടെ ക്രെഡിറ്റ് സൗകര്യങ്ങൾ മുൻകൂട്ടി നിയന്ത്രിക്കാൻ യുപിഐ റിസർവ് പേ അവതരിപ്പിച്ചു നിങ്ങളുടെ ക്രെഡിറ്റ് കാർഡിന്‍റെയോ അല്ലെങ്കിൽ ബാങ്ക് അനുവദിച്ച ക്രെഡിറ്റ് ലൈനിന്‍റെയോ ഒരു നിശ്ചിത ഭാഗം, നിങ്ങൾക്കിഷ്ടപ്പെട്ട വ്യാപാരികൾക്കായി (ഉദാഹരണത്തിന്, ഫുഡ് ഡെലിവറി ആപ്പുകൾ, ഇ-കൊമേഴ്‌സ് സൈറ്റുകൾ) ബ്ലോക്ക് ചെയ്തു (Block) വെക്കാൻ ഈ ഫീച്ചർ വഴി സാധിക്കും. ഇത് ആവർത്തിച്ചുള്ള പേയ്‌മെന്‍റുകൾ കൂടുതൽ സുഗമമാക്കുകയും, ഓരോ തവണയും ക്രെഡിറ്റ് കാർഡ് വിവരങ്ങൾ നൽകേണ്ട ബുദ്ധിമുട്ട് ഒഴിവാക്കുകയും ചെയ്യും. ഈ സംവിധാനം വഴി ബ്ലോക്ക് ചെയ്തതും ചെലവഴിച്ചതുമായ ക്രെഡിറ്റ് തുകയുടെ കൃത്യമായ വിവരങ്ങൾ ഉപയോക്താവിന് യുപിഐ ആപ്പിൽ ലഭിക്കും.

ഈ പുതിയ ചുവടുവെപ്പുകളിലൂടെ, ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ പേയ്‌മെന്‍റ് സംവിധാനങ്ങളിലൊന്നായ യുപിഐ, സുരക്ഷിതത്വത്തിന്‍റെയും സൗകര്യത്തിന്‍റെയും കാര്യത്തിൽ ആഗോള തലത്തിൽ തന്നെ മാതൃകയാവുകയാണ്.

About The Author