വാലന്റൈൻ ദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ഓൺലൈൻ ഡേറ്റിംഗ് പ്ലാറ്റ്ഫോമുകളിലും സോഷ്യൽ മീഡിയയിലും സജീവമാകുന്നവർക്ക് കടുത്ത ജാഗ്രതാനിർദ്ദേശവുമായി സൈബർ സുരക്ഷാ ഏജൻസികൾ. പ്രണയം നടിച്ച് പണം തട്ടുന്ന ‘റൊമാൻസ് സ്കാം’ സംഘങ്ങൾ ഇത്തവണ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ആയുധമാക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുൻകാലങ്ങളിലെ ലളിതമായ വ്യാജ പ്രൊഫൈലുകളിൽ നിന്ന് മാറി, ഇരകളുടെ വികാരങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന അതീവ സങ്കീർണ്ണമായ എഐ ചാറ്റ്ബോട്ടുകളെയാണ് തട്ടിപ്പുകാർ ഇപ്പോൾ ഉപയോഗിക്കുന്നത്.
അമേരിക്കൻ ഫെഡറൽ ട്രേഡ് കമ്മീഷന്റെ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം മാത്രം റൊമാൻസ് സ്കാമുകളിലൂടെ ഏകദേശം 114 കോടി ഡോളറിലധികം തുക ജനങ്ങൾക്ക് നഷ്ടമായിട്ടുണ്ട്. എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരേസമയം നൂറുകണക്കിന് ആളുകളുമായി ആഴത്തിലുള്ള വൈകാരിക ബന്ധം സ്ഥാപിക്കാൻ തട്ടിപ്പുകാർക്ക് സാധിക്കുന്നു. ശബ്ദം അനുകരിക്കുന്ന വോയ്സ് ക്ലോണിംഗ്, വീഡിയോ കോളുകളിൽ മുഖം മാറ്റം വരുത്തുന്ന ഡീപ് ഫേക്ക് എന്നിവ വഴി ഇരകളെ വിശ്വസിപ്പിക്കുന്നത് ഇന്ന് എളുപ്പമായി മാറിയിരിക്കുകയാണ്.
പരിചയപ്പെട്ട് ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ അമിതമായ വൈകാരിക അടുപ്പം പ്രകടിപ്പിക്കുകയും പിന്നീട് ചികിത്സക്കോ ബിസിനസ്സ് ആവശ്യങ്ങൾക്കോ എന്ന പേരിൽ പണമോ ക്രിപ്റ്റോ കറൻസിയോ ആവശ്യപ്പെടുന്നതാണ് ഇവരുടെ രീതി. വീഡിയോ കോളുകൾ ചെയ്യുമ്പോൾ മുഖചലനങ്ങളിലെ അസ്വാഭാവികത ശ്രദ്ധിക്കണമെന്നും നേരിട്ട് കണ്ടിട്ടില്ലാത്തവർക്ക് പണം കൈമാറരുതെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സംശയാസ്പദമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ സൈബർ സെല്ലിൽ വിവരമറിയിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
