ഇന്ത്യയിലെ എഐ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മുന്നേറ്റവുമായി റിലയന്‍സ് ജിയോ. ജിയോ പിസിയുടെ സാങ്കേതിക പിന്തുണയോടെ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട് രൂപകല്‍പന ചെയ്ത സൗജന്യ നിര്‍മിതബുദ്ധി (AI) ക്ലാസ്റൂം ജിയോ അവതരിപ്പിച്ചു. 2025 ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്‍റെ ഉദ്ഘാടനദിവസത്തിലാണ് പ്രഖ്യാപനം നടത്തിയത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്‍റെ അടിസ്ഥാനങ്ങൾ ഉൾക്കൊള്ളുന്ന ഫൗണ്ടേഷൻ കോഴ്സ് ഈ രംഗത്തെ തുടക്കക്കാർക്ക് വേണ്ടിയുള്ളതാണെന്ന് ജിയോ വ്യക്തമാക്കുന്നു. ഓരോരുത്തരെയും AI ഉപയോഗിക്കാൻ പ്രാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. എഐ സാക്ഷരത ജനാധിപത്യവത്കരിക്കുന്നതിനുള്ള പ്രധാന ചുവടുവെപ്പായാണ് ജിയോ ഇതിനെ വിശേഷിപ്പിക്കുന്നത്.
പഠനത്തിനെയും തൊഴിലിനേയും സൃഷ്ടിപരമായ പ്രവർത്തനങ്ങളെയും സമൂലമായി മാറ്റിമറിക്കുന്ന എഐയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ ആവശ്യമായ അറിവും വൈദഗ്ധ്യവും നൽകുക എന്നതാണ് ജിയോ ക്ലാസ്റൂമിന്‍റെ ശ്രമം.
ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടും ജിയോ പിസിയും ചേർന്ന് ഒരുക്കുന്ന ഈ സർട്ടിഫൈഡ് സൗജന്യ എഐ ഫൗണ്ടേഷൻ കോഴ്സ് പിസി, ലാപ്ടോപ്പ്, ഡെസ്‌ക്ടോപ്പ്, ടിവി തുടങ്ങിയ ഉപകരണങ്ങളിലൂടെ എളുപ്പത്തിൽ ആക്സസ് ചെയ്യാം. എല്ലാ വീടുകളിലും എഐ പഠനം എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
“ഓരോ വ്യക്തിയെയും ശാക്തീകരിക്കുകയാണ് യഥാർത്ഥ ടെക്നോളജിയുടെ ലക്ഷ്യം. ജിയോ പിസിയുടെ പിന്തുണയോടെ എഐ ക്ലാസ്റൂം അവതരിപ്പിച്ചതിലൂടെ ഇന്ത്യയിലെ വിദ്യാർത്ഥികളെ എഐ അധിഷ്ഠിത ഭാവിക്കായി തയാറാക്കുകയാണ് ഞങ്ങൾ,” എന്ന് ജിയോ വക്താവ് പറഞ്ഞു.
നിലവിലെ ജിയോ പിസി ഉപയോക്താക്കൾക്ക് എഐ ക്ലാസ്റൂമിനൊപ്പം അത്യാധുനിക എഐ ടൂളുകളും ലഭ്യമാകും. ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിൽ നിന്ന് സർട്ടിഫിക്കറ്റും ലഭിക്കും. മറ്റുള്ളവർക്ക് കംപ്ലീഷൻ ബാഡ്ജാണ് ലഭിക്കുക. ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട് റിലയന്‍സ് ഗ്രൂപ്പിന്‍റെ സാമൂഹിക പ്രതിബദ്ധത സംരംഭമായാണ് ഇത് പ്രവർത്തിക്കുന്നത്.
