റോബോട്ടുകൾക്ക് മനുഷ്യരെപ്പോലെ ചിന്തിക്കാനും സ്വയം തീരുമാനങ്ങൾ എടുക്കാനും കെല്പുള്ള ‘ജെമിനി റോബോട്ടിക്സ്-ഇആർ 1.6’ (Gemini Robotics-ER 1.6) എന്ന പുതിയ എഐ സിസ്റ്റം ഗൂഗിൾ അവതരിപ്പിച്ചു. വെറും യന്ത്രങ്ങൾ എന്ന നിലയിൽ നിന്ന് സങ്കീർണ്ണമായ സാഹചര്യങ്ങളിൽ വിവേകത്തോടെ പ്രവർത്തിക്കുന്ന സഹായികളായി റോബോട്ടുകളെ മാറ്റുകയാണ് ഈ അത്യാധുനിക സാങ്കേതികവിദ്യയുടെ ലക്ഷ്യം.
ചുറ്റുമുള്ള കാഴ്ചകളെ വെറും ചിത്രങ്ങളായല്ല, മറിച്ച് കൃത്യമായ സ്പേഷ്യൽ ബോധത്തോടെ (Spatial Awareness) മനസ്സിലാക്കാൻ ഇനി റോബോട്ടുകൾക്ക് സാധിക്കുമെന്നതാണ് ഈ അപ്ഡേറ്റിന്റെ പ്രധാന പ്രത്യേകത. ഒന്നിലധികം ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ ഒരേസമയം വിശകലനം ചെയ്ത് പരിസരത്തിന്റെ പൂർണ്ണരൂപം മനസ്സിലാക്കാൻ ഇവയ്ക്ക് കഴിയും. ആവർത്തന സ്വഭാവമുള്ള ജോലികൾക്ക് പകരം, സാഹചര്യത്തിനനുസരിച്ച് യുക്തിപൂർവ്വം പ്രവർത്തിക്കാൻ ജെമിനി റോബോട്ടുകളെ സഹായിക്കുന്നു. ഉദാഹരണത്തിന്, ഒരു വർക്ക്ഷോപ്പിലെ അനാവശ്യ വസ്തുക്കൾക്കിടയിൽ നിന്ന് ആവശ്യമുള്ള ഉപകരണം കൃത്യമായി തിരഞ്ഞെടുക്കാനും ജോലി പൂർത്തിയായി എന്ന് ഉറപ്പുവരുത്താനും ഇവയ്ക്ക് സാധിക്കും.
കൂടാതെ, അനലോഗ് മീറ്ററുകൾ വായിക്കാനും ലേബലുകൾ നോക്കി വസ്തുക്കൾ തിരിച്ചറിയാനുമുള്ള ശേഷിയും പുതിയ സിസ്റ്റം റോബോട്ടുകൾക്ക് നൽകുന്നു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി നിശ്ചിത ഭാരത്തിൽ കൂടുതൽ ഉയർത്താതിരിക്കുക, ദ്രാവകങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പ്രത്യേക ശ്രദ്ധ പുലർത്തുക തുടങ്ങിയ ശാരീരിക നിയന്ത്രണങ്ങൾ (Physical constraints) സ്വയം തിരിച്ചറിയാനുള്ള കഴിവും ഇതിന്റെ ഭാഗമാണ്.
ഗൂഗിൾ റോബോട്ടുകളുടെ ബുദ്ധിശക്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ചൈനീസ് കമ്പനിയായ യൂണിട്രീ റോബോട്ടിക്സ് വേഗതയിൽ ലോക റെക്കോർഡ് സ്ഥാപിച്ച വാർത്തയും പുറത്തുവരുന്നുണ്ട്. ഇവരുടെ എച്ച്1 (H1) ഹ്യൂമനോയിഡ് റോബോട്ട് സെക്കൻഡിൽ 10 മീറ്റർ വേഗതയിൽ ഓടിയാണ് വിസ്മയം തീർത്തത്. വരും കാലങ്ങളിൽ വ്യവസായ ശാലകളിലും വീടുകളിലും മനുഷ്യരെപ്പോലെ സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്ന റോബോട്ടുകളുടെ വരവിനാണ് ഈ കണ്ടുപിടുത്തങ്ങൾ വഴിതെളിക്കുന്നത്.
