ഗൂഗിൾ ഡോക്സ് ഇനി കേട്ടു പഠിക്കാം; പുതിയ എഐ ഫീച്ചർ

google docs

ഗൂഗിൾ ഡോക്സിലെ ദൈർഘ്യമേറിയ രേഖകൾ ഇനിമുതൽ ഉപയോക്താക്കൾക്ക് ലളിതമായ ഓഡിയോ സംഗ്രഹങ്ങളായി കേൾക്കാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയായ ‘ജെമിനി’യുടെ കരുത്തിലാണ് ഗൂഗിൾ ഈ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. മീറ്റിംഗ് മിനിറ്റ്‌സുകൾ, ബിസിനസ് റിപ്പോർട്ടുകൾ, ഉൽപ്പന്നങ്ങളുടെ മാനുവലുകൾ എന്നിവ വായിച്ചു തീർക്കാൻ സമയമില്ലാത്തവർക്ക് അവ ഒരു പോഡ്‌കാസ്റ്റ് പോലെ യാത്രയ്ക്കിടയിലോ മറ്റ് ജോലികൾക്കിടയിലോ കേട്ടു മനസ്സിലാക്കാൻ ഇതിലൂടെ സാധിക്കും.


ഗൂഗിൾ ഡോക്സിന്റെ വെബ് പതിപ്പിൽ ‘Tools’ മെനുവിനുള്ളിലെ ‘Audio’ എന്ന ഓപ്ഷനിൽ ഈ സേവനം ലഭ്യമാണ്. ജെമിനി എഐ ഡോക്യുമെന്റിലെ പ്രധാന വിവരങ്ങൾ വേഗത്തിൽ വിശകലനം ചെയ്യുകയും ഏതാനും മിനിറ്റുകൾ മാത്രം ദൈർഘ്യമുള്ള സ്വാഭാവികമായ ശബ്ദത്തിലുള്ള സംഗ്രഹം തയ്യാറാക്കുകയും ചെയ്യും. ഇതിനുപുറമെ, രേഖകൾ പൂർണ്ണരൂപത്തിൽ കേൾക്കണമെന്നുള്ളവർക്ക് ‘Listen to this tab’ എന്ന ഓപ്ഷനും ഗൂഗിൾ നൽകുന്നുണ്ട്.


ഉപയോക്താക്കൾക്ക് ഓഡിയോയുടെ വേഗത നിയന്ത്രിക്കാനും ഇഷ്ടപ്പെട്ട ശബ്ദശൈലികൾ തിരഞ്ഞെടുക്കാനും സാധിക്കുമെന്നത് ഈ ഫീച്ചറിന്റെ പ്രത്യേകതയാണ്. നിലവിൽ ഗൂഗിൾ വർക്ക്‌സ്‌പേസ് ബിസിനസ് (സ്റ്റാൻഡേർഡ്, പ്ലസ്), എന്റർപ്രൈസ് പ്ലാനുകൾ ഉള്ളവർക്കും പ്രത്യേക എഐ അഡ്-ഓണുകൾ ഉപയോഗിക്കുന്ന പെയ്ഡ് വരിക്കാർക്കും മാത്രമാണ് ഈ സേവനം ലഭ്യമാകുക.
മൾട്ടിടാസ്കിംഗ് ഇഷ്ടപ്പെടുന്നവർക്കും കാഴ്ചാപരിമിതിയുള്ളവർക്കും ഈ ഫീച്ചർ ഏറെ ഗുണകരമാകുമെങ്കിലും, വലിയ രേഖകൾ സംഗ്രഹിക്കുമ്പോൾ പ്രധാനപ്പെട്ട ചില സൂക്ഷ്മവിവരങ്ങൾ വിട്ടുപോകാൻ സാധ്യതയുള്ളതിനാൽ ഉപയോക്താക്കൾ ശ്രദ്ധിക്കണമെന്നും ഗൂഗിൾ ഓർമ്മിപ്പിക്കുന്നു.

About The Author