ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് രംഗത്തെ വിപ്ലവമായ ചാറ്റ് ജിപിടിയിൽ ഇനി മുതൽ പരസ്യങ്ങളും പ്രത്യക്ഷപ്പെട്ടു തുടങ്ങും. നിലവിൽ പൂർണ്ണമായും പരസ്യരഹിതമായിരുന്ന ഈ സേവനത്തിൽ വരുമാനം വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ പരീക്ഷണമെന്ന് ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. സൗജന്യമായി സേവനം ഉപയോഗിക്കുന്നവർക്കും പ്രതിമാസം 8 ഡോളർ നിരക്കുള്ള ‘ഗോ’ പ്ലാൻ വരിക്കാർക്കുമാണ് ആദ്യഘട്ടത്തിൽ പരസ്യങ്ങൾ കണ്ടുതുടങ്ങുക. വർദ്ധിച്ചുവരുന്ന അടിസ്ഥാന സൗകര്യ ചെലവുകൾ കൈകാര്യം ചെയ്യുന്നതിനും കൂടുതൽ ആളുകളിലേക്ക് എഐ സേവനം എത്തിക്കുന്നതിനുമാണ് ഈ തീരുമാനമെന്ന് കമ്പനി വ്യക്തമാക്കുന്നു.
അമേരിക്കയിലെ മുതിർന്ന ഉപയോക്താക്കളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഈ മാറ്റം ആദ്യം നടപ്പിലാക്കുന്നത്. എന്നാൽ പണം നൽകി ഉപയോഗിക്കുന്ന പ്ലസ്, ബിസിനസ് വരിക്കാരെ ഈ മാറ്റം നിലവിൽ ബാധിക്കില്ല. പരസ്യങ്ങൾ വരുന്നത് ചാറ്റ് ജിപിടി നൽകുന്ന വിവരങ്ങളെ ബാധിക്കില്ലെന്ന് കമ്പനി പ്രത്യേകം ഉറപ്പുനൽകുന്നുണ്ട്. അതായത്, പരസ്യദാതാക്കൾ പണം നൽകുന്നത് വഴി, നമ്മൾ ചോദിക്കുന്ന ചോദ്യത്തിന്‍റെ മറുപടികളിലോ ശുപാർശകളിലോ മാറ്റം വരുത്താൻ അവർ ഉദ്ദേശിക്കുന്നില്ല. എഐ നൽകുന്ന മറുപടികളിൽ നിന്ന് മാറി പ്രത്യേകമായി അടയാളപ്പെടുത്തിയായിരിക്കും പരസ്യങ്ങൾ പ്രദർശിപ്പിക്കുക.
ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്ന കാര്യത്തിലും കമ്പനി വിട്ടുവീഴ്ച ചെയ്യില്ലെന്ന് അറിയിച്ചു. ഉപയോക്താക്കൾ നടത്തുന്ന സ്വകാര്യ സംഭാഷണങ്ങൾ പരസ്യദാതാക്കൾക്ക് ലഭ്യമാകില്ലെന്ന് മാത്രമല്ല, ഇത്തരം വിവരങ്ങൾ പരസ്യങ്ങൾ ടാർഗെറ്റ് ചെയ്യാൻ ഉപയോഗിക്കില്ലെന്നും സാം ആൾട്ട്മാൻ പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കാണുന്ന ഉപകാരപ്രദമായ പരസ്യങ്ങൾക്ക് സമാനമായ രീതിയിൽ, ഉപഭോക്താക്കളെ ശല്യപ്പെടുത്താത്ത വിധത്തിലായിരിക്കും ഇവ ക്രമീകരിക്കുക. വരും ആഴ്ചകളിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങുന്ന ഈ പദ്ധതി ഉപഭോക്താക്കളുടെ പ്രതികരണം കൂടി പരിഗണിച്ചായിരിക്കും ആഗോളതലത്തിൽ വ്യാപിപ്പിക്കുന്നത്.
